രൂപയുടെ വിലയിടിവിനെ പ്രധാനമന്ത്രിയുടെ അമ്മയുടെ പ്രായത്തോട് ഉപമിച്ച രാജ് ബബ്ബാർ വിവാദത്തിൽ

By Web TeamFirst Published Nov 23, 2018, 11:00 PM IST
Highlights

മൻമോഹൻ സിം​ഗ് പ്രധാനമന്ത്രിയായിരുന്ന കാലത്ത് സമാനമായ രീതിയിലുള്ള പരാമർശം മോദിയും നടത്തിയിരുന്നു. രൂപയുടെ മൂല്യം പ്രധാനമന്ത്രിയുടെ പ്രായത്തിനടുത്ത് എത്തുന്നു എന്നായിരുന്നു അന്ന് മോദി പറഞ്ഞത്. 

ദില്ലി: രൂപയുടെ വിലയിടിവിനെ പരാമർശിക്കാൻ  പ്രധാനമന്ത്രി മോദിയുടെ അമ്മയുടെ പ്രായത്തെ കൂട്ടുപിടിച്ച കോൺ​ഗ്രസ് നേതാവ് രാജ് ബബ്ബാർ വിവാദത്തിലേക്ക്. ഡോളറിനെതിരെയുള്ള രൂപയുടെ മൂല്യം മോദിയുടെ അമ്മയുടെ പ്രായത്തിനടുത്തേയ്ക്ക് എത്തിയിരിക്കുകയാണ് എന്നായിരുന്നു രാജ് ബബ്ബാർ പറഞ്ഞത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സംസാരിക്കുകയായിരുന്നു ഇദ്ദേഹം. തൊണ്ണൂറ്റെട്ട് വയസ്സുണ്ട് മോദിയുടെ അമ്മയ്ക്ക്. രാജ് ബബ്ബാർ മാപ്പ് പറയണമെന്ന ആവശ്യവുമായി ബിജെപി വൻപ്രതിഷേധവുമായി രം​ഗത്തെത്തിയിട്ടുണ്ട്. 

മൻമോഹൻ സിം​ഗ് പ്രധാനമന്ത്രിയായിരുന്ന കാലത്ത് സമാനമായ രീതിയിലുള്ള പരാമർശം മോദിയും നടത്തിയിരുന്നു. രൂപയുടെ മൂല്യം പ്രധാനമന്ത്രിയുടെ പ്രായത്തിനടുത്ത് എത്തുന്നു എന്നായിരുന്നു അന്ന് മോദി പറഞ്ഞത്. ആ സംഭവത്തെ പരാമർശിച്ചു കൊണ്ടാണ് ബബ്ബാർ ഇത്തരമൊരു പരാമർശം നടത്തിയത്. 

''(പ്രധാനമന്ത്രിയാകുന്നതിന് മുമ്പ് മോദി) അദ്ദേഹം പറയാറുണ്ടായിരുന്നു ഡോളറിനെതിരെയുള്ള രൂപയുടെ മൂല്യം വളരെ താഴേയ്ക്ക് പോയിക്കൊണ്ടിരിക്കുകയാണ്. അത് അന്നത്തെ പ്രധാനമന്ത്രിയുടെ (മൻമോഹൻസിം​ഗ്) പ്രായത്തിന് അടുത്തേയ്ക്ക് എത്തിക്കൊണ്ടിരിക്കുകയാണെന്ന്. എന്നാൽ ഇന്ന് രൂപയുടെ മൂല്യത്തകർച്ച വളരെ വലുതാണ്. അത് അങ്ങയുടെ (മോദിയുടെ)  അമ്മയുടെ പ്രായത്തിനടുത്തേയ്ക്ക് എത്തുകയാണ്.'' - ഇതായിരുന്നു രാജ് ബബ്ബാറിന്റെ വാക്കുകൾ

പ്രധാനമന്ത്രിയുടെ അമ്മയുടെ പേരിനെ രാഷ്ട്രീയ പരാമർശങ്ങൾക്കായി ഉപയോ​ഗിക്കുന്നത് അൺപാർലമെന്ററി ആണെന്നാണ് ബിജെപി നേതാക്കളുടെ  രൂക്ഷവിമർശനം. കുറച്ചു കൂടി ഉത്തരവാദിത്വത്തോടെ കോൺ​ഗ്രസ് നേതാക്കൾ പെരുമാറണമെന്ന് ബിജെപി അഭിപ്രായപ്പെടുന്നു. പ്രധാനമന്ത്രിയോട് രാജ്ബബ്ബാർ മാപ്പ് പറയണമെന്നാണ് ഇവരുടെ ആവശ്യം. 

click me!