
റോത്താസ്: പലയിടങ്ങളിലേക്ക് യാത്ര പോകുന്നവരും അവരെ യാത്ര അയയ്ക്കാന്‍ എത്തുന്നവരാണ് സാധാരണ ഗതിയില്‍ റെയില്‍ വേ സ്റ്റേഷനുകളില്‍ കാണാന്‍ കഴിയുക. എന്നാല്‍ ഇതില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് ബീഹാറിലെ സാസാറാം ജംക്ഷന്‍ റെയില്‍ വേ സ്റ്റേഷന്‍. വിവിധ മല്‍സരപരീക്ഷകള്‍ക്ക് വേണ്ടി കഠിനാധ്വാനം ചെയ്യുന്ന ഒരു കൂട്ടം ഉദ്യോഗാര്‍ത്ഥികളെയാണ് ഇവിടെ കാണാന്‍ കഴിയുക. ദിവസവും രാവിലെയും വൈകുന്നേരവും 2 മണിക്കൂര്‍ വീതം ഇത്തരത്തില്‍ റെയില്‍ വേ സ്റ്റേഷന്‍ പ്ലാറ്റ്ഫോം ഉദ്യോഗാര്‍ത്ഥികളുടെ കളരിയായി മാറും.
ഒന്നും രണ്ടും പേരുടെ കൂട്ടായ്മയല്ല ഇവിടെ നടക്കുന്നത്. 1200 ല്‍ അധികം ഉദ്യോഗാര്‍ത്ഥികളാണ് ഇത്തരത്തില്‍ റെയില്‍ വേ സ്റ്റേഷന്‍ പഠന കേന്ദ്രത്തില്‍ എത്തുന്നത്. 2002ലാണ് ഈ പഠനം ആരംഭിക്കുന്നത്. സാസാറാം ജംക്ഷന്‍ റെയില്‍ വേ സ്റ്റേഷന്‍ സ്ഥിതി ചെയ്യുന്ന റോത്താസിലെ ഗ്രാമങ്ങളില്‍ വൈദ്യുതി എത്തുന്നതിനും മുന്‍പ്. ദിവസം മുഴുവന്‍ വൈദ്യുതി ലഭിക്കുന്ന ഒരു സ്ഥലം എന്ന നിലയിലാണ് വിദ്യാര്‍ത്ഥികള്‍ പുസ്തകങ്ങളുമായി റെയില്‍ വേ സ്റ്റേഷനിലെത്തിയത്.
റെയില്‍ വേ വിളക്കു കാലിന് ചുവടെയിരുന്ന് പഠിച്ച ഉദ്യോഗാര്‍ത്ഥികളില്‍ മിക്കവരും സര്‍ക്കാര്‍ സംവിധാനങ്ങളില്‍ ജോലിക്ക് കയറി. പഠന കേന്ദ്രത്തിലെ വിജയ ശതമാനം ഉയര്‍ന്നതോടെ ദൂരസ്ഥലങ്ങളില്‍ നിന്നുപോലും ഉദ്യോഗാര്‍ത്ഥികള്‍ ഇവിടേക്കെത്താന്‍ തുടങ്ങി. കാലങ്ങള്‍ക്ക് ഇപ്പുറം റോത്താസിലെ വീടുകളില്‍ വൈദ്യുതി എത്തിയിട്ടും ഉദ്യോഗാര്‍ത്ഥികളുടെ ഇഷ്ട പഠനയിടമാണ് സാസാറാം ജംക്ഷന്‍ റെയില്‍ വേ സ്റ്റേഷന്‍.
ക്വിസ് എന്ന പേരിലുള്ള കൂട്ടായ്മയാണ് പഠന കേന്ദ്രത്തില്‍ ഉദ്യോഗാര്‍ത്ഥികളെ പരിശീലിപ്പിക്കുന്നത്. അധ്യാപകരും മുതിര്‍ന്ന ഉദ്യോഗാര്‍ത്ഥികളും സൗജന്യമായാണ് ഇവിടെ വിദ്യാര്‍ത്ഥികളെ പരിശീലിപ്പിക്കുന്നത്. പഠന കേന്ദ്രത്തിലെത്തുന്ന ഉദ്യോഗാര്‍ത്ഥികളുമായി മികച്ച സഹകരണമാണ് റെയില്‍ വേ അധികൃതര്‍ക്കുള്ളത്. ഉദ്യോഗാര്‍ത്ഥികള്‍ക്കായി പ്ലാറ്റ്ഫോമുകള്‍ വൃത്തിയായി സൂക്ഷിക്കുന്നുണ്ട് ഇവിടുള്ള ജീവനക്കാര്‍. പതിവായി ക്ലാസില്‍ എത്തുന്നവര്‍ക്കായി തിരിച്ചറിയല്‍ കാര്‍ഡുകള്‍ നല്‍കുന്നുണ്ട് ഇവിടെ. സിവില്‍ സര്‍വ്വീസ് അടക്കമുള്ള നേട്ടങ്ങള്‍ കരസ്ഥമാക്കിയവര്‍ ഈ കൂട്ടായ്മയില്‍ നിന്ന് ഉണ്ടായിട്ടുണ്ടെന്നതാണ് ശ്രദ്ധേയമായ കാര്യം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam