പ്രതിരോധമന്ത്രിയെ പരിഹസിച്ച് രാഹുല്‍ ഗാന്ധി; സ്ത്രീകളെ അപമാനിച്ചെന്ന് മോദി

By Web TeamFirst Published Jan 9, 2019, 11:58 PM IST
Highlights

പ്രതിരോധമന്ത്രി സ്ഥാനം അലങ്കരിക്കുന്ന ആദ്യത്തെ സ്ത്രീയാണ് നിർമ്മലാ സീതാരാമന്‍. അത് അഭിമാനമുള്ള കാര്യമാണ്. റഫാൽ വിഷയത്തിൽ പാർലമെന്റിലെ എല്ലാ പ്രതിപക്ഷ കക്ഷികളെയും പ്രതിരോധമന്ത്രി നിശബ്ദരാക്കുകയും അവരുടെയൊക്കെ കള്ളത്തരങ്ങൾ പുറത്തുകൊണ്ടുവരുകയും ചെയ്തു. 

ആഗ്ര: റഫാൽ‌ യുദ്ധ വിമാന ഇടപാടുമായി ബന്ധപ്പെട്ട പരാമർശത്തിൽ പ്രതിരോധ മന്ത്രി നിർമ്മലാ സീതാരാമനെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി അവഹേളിച്ചെന്ന് ആരോപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്ത്. റഫാല്‍ ഇടപാടില്‍ പ്രതിരോധത്തിനായി പ്രധാനമന്ത്രി ഒരു സ്ത്രീയുടെ സഹായമാണ് തേടുന്നതെന്ന് രാഹുൽ പറഞ്ഞു. ജയ്പൂരില്‍ വച്ചാണ് രാഹുൽ വിവാദ പരാമർശം നടത്തിയത്. 

"പ്രതിരോധമന്ത്രി സ്ഥാനം അലങ്കരിക്കുന്ന ആദ്യത്തെ സ്ത്രീയാണ് നിർമ്മലാ സീതാരാമന്‍. അത് അഭിമാനമുള്ള കാര്യമാണ്. റഫാൽ വിഷയത്തിൽ പാർലമെന്റിലെ എല്ലാ പ്രതിപക്ഷ കക്ഷികളെയും പ്രതിരോധമന്ത്രി നിശബ്ദരാക്കുകയും അവരുടെയൊക്കെ കള്ളത്തരങ്ങൾ പുറത്തുകൊണ്ടുവരുകയും ചെയ്തു. അതിൽ ഞെട്ടിത്തരിച്ച ആളുകൾ പ്രതിരോധ മന്ത്രിയായ ഒരു സ്ത്രീയെ അപമാനിക്കാൻ ശ്രമിക്കുകയാണ്. ഒരു മന്ത്രിയെ മാത്രമല്ല, ഇന്ത്യയിലെ സ്ത്രീകളുടെ അധികാരത്തെയാണ് അവർ അപമാനിക്കുന്നതെന്നും" മോദി പറഞ്ഞു. ആഗ്രയിലെ റാലിയില്‍ പങ്കെടുക്കവേയാണ് മോദിയുടെ പരാമർശം. 

പാര്‍ലമെന്റിലെ റഫാലുമായി ബന്ധപ്പെട്ട ചർച്ചക്കിടയിലാണ് രാഹുലിന്റെ വിവാദ പരാമർശം. ‘സീതാരാമന്‍ ജി എനിക്ക് വേണ്ടി പ്രതിരോധിക്കണം എന്ന് പറഞ്ഞ് 56 ഇഞ്ച് നെഞ്ചളവുള്ള കാവല്‍ക്കാരന്‍ ഓടിയൊളിക്കുകയാണ്. എനിക്ക് ഒറ്റയ്ക്ക് പ്രതിരോധിച്ച് നില്‍ക്കാന്‍ കഴിയില്ല, അതുകൊണ്ട് എനിക്ക് വേണ്ടി പ്രതിരോധിക്കണം. എന്നാൽ രണ്ട് മണിക്കൂർ മോദിയെ പ്രതിരോധിക്കാൻ അവർക്ക് കഴിഞ്ഞിരുന്നില്ല. ഞാന്‍ പ്രത്യക്ഷമായ ചോദ്യം ചോദിച്ചിട്ടും അവര്‍ക്ക് ഉത്തരമില്ല. പ്രധാനമന്ത്രി പാര്‍ലമെന്റിലെ ചര്‍ച്ചയില്‍ നിന്നും ഓടിയൊളിക്കുകയാണ് ചെയ്തതെന്നുമാണ്" രാഹുല്‍ ഗാന്ധി മോദിയെ പരിഹസിച്ച് പറഞ്ഞത്.

റഫാൽ ചർച്ചയിൽ പ്രതിരോധമന്ത്രി നിർമല സീതാരാമന്‍റെ 2.5 മണിക്കൂർ പ്രസംഗത്തെ സൂചിപ്പിച്ചായിരുന്നു രാഹുലിന്‍റെ പരിഹാസം. രാഹുലിന്‍റെ പരിഹാസത്തിനെതിരെ കേന്ദ്ര വനിത കമ്മീഷൻ രംഗത്തുവന്നിട്ടുണ്ട്. സംഭവുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധിക്ക് നോട്ടീസ് അയക്കുമെന്ന് വനിതാ കമ്മീഷൻ അറിയിച്ചു.
 

click me!