
ദില്ലി: വിഐപികളുടെ ചാര്‍ട്ടേഡ് വിമാനമുപയോഗിച്ച് രാജ്യത്തിന് പുറത്തേക്ക് പണം കടത്തിയെന്ന് ആരോപണം. ആരോപണം ശക്തമായതിന് പിന്നാലെ വിവിധ അന്വേഷണ ഏജന്‍സികളെ കൂട്ടിച്ചേര്‍ത്ത് സംഭവത്തില്‍ അന്വേഷണം തുടങ്ങിയതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വിമാനത്തിനകത്ത് ആവശ്യമായ മാറ്റങ്ങള്‍ വരുത്തിയാണ് വന്‍തോതില്‍ പണം കടത്തിയതെന്നാണ് ആരോപണം.
വ്യാജ രേഖകള്‍ ഉപയോഗിച്ച് വ്യോമയാന മന്ത്രാലയത്തിന്റെ സുരക്ഷാ വിഭാഗത്തില്‍ നിന്ന് പാസ് കരസ്ഥമാക്കിയതിന് മുന്‍മാധ്യമ പ്രവര്‍ത്തകനും വ്യാപാരിയുമായ ഉപേന്ദ്ര റോയിയെ സിബിഐ അറസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറത്തായത്. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും ഉപയോഗിക്കാന്‍ സാധിക്കുന്ന പാസാണ് ഉപേന്ദ്ര റോയി നേടിയത്. എന്നാല്‍ ദുരുപയോഗം ചെയ്യാനുള്ള ഉദ്ദേശത്തോടെയല്ല പാസ് കരസ്ഥമാക്കിയതെന്ന് ഉപേന്ദ്ര റോയി സിബിഐയോട് വിശദമാക്കിയിരുന്നു. ഇതിന് പിന്നാലെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉപേന്ദ്ര റോയിയുടെ സ്വത്തുക്കള്‍ പിടിച്ചെടുത്തിരുന്നു.
ഇതിന് പിന്നാലെ രാജ്യത്തെ സ്വകാര്യ വിമാനങ്ങളുടെ ഉപയോഗത്തിലെ പാളിച്ചകളെക്കുറിച്ച് അന്വേഷണം തുടങ്ങിയത്. വന്‍കിട സ്ഥാപനങ്ങള്‍ പണം കൈകാര്യം ചെയ്യുന്ന രീതികളെക്കുറിച്ചും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിച്ചിരുന്നു. വിഐപികളുടെ ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് സുരക്ഷാ നടപടികള്‍ കുറവായതിനാല്‍ പണം കടത്താന്‍ ഉപയോഗിക്കുന്നെന്നാണ് ആരോപണം. ഇത്തരം സംശയാസ്പദമായ നിരവധി വിമാനങ്ങളില്‍ പരിശോധന നടത്താനും തീരുമാനമായി.
സംഭവത്തെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും നിലവില്‍ ആരോപണം തെളിയിക്കത്തക്ക വിധമുള്ള തെളിവുകള്‍ ലഭിച്ചിട്ടില്ല. നോട്ട് നിരോധനത്തിന് പിന്നാലെ രാജ്യ തലസ്ഥാനത്ത് നിന്നും നോട്ടുമായി ചാര്‍ട്ടേഡ് വിമാനങ്ങള്‍ പോയിട്ടുണ്ടോയെന്നും പരിശോധിക്കുമെന്നും സിബിഐ വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam