
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തിന്റെ സുഹൃത്തായ അനിൽ അംബാനിയെ സഹായിച്ചത് താന് തെളിയിക്കുമെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. റാഫേൽ ഇടപാടിൽ സർക്കാരിനെ സുപ്രീം കോടതി കുറ്റവിമുക്തനാക്കിയതിന് ശേഷവും ആരോപണവുമായി രാഹുൽ ഗാന്ധി രംഗത്ത്. ''കാവൽക്കാരൻ തന്നെയാണ് കള്ളൻ. മോദി നിങ്ങൾക്ക് ഓടിയൊളിക്കാൻ സാധിക്കും. എന്നാൽ നിങ്ങൾക്ക് രക്ഷപ്പെടാൻ സാധിക്കില്ല. അന്വഷണത്തിൽ എല്ലാം പുറത്തുവരും. നരേന്ദ്ര മോദിയെക്കുറിച്ചും അനിൽ അംബാനിയെക്കുറിച്ചുമെല്ലാം.''രാഹുൽ ഗാന്ധി പറഞ്ഞു
റഫേൽ ഇടപാടിൽ സുപ്രീംകോടതി പരാമർശിച്ച സിഎജി റിപ്പോർട്ടിനെക്കുറിച്ചും രാഹുൽ സംശയമുന്നയിച്ചു. ''സിഎജി റിപ്പോർട്ടാണ് സുപ്രീം കോടതി വിധിയുടെ അടിസ്ഥാനം. എന്നാൽ പബ്ലിക് അക്കൗണ്ട് കമ്മറ്റി ചെയർമാൻ ആയ മല്ലികാർജ്ജുൻ ഖാർഗെ പോലും ഇതുവരെ ഈ റിപ്പോർട്ട് കണ്ടിട്ടില്ല. കോടതി മാത്രമേ കണ്ടിട്ടുള്ളു. എവിടെയാണ് സിഎജി റിപ്പോർട്ട്? കാണിക്കാമോ? അത് ചിലപ്പോൾ ഫ്രാൻസ് പാർലമെന്റിലായിരിക്കും അല്ലേ? അതുമല്ലെങ്കിൽ പ്രധാനമന്ത്രിയുടെ ഓഫീസിൽ പ്രത്യേകം പിഎസി ഉണ്ടാകുമായിരിക്കും?'' രാഹുൽ രൂക്ഷഭാഷയില്‍ ചോദിക്കുന്നു.
36 വിമാനങ്ങൾ ഫ്രാൻസിൽ നിന്നും വാങ്ങിയതിൽ ക്രമക്കേട് ഉണ്ടെന്നും കൂടുതൽ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളിയിരുന്നു. ക്രമക്കേടുകൾ ചൂണ്ടിക്കാണിക്കാൻ തെളിവില്ലെന്നായിരുന്നു കോടതി പറഞ്ഞത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam