റഫാലില്‍ കേന്ദ്രസർക്കാരിന് തിരിച്ചടി; വിശദാംശങ്ങൾ ഹർജിക്കാർക്ക് നൽകണമെന്ന് സുപ്രിംകോടതി

Published : Oct 31, 2018, 11:27 AM ISTUpdated : Oct 31, 2018, 11:38 AM IST
റഫാലില്‍  കേന്ദ്രസർക്കാരിന് തിരിച്ചടി; വിശദാംശങ്ങൾ ഹർജിക്കാർക്ക് നൽകണമെന്ന് സുപ്രിംകോടതി

Synopsis

റഫാൽ ഇടപാടുമായി ബന്ധപ്പെട്ട വിവരങ്ങൾ ഹർജിക്കാർക്ക് നൽകണമെന്ന് സുപ്രീംകോടതി. പൊതുജനമധ്യത്തിൽ വെളിപ്പെടുത്താൻ കഴിയുന്ന എല്ലാ രേഖകളും ഹർജിക്കാർക്ക് നൽകാനാണ് കോടതിയുടെ നിർദേശം. വിമാനങ്ങളുടെ വില ഉൾപ്പടെയുള്ള മറ്റ് തന്ത്രപ്രധാനവിവരങ്ങൾ മുദ്ര വച്ച കവറിൽ സുപ്രീംകോടതിയ്ക്ക് മുമ്പാകെ സമർപ്പിയ്ക്കാനും കോടതി നിർദേശം നൽകി.

ദില്ലി: റഫാൽ ഇടപാടുമായി ബന്ധപ്പെട്ട് വിമാനങ്ങളുടെ വിലയും മറ്റ് തന്ത്രപ്രധാനവിവരങ്ങളും മുദ്രവ‍ച്ച കവറിൽ പത്ത് ദിവസത്തിനകം സമർപ്പിയ്ക്കാൻ കേന്ദ്രസർക്കാരിന് സുപ്രീംകോടതി നിർദേശം നൽകി. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ മൂന്നംഗബഞ്ചിന്‍റേതാണ് നി‍ർദേശം. 

'വിമാനങ്ങളുടെ വില, ആ വില നിശ്ചയിക്കാനുള്ള കാരണം, അതുകൊണ്ടുണ്ടായ നേട്ടം എന്നിവയുൾപ്പടെയുള്ള വിവരങ്ങൾ മുദ്ര വച്ച കവറിൽ സുപ്രീംകോടതിയിൽ സമർപ്പിക്കണം' എന്നാണ് ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയത്. റഫാൽ ഇടപാടിൽ ഇന്ത്യയിലുള്ള പങ്കാളികളുടെ വിവരങ്ങളും കോടതിയെ അറിയിക്കണം. ഇടപാടിന്‍റെ നടപടിക്രമങ്ങളും സർക്കാർ സുപ്രീംകോടതിയെ അറിയിക്കണം. ഒഫീഷ്യൽ സീക്രട്ട്സ് ആക്റ്റ് അനുസരിച്ച് വെളിപ്പെടുത്താനാകാത്ത രേഖകളാണ് ഇത്തരത്തിൽ മുദ്ര വച്ച കവറിൽ കോടതിയിൽ നൽകേണ്ടത്. പൊതുജനമധ്യത്തിൽ വെളിപ്പെടുത്താൻ കഴിയുന്ന മറ്റ് വിവരങ്ങളെല്ലാം ഹർജിക്കാർക്ക് നൽകാനും കോടതി ഉത്തരവിട്ടു. 

എന്നാൽ ഇതിനെ അറ്റോർണി ജനറൽ കോടതിയിൽ ശക്തമായി എതിർത്തു. ഔദ്യോഗികരേഖകളുടെ വിശദാംശങ്ങൾ നൽകാനാകില്ലെന്ന് അറ്റോർണി ജനറൽ കെ.കെ.വേണുഗോപാൽ കോടതിയെ അറിയിച്ചു. പാർലമെന്‍റിനെപ്പോലും ഈ വിശദാംശങ്ങൾ അറിയിച്ചിട്ടില്ലെന്നും എജി കോടതിയിൽ പറഞ്ഞു. 

കേസിൽ സിബിഐ അന്വേഷണം വേണമെന്ന് ഹർജിക്കാരിൽ ഒരാളായ അഡ്വ.പ്രശാന്ത് ഭൂഷൺ കോടതിയിൽ ആവശ്യപ്പെട്ടപ്പോൾ അക്കാര്യം ഇപ്പോൾ പരിഗണിയ്ക്കുന്നില്ലെന്നായിരുന്നു കോടതിയുടെ മറുപടി. 'കാത്തിരിയ്ക്കൂ, ആദ്യം സിബിഐയ്ക്കുള്ളിലെ പ്രശ്നങ്ങളൊക്ക ഒന്ന് ഒത്തുതീരട്ടെ' എന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയുടെ മറുപടി.

ഈ മാസം 10 ന് കേസ് പരിഗണിച്ചപ്പോൾ റഫാൽ വിമാനങ്ങളുടെ വില വിവരപ്പട്ടിക നൽകേണ്ടതില്ലെന്നായിരുന്നു കോടതിയുടെ നിലപാട്. എന്നാൽ ഇന്ന് വില വിവരങ്ങളടങ്ങിയ വിശദാംശങ്ങളുൾപ്പടെ തന്ത്രപ്രധാനവിവരങ്ങളെല്ലാം നൽകണമെന്നാണ് കോടതി നിർദേശം നൽകിയിരിക്കുന്നത്. കേസിലെ ഹർജികൾ തളളാനൊരുക്കമല്ല സുപ്രീംകോടതി എന്ന് തന്നെയാണ് ഈ നിർദേശങ്ങളിലൂടെ വ്യക്തമാകുന്നത്. വിശദമായ കോടതി ഇടപെടൽ റഫാൽ കേസിലുണ്ടാകും എന്ന് വ്യക്തം. ലോക്സഭാതെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിയ്ക്കേ തന്ത്രപ്രധാനമായ ഒരു കേസിൽ കോടതിയുടെ നിരീക്ഷണവും ഇടപെടലുമുണ്ടാകുന്നത് ബിജെപി സർക്കാരിന് കനത്ത തിരിച്ചടിയാണ്. 

കേസ് ഇനി നവംബർ 14 ന് വീണ്ടും പരിഗണിക്കും. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പതിവ് ജോലിക്കിടെ റോഡില്‍ ഒരുബാഗ്, തുറന്നപ്പോള്‍ 45 ലക്ഷം രൂപയുടെ സ്വര്‍ണം, മനസ്സ് പതറാതെ പത്മ ഉടമസ്ഥരെ ഏല്‍പ്പിച്ചു, മുഖ്യമന്ത്രിയുടെ അഭിനന്ദനം
തെരഞ്ഞെടുപ്പ് വാ​ഗ്ദാനം നിറവേറ്റാൻ 200ഓളം നായ്ക്കളെ കൂട്ടത്തോടെ കൊലപ്പെടുത്തി, ഒരാഴ്ചക്കിടെ കൊന്നത് 500എണ്ണത്തെ