
ദില്ലി: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തൃണമൂൽ കോൺഗ്രസ് നതാവ് മമതാ ബാനർജിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ബിജെപി വിരുദ്ധ റാലിക്ക് പിന്തുണയറിയിച്ച് രാഹുൽ ഗാന്ധിയുടെ കത്ത്. മമതാ ദി എന്നഭിസംബോധന ചെയ്തുകൊണ്ടുള്ള കത്തില്‍ മുഴുവൻ പ്രതിപക്ഷവും ബിജെപിക്കെതിരെ ഒരുമിച്ചു കഴിഞ്ഞുവെന്നാണ് രാഹുൽ പറയുന്നത്. കൊൽക്കത്തയിൽ ശനിയാഴ്ചയാണ് 'യുണൈറ്റഡ് ഇന്ത്യ' എന്ന പേരിൽ റാലി നടക്കുന്നത്.
'ഈ ഐക്യപ്രകടനത്തിൽ പൂർണ്ണ പിന്തുണ മമതാ ദിയ്ക്ക് ഞാൻ വാഗ്ദാനം ചെയ്യുന്നു. നമ്മൾ ഒത്തൊരുമിച്ച് നിന്ന് ശക്തമായൊരു സന്ദേശം നൽകി കഴിഞ്ഞു'-രാഹുൽ കത്തിൽ പറയുന്നു. ജനാധിപത്യത്തിന്റെ തൂണുകളായ സാമൂഹ്യ നീതിയെയും മതേതരത്വത്തെയും യാഥാർത്ഥ ദേശീയതയ്ക്ക് മാത്രമേ രക്ഷിക്കാനാവൂ. ആ വിശ്വാസത്തിലാണ് പ്രതിപക്ഷം ഒരുമിച്ചു നിന്നത്. ജനാധിപത്യത്തിന്റെ തൂണുകളെ നശിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ചെയ്തുകൊണ്ടിരിക്കുന്നതെന്നും രാഹുൽ കത്തിൽ പറയുന്നു.
മോദി ഗവൺമെന്റിന്റെ തെറ്റായ വാഗ്‌ദാനങ്ങളും കള്ളക്കഥകളും ലക്ഷക്കണക്കിന് വരുന്ന ഇന്ത്യക്കാരിൽ ഉണ്ടാക്കിയ കോപവും നിരാശയുമാണ് ഒത്തൊരുമിച്ചുള്ള പോരാട്ടത്തിന് ഇടയാക്കിയതെന്നും രാഹുൽ പറഞ്ഞു. അതേ സമയം റാലിയിൽ രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധിയും പങ്കെടുക്കില്ല. പകരം മല്ലികാര്‍ജുന്‍ ഖാര്‍ഗെയും അഭിഷേക് മനു സിങ്‌വിയും കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് റാലിയില്‍ പങ്കെടുക്കും. മായാവതിക്ക് പകരം ബിഎസ്‌പി നേതാവായ സതീഷ് മിശ്രയും റാലിയില്‍ പങ്കെടുക്കും.
മമതാ ബാനര്‍ജി സംഘടിപ്പിക്കുന്ന റാലിയിൽ പങ്കെടുക്കുമെന്ന് പാർലമെന്റ് അംഗവും മുതിർന്ന ബിജെപി നേതാവുമായ ശത്രുഘ്‌നന്‍ സിന്‍ഹ അറിയിച്ചിട്ടുണ്ട്. എച്ച് ഡി ദേവഗൗഡ, അദ്ദേഹത്തിന്റെ മകന്‍ എച്ച് ഡി കുമാരസ്വാമി, ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍, സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്, ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറൂഖ് അബ്ദുള്ള, എന്‍ സി പി നേതാവ് ശരത് പവാര്‍, ആര്‍ ജെ ഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ മകന്‍ തേജസ്വി യാദവ് തുടങ്ങിയവരും റാലിയില്‍ പങ്കെടുക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam