
ദില്ലി: റെയില്‍വേ യാത്രക്കാര്‍ക്ക് നല്‍കിയിരുന്ന സൗജന്യ യാത്രാ ഇൻഷുറൻസ് പദ്ധതി നിര്‍ത്തലാക്കാന്‍ റെയില്‍വേ തയ്യാറെടുക്കുന്നു. ഡിജിറ്റൽ ഇടപാടുകൾ വർധിപ്പിക്കുന്നതിന്‍റെ ഭാഗമായി 2017 ഡിസംബറില്‍ ഇന്ത്യൻ റെയിൽവേ കേറ്ററിങ് ആൻഡ് ടൂറിസം കോർപറേഷൻ (ഐആർസിടിസി) തുടങ്ങിയ പദ്ധതിയാണ് സൗജന്യ യാത്രാ ഇൻഷുറൻസ്. ഇതാണ് ഇപ്പോള്‍ റെയില്‍വേ നിര്‍ത്തലാക്കാന്‍ ആലോചിക്കുന്നത്.
ടിക്കറ്റ് ബുക്ക് ചെയ്ത് യാത്ര ചെയ്യുമ്പോള്‍ ഉണ്ടാകുന്ന അപകടങ്ങളില്‍പ്പെടുന്നവര്‍ക്കാണ് റെയില്‍വേ സൗജന്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ നല്‍കിയിരുന്നത്. യാത്രയ്ക്കിടെയുണ്ടാകുന്ന അപകടത്തില്‍ മരണം സംഭവിച്ചാല്‍ പരമാവധി 10 ലക്ഷം രൂപ ആശ്രിതര്‍ക്ക് ലഭിക്കുന്ന പദ്ധതിയാണ് സെപ്റ്റംബർ ഒന്ന് മുതൽ നിർത്തലാക്കുന്നത്. അപകടത്തിൽ അംഗവൈകല്യം സംഭവിച്ചാൽ 7.5 ലക്ഷം, പരുക്കേറ്റാൽ രണ്ട് ലക്ഷം എന്നിങ്ങനെയാണ് നൽകിയിരുന്നത്.
ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ഇൻഷുറൻസ് സൗകര്യം വേണോയെന്ന് ഇനി യാത്രക്കാർക്ക് തീരുമാനിക്കാമെന്നാണ് റെയില്‍വേയുടെ പുതിയ നയം. സൗജന്യം നിര്‍ത്തലാക്കിയതോടെ ഇൻഷുറൻസ് പരിരക്ഷയ്ക്ക് ഇനി എത്ര തുക യാത്രക്കാര്‍ നൽകണമെന്ന് അടുത്ത ദിവസങ്ങളില്‍ അറിയാനാകുമെന്ന് ഉന്നത റെയിൽവേ ഉദ്യോഗസ്ഥൻ പറഞ്ഞു.