
പാറ്റ്ന: ജലന്ധര്‍ മുന്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്തതിന് തൊട്ടുപിന്നാലെ പൊലീസിനും കേരളത്തിലെ മാധ്യമങ്ങൾക്കുമെതിരെ ജലന്ധർ രൂപതക്ക് മുന്നിൽ പ്രകടനം. അതേസമയം, അറസ്റ്റിനെ അനുകൂലിച്ച് അമൃത്സർ, ഗുർദാസ്പൂർ ഉൾപ്പെടെ പഞ്ചാബിന്റെ വിവിധ ഭാഗങ്ങളിൽ ബിഷപ്പിനെ എതിർക്കുന്ന വിഭാഗവും തെരുവിലിറങ്ങി
രാത്രി ഏഴ് മണിയോടെയാണ് ബിഷപ്പിനെ അനുകൂലിക്കുന്ന ഒരു വിഭാഗം പ്രകടനമായി അതിരൂപതാ ആസ്ഥാനത്തെത്തിയത്. ബിഷപ്പിനെ അന്യായമായി അറസ്റ്റ് ചെയ്തു എന്നായിരുന്നു ഇവരുടെ വാദം. കേരളാ പൊലീസനും മാധ്യമങ്ങൾക്കുമെതിരെ ഇവർ മുദാ വാക്യാം മുഴക്കി. അര മണിക്കൂറിന് ശേഷം ഇവരെ പൊലീസ് പിരിച്ചുവിട്ടു.
അതേ സമയം, പഞ്ചാബിലെ പല ഭാഗങ്ങളിലും ബിഷപ്പിന്റെ അറസ്റ്റിനെ അനുകൂലിച്ച് പ്രകടനങ്ങൾ നടന്നു. അമൃത്സറിൽ റോഡിൽ പടക്കം പൊട്ടിച്ചായിരുന്നു ആഘോഷം. ഫ്രാങ്കോ മുളയ്ക്കല്‍ ദേഹാസ്വസ്ഥ്യത്തെ തുടര്‍ന്ന് ഇപ്പോള്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തുടരുകയാണ്. പരിശോധനാ ഫലങ്ങള്‍ പുറത്തുവരുന്നതിന്‍റെ അടിസ്ഥാനത്തിലായിരിക്കും ഫ്രാങ്കോയെ കോടതിയില്‍ ഹാജരാക്കുന്നത് സംബന്ധിച്ച കാര്യങ്ങള്‍ തീരുമാനിക്കുക.
അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം തൃപ്പൂണിത്തുറയില്‍ നിന്ന് കോട്ടയം പൊലീസ് ക്ലബിലെത്തിച്ച് രാത്രിയും ചോദ്യം ചെയ്യാനും പിറ്റേന്ന് പാലാ മജിസ്ട്രേറ്റ് മുന്‍പാകെ ഹാജരാക്കാനുമായിരുന്നു പൊലീസിന്‍റെ പദ്ധതി. എന്നാല്‍, യാത്രയ്ക്കിടെ ബിഷപ്പിന് ആരോഗ്യ പ്രശ്നങ്ങളുണ്ടാകുകയായിരുന്നു. തൃപ്പൂണിത്തുറ ജനറല്‍ ആശുപത്രിയില്‍ വച്ചു നടന്ന പ്രാഥമിക പരിശോധനയ്ക്കിടെ ബിഷപ്പിന് ഇസിജി പരിശോധന നടത്തുകയും ഇതില്‍ വ്യതിയാനങ്ങള്‍ കണ്ടെത്തുകയും ചെയ്തിരുന്നുവെന്ന് പൊലീസുദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു.
അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡിവൈഎസ്പി സുഭാഷിനോട് തനിക്ക് നെഞ്ച് വേദനയുണ്ടെന്നും ഇസിജിയില്‍ വ്യതിയാനമുണ്ടെന്നും ബിഷപ്പ് പറഞ്ഞതായാണ് സൂചന. ഇതോടെ വാഹനവ്യൂഹം കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് തിരിച്ചു വിടാന്‍ ഡിവൈഎസ്പി നിര്‍ദേശിക്കുകയായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam