ഇന്ത്യക്കെതിരായി ആക്രമണങ്ങള്‍ക്ക് ആഹ്വാനം ചെയ്തുകൊണ്ടായിരുന്നു മസൂദ് അസ്ഹര്‍ പാക് അധീന കാശ്മീരിലെ മുസഫര്‍ബാദില്‍ നടന്ന പൊതുപരിപാടിയില്‍ സംസാരിച്ചത്.

തിരുവനന്തപുരം: പാക്കിസ്ഥാന്‍റെ കസ്റ്റഡിയിലിരിക്കെ തന്നെ ഇന്ത്യയില്‍ ഭീകര പ്രവര്‍ത്തനം നടത്താന്‍ ജയ് ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹര്‍ ആഹ്വാനം ചെയ്തിരുന്നുവെന്ന് വെളിപ്പെടുത്തല്‍. 2014 ല്‍ പിടിഐയുടെ പാക്കിസ്ഥാനിലെ കറസ്പോണ്ടന്‍റായിരുന്ന സ്നേഹേഷ് അലക്സ് ഫിലിപ്പ് ന്യൂസ് അവര്‍ ചര്‍ച്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 

2014 ജനുവരി 26 ന് പാക് അധീന കാശ്മീരിലെ മുസഫര്‍ബാദില്‍ നടന്ന പൊതുപരിപാടിയില്‍ മസൂദ് അസ്ഹര്‍ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിച്ചത് ഇന്ത്യക്കെതിരായി ആക്രമണങ്ങള്‍ക്ക് ആഹ്വാനം ചെയ്തുകൊണ്ടായിരുന്നു. 10000 ഓളം പേര്‍ പങ്കെടുത്ത പരിപാടിയില്‍ ഫോണിലൂടെയാണ് മസൂദ് അസ്ഹര്‍ ജനങ്ങളോട് സംസാരിച്ചത്. 

ഇന്ത്യക്കെതിരെ ജിഹാദിന് ആഹ്വാനം ചെയ്ത മസൂദ് കൂടുതല്‍ ആക്രമണങ്ങള്‍ നടത്തണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ പാക് കസ്റ്റഡിയിലിരിക്കുന്ന മസൂദ് അസ്ഹറിന് എങ്ങനെയാണ് ഇത്തരത്തില്‍ സംസാരിക്കാനാകുക എന്ന തന്‍റെ ചോദ്യത്തിന് ഇന്ത്യ അതില്‍ ആശങ്കപ്പെടേണ്ടതില്ലെന്നായിരുന്നു അന്നത്തെ വിദേശകാര്യ വക്താവായിരുന്ന തസ്ലീം അസ്ലം തന്ന മറുപടി. പിന്നീട് ജയ്ഷെ മുഹമ്മദ് ഇന്ത്യക്ക് വലിയ ഭീഷണിയായി ഉയരുന്നതാണ് കണ്ടതെന്നും സ്നേഹേഷ് പറഞ്ഞു.