'ഞങ്ങള്‍ നരഭോജി കടുവകളല്ല'; സംസ്ഥാനങ്ങള്‍ ഞങ്ങളെ പേടിക്കേണ്ടതിലെന്ന് സുപ്രീം കോടതി

By Web TeamFirst Published Sep 21, 2018, 8:43 PM IST
Highlights

ആന്ധ്രാ പ്രദേശില്‍ അനധികൃത ഖനനം നടത്തിയതിന് നടപടി നേരിടുന്ന സ്വകാര്യ കമ്പനിയായ ട്രിമെക്‌സ് ഗ്രൂപ്പിനെതിരേയുള്ള കേസിൽ വാദം കേൾക്കുകയായിരുന്നു കോടതി. കേസ് സംസ്ഥാന സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കാനാണെന്ന് കമ്പനിക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗി ആരോപിച്ചിരുന്നു. 

ദില്ലി: തങ്ങള്‍ നരഭോജി കടുവകളല്ലെന്നും കേസുകള്‍ തീര്‍പ്പാകാത്തതില്‍ സംസ്ഥാനങ്ങള്‍ തങ്ങളെ പേടിക്കേണ്ടതില്ലെന്നും സുപ്രീം കോടതി. ജസ്റ്റിസുമാരായ മദൻ ബി ലോകുർ, ദീപക് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ചാണ് പരാമർശം നടത്തിയത്. 

ആന്ധ്രാ പ്രദേശില്‍ അനധികൃത ഖനനം നടത്തിയതിന് നടപടി നേരിടുന്ന സ്വകാര്യ കമ്പനിയായ ട്രിമെക്‌സ് ഗ്രൂപ്പിനെതിരേയുള്ള കേസിൽ വാദം കേൾക്കുകയായിരുന്നു കോടതി. കേസ് സംസ്ഥാന സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കാനാണെന്ന് കമ്പനിക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗി ആരോപിച്ചിരുന്നു. \

കമ്പനിയുടെ ഖനന പ്രവര്‍ത്തനങ്ങള്‍ തടഞ്ഞുകൊണ്ട് സംസ്ഥാന സര്‍ക്കാർ നേരത്തെ ഉത്തരവ് ഇറക്കിയിരുന്നു. എന്നാല്‍, ഇത് അനധികൃത ഖനനം സംബന്ധിച്ച കേസ് അല്ലെന്നും സുപ്രീം കോടതി ഈ കേസ് പരിഗണിക്കുന്നതിനാലാണ് സംസ്ഥാന സര്‍ക്കാര്‍ നടപടി എടുക്കാന്‍ നിര്‍ബന്ധിതരായതെന്നും റോത്തഗി കോടതിയിൽ വാദിച്ചു. ഇതേത്തുടർന്നാണ് കോടതി പരമാർശം നടത്തിയത്. 

അതേസമയം, കമ്പനിയുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ മാത്രമേ സർക്കാർ ഉത്തരവിട്ടിട്ടുള്ളൂവെന്ന് പരാതിക്കാരനായ റിട്ടയേർഡ്  ഉദ്യോഗസ്ഥൻ ഇഎഎസ് ശർമയ്ക്ക് വേണ്ടി ഹാജരായ അഡ്വക്കേറ്റ് പ്രശാന്ത് ഭൂഷൺ കോടതിയിൽ വ്യക്തമാക്കി. കമ്പനിയുടെ ലൈസൻസ് നിർത്തലാക്കുകയും തക്കതായ നഷ്ട പരിഹാര തുക ഈടാക്കണമെന്നും അദേഹം ചൂണ്ടിക്കാട്ടി.

കൂടുതല്‍ വാദങ്ങള്‍ക്കായി കേസ് സെപ്റ്റംബര്‍ 27ലേക്ക് മാറ്റി. കമ്പനി ആന്ധ്രാ പ്രദേശില്‍ നടത്തുന്ന അനധികൃത ഖനനത്തിനെതിരെ കോടതി മേല്‍നോട്ടത്തിലുള്ള അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള കേസില്‍ സെപ്തംബർ ഒമ്പതിന് കോടതി കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകളുടെയും കമ്പനിയുടെയും മറുപടി തേടിയിരുന്നു.  

click me!