
ദുബായ്: അസഹിഷ്ണുതയുടെ നാലര വര്‍ഷങ്ങള്‍ക്കാണ് ഇന്ത്യ സാക്ഷ്യം വഹിച്ചതെന്ന് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. യുഎഇ സന്ദര്‍ശനം നടത്തുന്ന രാഹുല്‍ മോദി ഭരണകാലത്ത് രാജ്യത്തുണ്ടായ പ്രശ്നങ്ങള്‍ എണ്ണിപ്പറഞ്ഞുള്ള വിമര്‍ശനങ്ങളാണ് നടത്തുന്നത്.
അധികാരത്തിലുള്ളവരുടെ മനോനില കൊണ്ട് രാജ്യത്ത് അസഹിഷ്ണുത വര്‍ധിക്കുകയാണ്. എല്ലാവരുടെയും ചിന്തകള്‍ ഉള്‍ക്കൊള്ളുന്ന രാജ്യമാണ് ഇന്ത്യ. അല്ലാതെ ഒരാളുടെ മേല്‍ ഒന്നും അടിച്ചേല്‍പ്പിക്കുന്നതല്ല. മറ്റുള്ളവരെ കേള്‍ക്കുക എന്ന ചിന്തയുള്ള രാജ്യമാണിതെന്നും രാഹുല്‍ പറഞ്ഞു.
ഐഎംടി ദുബായ് സര്‍വകലാശാലയിലെ വിദ്യാര്‍ഥികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. സഹിഷ്ണുത എന്നത് നമ്മുടെ സംസ്കാരമാണ്. പക്ഷേ, ഇപ്പോള്‍ വിവിധ സമൂഹങ്ങള്‍ക്കിടയില്‍ ഒരുപാട് പ്രശ്നങ്ങള്‍ കഴിഞ്ഞ നാലര വര്‍ഷങ്ങളിലുണ്ടായി. അത് അധികാരത്തിലിരിക്കുന്നവര്‍ കാരണമാണ്.
മാധ്യമപ്രവര്‍ത്തകര്‍ വെടിയേറ്റ് മരിക്കുന്നതും, പറയാനുള്ള കാര്യങ്ങള്‍ തുറന്ന് പറഞ്ഞതിന് ആളുകള്‍ കൊല്ലപ്പെടുകയും ചെയ്യുന്ന ഇന്ത്യയെ നമുക്ക് ഇഷ്ടമല്ല. വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ മാറ്റപ്പെടേണ്ടത് അതെല്ലാമാണെന്നും രാഹുല്‍ പറഞ്ഞു. യുഎഇയില്‍ സന്ദര്‍ശനത്തിനെത്തിയ രാഹുല്‍ ഗാന്ധിക്ക് വന്‍ സ്വീകരണമാണ് ഇന്ത്യന്‍ സമൂഹം ഒരുക്കിയത്.
രാജ്യം നേരിടുന്ന പ്രശ്നങ്ങളില്‍ പ്രവാസികള്‍ ഒന്നിച്ച് നില്‍ക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടിരുന്നു. രാജ്യത്തെ രാഷ്ട്രീയ താല്‍പര്യത്തിനായി വിഭജിക്കുന്ന സാഹചര്യമാണ് നിലവില്‍ ഉള്ളത്. മതം, ഭാഷ, സംസ്കാരം , സാമ്പത്തിക നിലവാരം എന്നിങ്ങനെ പല പേരുകളിലാണ് രാജ്യത്ത് വിഭജിച്ച് കൊണ്ടിരിക്കുന്നതെന്നും രാഹുല്‍ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam