
പഞ്ചാബ്: നനയാതെ കിടന്നുറങ്ങാൻ നല്ലൊരു വീട് പോലും അവർക്കുണ്ടായിരുന്നില്ല. വീട് മുഴുവൻ കനത്ത മഴയിൽ ചോർന്നൊലിക്കുമ്പോൾ പശുത്തൊഴുത്തിൽ അഭയം തേടും. പശുക്കളെയും തൊട്ടടുത്ത് തന്നെ കെട്ടിയിട്ടുണ്ടാകും. മിക്കപ്പോഴും മുഴുപ്പട്ടിണി. ദിവസത്തിൽ ഒരു തവണ പോലും വയറുനിറെയ ഭക്ഷണം കഴിക്കാൻ സാധിച്ചിരുന്നില്ല. 2014 ലെ ഏഷ്യൻ ഗെയിംസിൽ നടത്തത്തിൽ വെള്ളിമെഡൽ നേടിയ നിമിഷം കുഷ്ബിർ കൗർ എന്ന പെൺകുട്ടിയുടെ ഓർമ്മയിൽ തെളിഞ്ഞത് ഇക്കാര്യങ്ങളായിരിക്കും.
പഞ്ചാബ് പൊലീസിൽ ഡിഎസ്പി റാങ്കിൽ ജോലി ചെയ്യുന്ന കുഷ്ബിർ കൗർ തന്റെ ജീവിതം പാകപ്പെടുത്തിയെടുത്തത് ഇവിടെ നിന്നാണ്. അമൃത്സറിലെ റാസൻപൂർ ഗ്രാമത്തിലായിരുന്നു ഈ കുടുംബം താമസിച്ചിരുന്നത്. ആറാമത്തെ വയസ്സിലാണ് കുഷ്ബിറിന് പിതാവ് ബൽക്കാർ സിംഗിനെ നഷ്ടപ്പെടുന്നത്. പിതാവ് മരിച്ചതോടെ കുടുംബത്തിന്റെയും പറക്കമുറ്റാത്ത അഞ്ച് കുഞ്ഞുങ്ങളുടെയും ഭാരം അമ്മ ജസ്ബിറിന്റെ ചുമലിലായി. വീട്ടിലിരുന്ന് തയ്ച്ചും തൊട്ടടുത്ത ഗ്രാമങ്ങളിൽ പാൽ വിറ്റും അമ്മ ജാസ്ബിർ കൗർ കുഷ്ബിറിനെയും നാല് സഹോദരങ്ങളെയും വളർത്തി.
ആകെയുണ്ടായിരുന്ന സമ്പാദ്യം രണ്ട് പശുക്കളായിരുന്നു. അവയെ വളർത്തി ഗ്രാമത്തിലെ എല്ലാ വീടുകളിലും പാലെത്തിക്കും. വസ്ത്രങ്ങൾ തയ്ച്ചുകൊടുക്കും. എന്നാൽ അതുകൊണ്ടെന്നും സാമ്പത്തിക ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ സാധിക്കുമായിരുന്നില്ല. പഠനത്തിന്റെ കാര്യത്തിലും സ്കൂൾ ഫീസിന്റെ കാര്യത്തിലും സ്കൂളിലെ അധ്യാപകരാണ് കുടുംബത്തെ സഹായിച്ചിരുന്നത്.
അമ്മയുടെ കഠിനാധ്വാനമാണ് തന്നെ ഈ പദവിയിൽ എത്തിച്ചതെന്ന് കുഷ്ബിർ പറയുന്നു. ''മഴ പെയ്യുമ്പോൾ ഞാനും മക്കളും പശുക്കളും വീട്ടിലെ ഒറ്റമുറിയിലാണ് താമസിച്ചിരുന്നത്''. ഇത് പറയുമ്പോൾ ജസ്ബിർ കൗറിന്റെ കവിളിലൂടെ കണ്ണീർ ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു. ''എന്നാൽ ഇപ്പോൾ എല്ലാവരും എന്നോട് ചോദിക്കും, ഡിഎസ്പി കുഷ്ബീറിന്റെ വീട്ടിൽ പോയി താമസിച്ചുകൂടെ'' എന്ന്. അഭിമാനത്തോടെയാണ് ജസ്ബർ ഇത് പറയുന്നത്. അമൃത്സറിൽ തന്നെയാണ് ജസ്ബിർ ഇപ്പോഴും താമസിക്കുന്നത്.
ദേശീയ അന്തർദ്ദേശീയ മത്സരങ്ങളിൽ കുഷ്ബിർ താരമായതോടെയാണ് കുടുംബത്തിന്റെ കഷ്ടപ്പാടുകൾ മാറിത്തുടങ്ങിയതെന്ന് ജസ്ബിർ പറയുന്നു. മകളുടെ വിജയത്തിൽ താങ്ങും തണലുമായി നിന്നത് ജസ്ബിർ ആയിരുന്നു. ഇല്ലായ്മകളെക്കുറിച്ച് ഒരിക്കലും പരാതി പറഞ്ഞിരുന്നില്ല. ''അവൾ മെഡലുകൾ വാങ്ങാൻ തുടങ്ങിയപ്പോഴാണ് ഞങ്ങൾ നല്ല ഭക്ഷണം കഴിക്കാൻ തുടങ്ങിയത്. 2014 ലെ ഏഷ്യൻ ഗെയിംസിൽ ഇരുപത് കിലോമീറ്റർ നടത്തത്തിൽ വെള്ളിമെഡൽ നേടിയപ്പോഴാണ് ഞങ്ങൾ വീടിന് മുകളിൽ ചോരാത്ത സിമന്റ് മേൽക്കൂര നിർമ്മിച്ചത്.'' ജസ്ബിറിന്റെ വാക്കുകൾ.
കുഷ്ബിറിന്റെ സഹോദരിമാരായ ഹർജിത് കൗർ, കരംജിത് കൗർ എന്നിവരും കായികരംഗത്തുണ്ട്. മൂന്നാമത്തെ സഹോദരിയായ ധരംജിത്ത് കൗറിനും സ്പോർട്സിൽ താത്പര്യമുണ്ട്. സഹോദരൻ ബിക്രംജിത്ത് കൗർ ആർമിയിൽ ചേരാനാണ് ആഗ്രഹിക്കുന്നത്. സംസ്ഥാനത്തെ വൈദ്യുത വകുപ്പിൽ ഉദ്യോഗസ്ഥനായിരുന്നു ജസ്ബിറിന്റെ ഭർത്താവ്. ഭർത്താവ് മരിച്ചതോടെ അഞ്ചുമക്കളുമായി ജസ്ബിർ ഒറ്റപ്പെട്ടു. കുടുംബത്തിലെ ആരും ഇവരെയും മക്കളെയും തിരിഞ്ഞു നോക്കിയില്ല.എന്നാൽ ധൈര്യം കൈവിടാൻ ജസ്ബിർ തയ്യാറായില്ല. എല്ലാ മക്കളെയും ആകുന്ന വിധത്തിൽ വിദ്യാഭ്യാസം നൽകാൻ ശ്രമിച്ചു. കായികരംഗത്ത് അവരെ എത്തിക്കാനാണ് ജസ്ബിർ ശ്രമിച്ചത്. ആഗ്രഹിച്ചത് പോലെ തന്നെ നടന്നു.
മനോഹരമായ ആധുനിക രീതിയിൽ പണികഴിപ്പിച്ച ഒരു വീട്ടിലാണ് ജസ്ബിർ ഇപ്പോൾ താമസിക്കുന്നത്. ''എന്റെ പെൺമക്കളാണ് എന്റെ അഭിമാനം. പെൺകുഞ്ഞുങ്ങളെ ശിശുഹത്യ നടത്തുന്നവരോട് എനിക്ക് ഒരു കാര്യം മാത്രമാണ് പറയാനുള്ളത്. കഴിഞ്ഞ ഒളിമ്പിക്സിൽ രാജ്യത്തെ അഭിമാനമായത് പെൺകുട്ടികളാണ്. അക്കാര്യം മറന്നു പോകരുത്.''
ദുരിതവും കഷ്ടപ്പാടും നിറഞ്ഞ ഭൂതകാലത്തെക്കുറിച്ച് ബിക്രംജിത്ത് ഇങ്ങനെ പറയുന്നു. ''കുട്ടിക്കാലത്ത് എന്റെ സുഹൃത്തുക്കളെയൊന്നും ഞാൻ വീട്ടിലേക്ക് ക്ഷണിക്കുകയോ കൊണ്ടുവരികയോ ചെയ്യുമായിരുന്നില്ല. കാരണം ഞങ്ങളുടേത് ഒറ്റമുറി വീടായിരുന്നു. മാത്രമല്ല വീടിനുള്ളിൽ പശുവിന്റെ ചാണകവും കാണും.'' ഏഷ്യൻ ഗെയിംസിന് മുന്നോടിയായി ബംഗളൂരുവില് സംഘടിപ്പിച്ച ദേശീയ ക്യാന്പിൽ വച്ചാണ് കുഷ്ബിർ കൗർ തന്റെ ഭൂതകാലത്തെക്കുറിച്ച് മാധ്യമങ്ങളോട് മനസ്സു തുറന്നത്.