ദീപാവലി; ദില്ലിയില്‍ അനധികൃത പടക്കവില്‍പ്പന തടയാന്‍ വ്യാപക റെയ്ഡ്

By Web TeamFirst Published Nov 4, 2018, 1:24 PM IST
Highlights

ദീപാവലി ദിവസം രാത്രി എട്ട് മണി മുതൽ പത്ത് മണിവരെയാണ് ദില്ലിയിൽ പടക്കം പൊട്ടിക്കാൻ അനുവദിച്ചിട്ടുള്ള സമയം. ബാരിയം, അലുമീനിയം സാനിധ്യമുള്ളതും വിഷപുക പുറത്തുവിടുന്നതുമായ പടക്കങ്ങൾ പൂർണ്ണമായും നിരോധിച്ചിട്ടുണ്ട്. 

ദില്ലി: ദീപാവലിക്കു മുമ്പ് ഉത്തരേന്ത്യയിൽ അനധികൃത പടക്കവില്‍പ്പന തടയാൻ വ്യാപക റെയ്ഡ്. പടക്കം പൊട്ടിക്കുന്നതിന് സുപ്രീംകോടതി കർശന നിയന്ത്രണം ഏർപ്പെടുത്തിയതിന്‍റെ പശ്ചാതലത്തിലാണ് പരിശോധന. ദില്ലിയിലെ സദർ ബസാറിലെ അനധികൃത പടക്കകടയിൽ നിന്ന് പിടിച്ചെടുത്തത് കാലാവധി കഴിഞ്ഞ 625കിലോ ഗ്രാം പടക്കമാണ്. ഇവിടെ നിന്ന് രവീന്ദ്രർ എന്നയാളെയും പൊലീസ് പിടികൂടി. 

സബ്ജി മണ്ഡിയിൽ നിന്ന് 11കിലോഗ്രാം പടക്കമാണ് പിടിച്ചെടുത്തത്. ബുറാഡിയിൽ പിടിച്ചെടുത്തത് എട്ടുകിലോ ഗ്രാം പടക്കമാണ്. മുസഫര്‍പുറിലെ അനധികൃത പടക്കകടയിലും റെയിഡ് നടന്നു. കൊൽക്കത്തയിലെ ബിന്ധൻനഗറിൽ തൃണമൂൽ കോൺഗ്രസ് കൗൺസിലറിന്‍റെ വീട്ടിൽ നിന്നും നിരോധിച്ച പടക്കങ്ങളുടെ വലിയ ശേഖരം പൊലീസ് പിടികൂടി. 

ദില്ലി എൻസിആർ മേഖലയിൽ ദീപാവലിക്ക് പടക്കം വിൽക്കാനുള്ള താല്‍കാലിക ലൈസൻസ് ഇത്തവണ ആർക്കും അനുവദിച്ചിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. സുപ്രീംകോടതി മാർഗനിർദ്ദേശങ്ങൾ പാലിക്കുന്ന ആരും അപേക്ഷിച്ചില്ലെന്നാണ് വിശദീകരണം. സ്ഥിരം ലൈൻസുള്ളവർ പലരും കടകൾ അടച്ചിട്ടിരിക്കുകയാണ്. ദീപാവലി ദിവസം രാത്രി എട്ട് മണി മുതൽ പത്ത് മണിവരെയാണ് ദില്ലിയിൽ പടക്കം പൊട്ടിക്കാൻ അനുവദിച്ചിട്ടുള്ള സമയം. ബാരിയം, അലുമീനിയം സാനിധ്യമുള്ളതും വിഷപുക പുറത്തുവിടുന്നതുമായ പടക്കങ്ങൾ പൂർണ്ണമായും നിരോധിച്ചിട്ടുണ്ട്. 

click me!