'ഇന്ത്യയോട് പ്രതികാരം ചെയ്യണം': ജയ്ഷെ ക്യാമ്പിന് ഭീകരൻ മസൂദ് അസ്ഹറിന്‍റെ ശബ്ദസന്ദേശം

By Web TeamFirst Published Feb 17, 2019, 7:39 AM IST
Highlights

പാക്കിസ്ഥാനിലെ സൈനിക ആശുപത്രിയിൽ വെച്ചാണ് മസൂദ് അസർ പുൽവാമയിൽ ഇന്ത്യൻ സേനയെ ആക്രമിക്കാനുള്ള പദ്ധതി തയ്യാറാക്കിയത്. ഭീകരാക്രമണത്തിൽ പാകിസ്ഥാന്‍റെ പങ്ക് വ്യക്തമാക്കുന്ന എല്ലാ തെളിവുകളും അന്താരാഷ്ട്ര ഏജൻസികൾക്ക് കൈമാറാനാണ് ഇന്ത്യയുടെ പദ്ധതി.

ദില്ലി: പുൽവാമ ഭീകരാക്രമണത്തിൽ പാകിസ്ഥാന്‍റെ പങ്ക് വ്യക്തമാക്കുന്ന കൂടുതൽ തെളിവുകളുമായി ഇന്ത്യ. പാകിസ്ഥാനിലിരുന്നുകൊണ്ട് ജയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസർ ഭീകരാക്രമണം ആസൂത്രണം ചെയ്തതിന്‍റെ കൂടുതൽ തെളിവുകളാണ് അന്വേഷണ ഏജൻസികൾക്ക് ലഭിച്ചിരിക്കുന്നത്. 

പാക്കിസ്ഥാനിലെ സൈനിക ആശുപത്രിയിൽ വെച്ചാണ് മസൂദ് അസർ പുൽവാമയിൽ ഇന്ത്യൻ സേനയെ ആക്രമിക്കാനുള്ള പദ്ധതി തയ്യാറാക്കിയതെന്ന് വ്യക്തമാക്കുന്ന തെളിവുകളാണ് ഇന്ത്യക്ക് ലഭിച്ചിരിക്കുന്നത്.

ഇന്ത്യയോട് പ്രതികാരം ചെയ്യണമെന്ന ശബ്ദ സന്ദേശം പാക് സൈനിക ആശുപത്രിയിൽ നിന്നും ജയ്ഷെ മുഹമ്മദ് ക്യാമ്പിലേക്ക്  മസൂദ് അയച്ചതിന്‍റെ തെളിവും  ലഭിച്ചിട്ടുണ്ട്. ഭീകരാക്രമണത്തിൽ പാകിസ്ഥാന്‍റെ പങ്ക് വ്യക്തമാക്കുന്ന എല്ലാ തെളിവുകളും അന്താരാഷ്ട്ര ഏജൻസികൾക്ക് കൈമാറാനാണ് ഇന്ത്യയുടെ പദ്ധതി.

അതേസമയം ഭീകരാക്രമണത്തിനുള്ള തിരിച്ചടിയായി മിന്നലാക്രമണം മുന്നിൽ കണ്ട് അതിർത്തിയിലെ ഭീകരവാദ ക്യാമ്പുകൾ പാകിസ്ഥാൻ ഒഴിപ്പിക്കുന്നതായുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.

ഭീകരാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചവർക്ക് ശക്തമായ തിരിച്ചടി നൽകുമെന്നും സൈനികരുടെ ജീവത്യാഗം വെറുതെയാകില്ലെന്നും പ്രധാനമന്ത്രി മോദിയും ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗും വ്യക്തമാക്കിയിട്ടുണ്ട്. തിരിച്ചടിക്കായി സൈന്യത്തിന് പൂർണ്ണ സ്വാതന്ത്രം നൽകിയതായും പ്രധാനമന്ത്രി പറഞ്ഞു.

ജമ്മു കശ്മീരിലെ പുൽവാമയിൽ സിആർപിഎഫ് വാഹന വ്യൂഹത്തിന് നേരെയുണ്ടായ തീവ്രവാദി  ആക്രമണത്തിൽ മലയാളിയായ ഹവില്‍ദാര്‍ വസന്തകുമാറടക്കം 40 ജവാന്മാരാണ് വീരമൃത്യു വരിച്ചത്.

Read more: പാക് കസ്റ്റഡിയിലിരിക്കെ മസൂദ് അസ്ഹര്‍ ഇന്ത്യയില്‍ ഭീകരാക്രമണത്തിന് ആഹ്വാനം ചെയ്തിരുന്നുവെന്ന് വെളിപ്പെടുത്തല്‍

click me!