പുൽവാമ ഭീകരാക്രമണത്തിൽ മരണം നാൽപ്പതായി; മരണസംഖ്യ ഉയർന്നേക്കും

By Web TeamFirst Published Feb 14, 2019, 8:44 PM IST
Highlights

പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണ്. മരണസംഖ്യ ഇനിയും ഉയർന്നേക്കും. പരിക്കേറ്റ സൈനികരുടെ ജീവൻ രക്ഷിക്കാനുള്ള ശ്രമങ്ങൾ ഊർജ്ജിതമായി നടക്കുകയാണ്. 

പുൽവാമ: ജമ്മു കശ്മീരിലെ പുൽവാമയിൽ സിആർപിഎഫ് വാഹനവ്യൂഹനത്തിന്  നേരെ തീവ്രവാദികൾ നടത്തിയ ഭീകരാക്രമണത്തിൽ മരണസംഖ്യ നാൽപ്പതായി. നാൽപ്പതിലേറെ ജവാൻമാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരിൽ പലരുടെയും നില  ഗുരുതരമാണ്. മരണസംഖ്യ ഇനിയും ഉയർന്നേക്കും. പരിക്കേറ്റ സൈനികരുടെ ജീവൻ രക്ഷിക്കാനുള്ള ശ്രമങ്ങൾ ഊർജ്ജിതമായി നടക്കുകയാണ്. കര, വായു സേനകളുടെ വിമാനങ്ങളിലും ഹെലികോപ്ടറുകളിലും പരിക്കേറ്റവരെ ദില്ലിയിൽ എത്തിക്കാനുള്ള ശ്രമങ്ങൾ യുദ്ധകാല അടിസ്ഥാനത്തിൽ തുടങ്ങി. ദേശീയ അന്വേഷണ ഏജൻസിയുടെ പ്രത്യേക ഫോറൻസിക് സംഘം സംഭവസ്ഥലത്തേക്ക് തിരിച്ചു. സമീപകാലത്ത് രാജ്യത്തുണ്ടായ ഏറ്റവും കനത്ത ഭീകരാക്രമണം ആണ് പുൽവാമയിൽ നടന്നത്.

അവധി കഴിഞ്ഞ് തിരികെ വരുകയായിരുന്ന വാഹനവ്യൂഹത്തിന് നേരെ ആയിരുന്നു ഭീകരാക്രമണം ഉണ്ടായത്. ജമ്മുവിൽ ഒരുമിച്ച് ചേർന്നതിന് ശേഷം ശ്രീനഗറിലേക്ക് പുറപ്പെട്ട ജവാൻമാരുടെ വാഹനവ്യൂഹം ആണ് ആക്രമിക്കപ്പെട്ടത്. ശ്രീനഗറിൽ നിന്ന് 20 അകലെ ജമ്മു - ശ്രീനഗർ ദേശീയപാതയിലെ അവന്തിപ്പൊരയിലാണ് സംഭവം. വാഹനവ്യൂഹത്തിന് നേരെ ഉഗ്രശേഷിയുള്ള ബോംബ് വച്ച വാഹനം ഓടിച്ചു കയറ്റി സ്ഫോടനം നടത്തുകയായിരുന്നു.

വാഹനവ്യൂഹത്തിന്‍റെ മധ്യഭാഗത്തായി സഞ്ചരിച്ചിരുന്ന ബസിന് നേരെയായിരുന്നു ആക്രമണം. 200 കിലോ ഗ്രാം സ്ഫോടക വസ്തു വാഹനത്തിലുണ്ടായിരുന്നുവെന്നാണ് നിഗമനം. സ്ഫോടനത്തിൽ പൂർണ്ണമായും തകർന്ന HR49 F0637 ബസിലുണ്ടായിരുന്ന 42 സൈനികരുടെ പേരുവിവരങ്ങൾ അടങ്ങിയ പട്ടിക സിആർപിഎഫ് പുറത്തുവിട്ടു. ഇവരിൽ ആരെങ്കിലും ജീവനോടെ ശേഷിച്ചിട്ടുണ്ടോ എന്ന് വ്യക്തമായിട്ടില്ല. ഈ ട്രക്ക് കൂടാതെ നിരവധി വാഹനങ്ങള്‍ സ്ഫോടനത്തിൽ തകര്‍ന്നിട്ടുണ്ട്. പരിക്കേറ്റവരെപ്പറ്റിയും മരിച്ചവരെപ്പറ്റിയുമുള്ള പൂർണ്ണ വിവരങ്ങൾ ലഭ്യമായിട്ടില്ല.

കഴിഞ്ഞ ഏതാനം ദിവസങ്ങളായി ജമ്മു - ശ്രീനഗർ ദേശീയപാത മഞ്ഞുവീഴ്ച കാരണം അടച്ചിട്ടിരിക്കുകയായിരുന്നു. മഞ്ഞ് മാറി പാത ഒരുവിധം യാത്രായോഗ്യമായതിന് ശേഷം ആദ്യമായി പുറപ്പെട്ട സൈനികരുടെ വാഹന വ്യൂഹമാണ് ആക്രമിക്കപ്പെട്ടത്.  2547 സൈനികരാണ് വാഹനവ്യൂഹത്തിൽ ഉണ്ടായിരുന്നത്. കഴിഞ്ഞ രണ്ടുമൂന്ന് ദിവസങ്ങളായി അവധി കഴിഞ്ഞ് തിരിച്ചെത്തിയ സൈനികർ മോശം കാലാവസ്ഥ കാരണം ശ്രീനഗറിലേക്ക് പോകാനാകാതെ ജമ്മുവിൽ തുടരുകയായിരുന്നു. ഇത്രയധികം സൈനികർ കോൺവോയിൽ ഉൾപ്പെട്ടത്  ഇതുകൊണ്ടാണ്. ജമ്മുവിൽ നിന്ന് ശ്രീനഗറിലേക്ക് പുറപ്പെടാറുള്ള വാഹനവ്യൂഹത്തെപ്പറ്റി കൃത്യമായി  മനസിലാക്കി, ആസൂത്രണം ചെയ്ത് നടപ്പാക്കിയ ആക്രമണമാണ് നടന്നതെന്നാണ് സൈന്യത്തിൻറെ വിലയിരുത്തൽ.

ആക്രമണത്തിന്‍റെ ഉത്തരവാദിത്തം തീവ്രവാദ സംഘടനയായ  ജയ്ഷെ മുഹമ്മദ് ഏറ്റെടുത്തിട്ടുണ്ട്. വാർത്താ ഏജൻസിയിലേക്ക് വിളിച്ച് ആക്രമണം നടത്തിയത് തങ്ങളാണെന്ന് ജെയ്ഷെ മുഹമ്മദ് അറിയിക്കുകയായിരുന്നു.ജെയ്ഷെ മുഹമ്മദ് അംഗവും പുൽവാമ സ്വദേശിയുമായ വഖാര്‍ എന്നു വിളിക്കുന്ന ആദിൽ അഹമ്മദാണെന്ന് ചാവേറാക്രമണം നടത്തിയതെന്ന് പൊലീസ് കണ്ടെത്തി. 2018ലാണ് ഇയാള്‍ ജയ്ഷെ മുഹമ്മദിൽ ചേര്‍ന്നത് . ജെയ്ഷെ മുഹമ്മദിൻറെ ആത്മഹത്യാ സ്ക്വാഡ് അംഗമായിരുന്നു ഇയാൾ.

click me!