ഉത്തർപ്രദേശിൽ പോസ്റ്റർ വിവാദം ചൂടുപിടിക്കുന്നു; പ്രിയങ്ക ​ഗാന്ധിയെ 'അസുരനാക്കി' പോസ്റ്റർ

By Web TeamFirst Published Feb 5, 2019, 5:50 PM IST
Highlights

പുരാണത്തിൽ ദുർ​ഗാദേവി മർദ്ദിച്ച് കൊലപ്പെടുത്തുന്ന കഥാപാത്രമാണ് മഹിഷാസുരൻ. ബിജെപി പ്രാദേശിക നേതാവായ മറ്റൊരു പ്രിയങ്കയെയാണ് പോസ്റ്ററുകളിൽ ദുർ​ഗാ ​ദേവിയായി ചിത്രീകരിച്ചിരിക്കുന്നത്. ദുർ​ഗാ ​ദേവിയുടെ തലയുടെ സ്ഥാനത്ത് ​പ്രിയങ്കയുടെ തല പതിപ്പിച്ചാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. 

ലക്നൗ: പ്രിയങ്ക ​ഗാന്ധിയെ മഹിഷാസുരയായി ചിത്രീകരിച്ച് ബിജെപിയുടെ പോസ്റ്റർ. കിഴക്കൻ ഉത്തർപ്രദേശിന്‍റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയായ പ്രിയങ്ക ഗാന്ധി ചുമതലയേറ്റതിന് പിന്നാലെയാണ് പുതിയ പോസ്റ്റർ പുറത്തുവന്നിരിക്കുന്നത്. ഉത്തർപ്രദേശിലെ ബറാബങ്കി ന​ഗരത്തിലാണ് പോസ്റ്റർ പതിച്ചിരിക്കുന്നത്.  

പുരാണത്തിൽ ദുർ​ഗാദേവി മർദ്ദിച്ച് കൊലപ്പെടുത്തുന്ന കഥാപാത്രമാണ് മഹിഷാസുരൻ. ബിജെപി പ്രാദേശിക നേതാവായ മറ്റൊരു പ്രിയങ്കയെയാണ് പോസ്റ്ററുകളിൽ ദുർ​ഗാ ​ദേവിയായി ചിത്രീകരിച്ചിരിക്കുന്നത്. ദുർ​ഗാ ​ദേവിയുടെ തലയുടെ സ്ഥാനത്ത് ​പ്രിയങ്കയുടെ തല പതിപ്പിച്ചാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം ​ഗോരാഖ്പൂരിൽ പ്രിയങ്ക ​ഗാന്ധിയെ ഝാൻസി റാണി ലക്ഷ്മി റാണിയായി കോൺ​ഗ്രസ് പോസ്റ്ററുകളിൽ ചിത്രീകരിച്ചിരുന്നു.       
  
ഉത്തർ‌പ്രദേശിൽ ഇതിനുമുമ്പും ഇത്തരത്തിൽ പോസ്റ്ററുകൾ ഇറങ്ങിയിട്ടുണ്ട്. അന്ന് രാമനായി രാഹുലും രാവണനായി മോദിയുമാണ് പോസ്റ്ററിൽ ഉണ്ടായിരുന്നത്. സംഭവത്തിൽ വിമർശനവുമായി ബീഹാർ ഭരണകക്ഷിയായ ജെഡിയുവും ബിജെപിയും രം​ഗത്തെത്തിയിരുന്നു.         

അതേസമയം ബീഹാറിൽ പോസ്റ്റർ വിവാദം പുകയുകയാണ്. ബിജെപിയും കോൺ​ഗ്രസും തമ്മിൽ പുരാണത്തിലെ കഥാപാത്രങ്ങളുടെ മുഖത്തിനു പകരം നേതാക്കളുടെ മുഖം മോർഫ് ചെയ്ത് പോസ്റ്റർ ഇറക്കിയിരിക്കുകയാണ്. കോൺ​ഗ്രസ് അധ്യക്ഷൻ രാഹുൽ ​ഗാന്ധിയെ രാമനാക്കി ചിത്രീകരിച്ച് രണ്ട് തവണ പട്നയിൽ തെരഞ്ഞെടുപ്പ് പോസ്റ്റർ പുറത്തിറക്കിയിട്ടുണ്ട്. സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും മന്‍മോഹന്‍ സിംഗും ഉള്‍പ്പടെയുള്ള കോൺ​ഗ്രസിന്റെ ദേശീയ നേതാക്കളും സംസ്ഥാന നേതാക്കളും പോസ്റ്ററിലുണ്ട്.  
 
ഫെബ്രുവരി 4നാണ് ജനറൽ സെക്രട്ടറിയായി പ്രിയങ്ക ​ഗാന്ധി ചുമതലയേറ്റത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമായ വാരാണസിയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ മണ്ഡലമായ ഗോരഖ് പൂരും ഉൾപ്പടെയുള്ള 40 മണ്ഡലങ്ങളടങ്ങിയ കിഴക്കൻ ഉത്തർപ്രദേശിന്‍റെ ചുമതലയാണ് പ്രിയങ്കയ്ക്ക്. ബിജെപിയുടെ ശക്തികേന്ദ്രമായ ഇവിടത്തെ ഹിന്ദുത്വ, സവർണ വോട്ടുകൾ ലക്ഷ്യമിട്ടാണ് കോൺഗ്രസ് മേഖലയിൽ പ്രിയങ്കയെ കളത്തിലിറക്കിയിരിക്കുന്നത്.

മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ മുഖച്ഛായയുള്ള പ്രിയങ്ക ഗ്രാമീണമേഖലയിൽ നിന്ന് വോട്ടുപിടിക്കുമെന്ന പ്രതീക്ഷയും കോൺഗ്രസിനുണ്ട്. കഴിഞ്ഞ മാസം 23നാണ് കോൺഗ്രസ് ജനറൽ സെക്രട്ടറിയായി പ്രിയങ്കയെ കോൺഗ്രസ് നിയമിച്ചത്. 47 വയസ്സുകാരിയായ പ്രിയങ്ക ഏറെക്കാലത്തെ അഭ്യൂഹങ്ങൾക്ക് ശേഷമാണ് സജീവരാഷ്ട്രീയത്തിലെത്തുന്നത്.  

click me!