പ്രിയങ്ക കോണ്‍ഗ്രസിന് ജീവന്‍ നല്‍കി; രാഹുല്‍ പ്രധാനമന്ത്രിയാകണമെന്ന് ഉപേന്ദ്ര ഖുശ്വാഹ

By Web TeamFirst Published Jan 27, 2019, 5:06 PM IST
Highlights

പ്രിയങ്കയുടെ കടന്നുവരവ് കോണ്‍ഗ്രസിന് പുതു ജീവന്‍ നല്‍കിയിരിക്കുകയാണ്. ദീര്‍ഘനാളത്തെ കാത്തിരിപ്പിനൊടുവില്‍ ലഭിച്ച സൗഭാഗ്യമാണത്. പ്രിയങ്കയുടെ വരവോടെ യുവസമൂഹത്തിന്‍റെ പിന്തുണ നേടിയെടുക്കാനാകുമെന്നും ഖുശ്വാഹ പറഞ്ഞു.

റാഞ്ചി: പ്രിയങ്ക ഗാന്ധി സജീവ രാഷ്ട്രീയ പ്രവേശനം കോണ്‍ഗ്രസിന് ജീവന്‍ നല്‍കിയെന്ന് രാഷ്ട്രീയ ലോക് സമത പാർട്ടി നേതാവ് ഉപേന്ദ്ര ഖുശ്വാഹ. എന്നാല്‍, പ്രധാനമന്ത്രി ആകേണ്ടത് രാഹുല്‍ ഗാന്ധിയാണ്. അദ്ദേഹം അതിന് പ്രാപ്തനായി കഴിഞ്ഞുവെന്നും എൻഡിഎയിൽ നിന്നും രാജിവെച്ച് യുപിഎയില്‍ ചേര്‍ന്ന മുന്‍ കേന്ദ്ര മന്ത്രി കൂടിയായ കുശ്വാഹ പറഞ്ഞു. 

'കോണ്‍ഗ്രസിന് അവരുടെ നേതാവിന് തെരഞ്ഞെടുക്കാന്‍ അവകാശമുണ്ട്. എന്നാല്‍, രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി സ്ഥാനത്തേക്ക് വരാനാണ് ആര്‍എല്‍എസ്പി ആഗ്രഹിക്കുന്നത്. സമീപകാലത്തായി രാജ്യത്തെ പ്രശ്നങ്ങളെ ഗൗരവകരമായി തന്നെയാണ് രാഹുൽ കാണുന്നത്. ഈ കാലയളവിനുള്ളിൽ അദ്ദേഹത്തിന് നിരവധി നേട്ടങ്ങളും കോട്ടങ്ങളും ഉണ്ടായിട്ടുണ്ട്. ഇപ്പോള്‍ ലോകമെന്താണെന്ന് അദ്ദേഹം മനസിലാക്കി കഴിഞ്ഞു. യുവത്വത്തിന്റെ ആർജ്ജവമുള്ള രാഹുൽ തന്നെ പ്രധാനമന്ത്രിയായി വരണം'-ഉപേന്ദ്ര പറഞ്ഞു. പ്രിയങ്കയുടെ കടന്നുവരവ് കോണ്‍ഗ്രസിന് പുതു ജീവന്‍ നല്‍കിയിരിക്കുകയാണ്. ദീര്‍ഘനാളത്തെ കാത്തിരിപ്പിനൊടുവില്‍ ലഭിച്ച സൗഭാഗ്യമാണത്. പ്രിയങ്കയുടെ വരവോടെ യുവസമൂഹത്തിന്‍റെ പിന്തുണ നേടിയെടുക്കാനാകുമെന്നും ഖുശ്വാഹ പറഞ്ഞു.

കഴിഞ്ഞ മാസമാണ് കേന്ദ്ര മന്ത്രി സ്ഥാനം രാജിവെച്ച് ഉപേന്ദ്ര ഖുശ്വാഹ എന്‍ഡിഎ വിട്ടത്. ബിജെപി നേതൃത്വം കൊടുക്കുന്ന സഖ്യത്തില്‍ നിന്ന് പുറത്തുവന്ന് ഒരാഴ്ച പിന്നിട്ടപ്പോൾ ഉപേന്ദ്ര യുപിഎയില്‍ ചേര്‍ന്നിരുന്നു. 2019 ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സീറ്റ് വീതം വയ്ക്കലിലെ അതൃപ്തിയുമായാണ് ഖുശ്വാഹ മുന്നണി വിട്ടത്. ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന് എൻഡിഎ നൽകുന്ന പ്രാധാന്യം മുന്നണിയിലെ കക്ഷിയായിട്ട് പോലും ആർഎൽഎസ്‍പിക്ക് കിട്ടാത്തതിൽ കുശ്വാഹയ്ക്ക് കടുത്ത അമർഷമുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് കയ്യിലുള്ള കേന്ദ്ര മന്ത്രി സ്ഥാനം വരെ വലിച്ചെറിഞ്ഞ് ഉപേന്ദ്ര കുശ്വാഹ എന്‍ഡിഎയില്‍നിന്ന് പടിയിറങ്ങിയത്.

click me!