ലഡാക്കിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതിനെ തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥരോട് കയർത്ത് യുവതി. സോഷ്യൽ മീഡിയയിൽ വൈറലാകുന്ന വീഡിയോയിൽ തങ്ങൾ ജെൻസികളാണെന്നും ഈ അസംബന്ധം വെച്ചുപൊറുപ്പിക്കില്ലെന്നും യുവതി പറയുന്നത് കേൾക്കാം.
ലഡാക്ക്: ലഡാക്കിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതിനെ തുടർന്ന് രോഷം പ്രകടിപ്പിക്കുന്ന വിനോദസഞ്ചാരിയുടെ വീഡിയോ വൈറലാകുന്നു. തങ്ങൾ ജെൻസികളാണെന്നും ഈ അസംബന്ധം വെച്ചുപൊറുപ്പിക്കില്ലെന്നും പറയുന്ന യുവതിയുടെ വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. ലഡാക്കിലെ കാർഗിലിലുള്ള മിനിമാർഗ് ചെക്ക്പോയ്ൻ്റിൽ എത്തിയ യുവതിയാണ് മേഖലയിലെ ഗതാഗത നിയന്ത്രണം കണ്ട് പ്രകോപിതയായത്.
ജൂലൈ 25നാണ് സംഭവം നടന്നതെന്നാണ് പൊലീസിനെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകളിൽ പറയുന്നത്. സോജില - ഗുംമ്രി റൂട്ടിലൂടെ കേന്ദ്ര പ്രതിരോധ മന്ത്രിയും കരസേനാ മേധാവിയും കടന്നുപോകുന്നതിൻ്റെ പശ്ചാത്തലത്തിലാണ് മേഖലയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്. ഇരുവരുടെയും യാത്ര ആദ്യം വ്യോമ മാർഗമാണ് നിശ്ചയിച്ചിരുന്നതെങ്കിലും മോശം കാലാവസ്ഥയെ തുടർന്ന് ഗുംമ്രിയിൽ ഇവർ ഹെലികോപ്ടർ ഇറങ്ങുകയും കാർഗിലിലേക്ക് റോഡ് മാർഗം പോകുകയുമായിരുന്നുവെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു.
ഇതോടെ മേഖലയിൽ ഗതാഗതം നിയന്ത്രണം ഏർപ്പെടുത്തിയതിനെ തുടർന്ന് വിനോദസഞ്ചാരികളുടെ യാത്രയ്ക്ക് കാലതാമസം ഉണ്ടായി. തുടർന്ന് വിനോദസഞ്ചാരികളിൽ ഒരാളായ യുവതിയാണ് ചെക്ക്പോയ്ൻ്റിലെ സുരക്ഷാ ഉദ്യോഗസ്ഥനോട് കയർത്തത്.
യുവതിയുടെ വാക്കുകൾ ഇങ്ങനെ; "മന്ത്രി എങ്ങനെയാണ് ഇവിടെനിന്ന് പോയത്... ഞങ്ങൾ ജെൻസി ആണ്. ഞങ്ങൾ ഈ അസംബന്ധം വെച്ചുപൊറുപ്പിക്കില്ല. നിങ്ങളെല്ലാവരും എന്നോട് പറയൂ, നിങ്ങൾ ഇവിടെ ഇരിക്കുമോ ഇല്ലയോ? നമുക്ക് പോകാം. അവർ നമ്മളെ എങ്ങനെ തടയും? അഞ്ച് മണിക്കൂറായി. അവർ നമ്മളെ പോകാൻ അനുവദിക്കുന്നില്ല. യാത്ര ചെയ്യാനാണോ ഞങ്ങൾ പണം തന്ന് ഇങ്ങോട്ട് വരുന്നത്, അതോ ഇതെല്ലാം സഹിക്കാനാണോ? അവർ ഗേറ്റ് പൂട്ടിയിരിക്കുകയാണ്. കശ്മീരികളോട് അവർ ഇത് ചെയ്യാറുണ്ടായിരുന്നു, ഇപ്പോൾ പുറത്തുനിന്നുള്ള ടൂറിസ്റ്റുകളോടും അവർ ഇത് ചെയ്യുകയാണ്! അവർ ഗേറ്റ് പൂട്ടി, പേര് പോലും പറയാതെ നടന്നുപോയി. ഉത്തരവാദിത്തം ഏറ്റെടുക്കാൻ ഇവിടെ ഒരാൾ പോലും ഇരിപ്പില്ല".
അതേസമയം വിഐപികൾ കടന്നുപോയതിന് പിന്നാലെ ഗതാഗതം നിയന്ത്രണം നീക്കി വിനോദസഞ്ചാരികളെ കടത്തിവിട്ടുവെന്നാണ് പൊലീസ് വൃത്തങ്ങൾ പറയുന്നത്.

