ഇന്ത്യക്കെതിരായ തീവ്രവാദി ആക്രമങ്ങള്‍; ചൈനയും പാകിസ്ഥാനും ഒരുപോലെ മറുപടി പറയണമെന്ന് രാജീവ് ചന്ദ്രശേഖര്‍ എംപി

By Web TeamFirst Published Feb 15, 2019, 4:24 PM IST
Highlights


ഇന്ത്യൻ സൈന്യത്തോട് ഇതിനുമുമ്പ് കൊമ്പുകോർത്തിട്ടുള്ളപ്പോഴൊക്കെ തോറ്റമ്പിയ ചരിത്രം മാത്രമേ പാക്കിസ്ഥാനുണ്ടായിട്ടുള്ളൂ. 1971ൽ അവരതു രുചിച്ചതാണ്. അതിനും മുമ്പ് 1965ലും. ആ  പരാജയങ്ങൾക്ക് പകരം ചോദിയ്ക്കാൻ സാധിക്കാതെ വീർപ്പുമുട്ടി നടക്കുകയാണ് പാകിസ്താൻ പട്ടാളം.

ബംഗളൂരു: ഇന്ത്യയ്ക്കെതിരായി പാക്കിസ്ഥാന്‍ നടത്തുന്ന തീവ്രവാദി ആക്രമണങ്ങള്‍ക്ക് ചൈനയും പാക്കിസ്ഥാനും ഒരുപോവെ മറുപടി പറയണമെന്ന് രാജീവ് ചന്ദ്രശേഖര്‍ എംപി. പാക്കിസ്ഥാന്‍റെ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നത് ചൈനയും പാക്കിസ്ഥാനുമാണെന്ന് രാജീവ് ചന്ദ്രശേഖര്‍ ആരോപിച്ചു. ട്വിറ്റര്‍ ലൈവിലൂടെ പുല്‍വാമ തീവ്രവാദി ആക്രമണത്തിനെതിരെ പ്രതികരിക്കവെയാണ് എംപിയുടെ ആരോപണം.  

സാമ്പത്തികമായും ബൗദ്ധികമായും പാപ്പരത്തം അനുഭവിച്ചുകൊണ്ടിരിക്കുന്ന പാക്കിസ്ഥാൻ എന്ന ദരിദ്രരാജ്യത്തിൻറെ ഏറ്റവും പ്രധാനപ്പെട്ട സാമ്പത്തിക സ്രോതസ്സാണ് ചൈന.  അഫ്ഹാനിസ്ഥാനും പാക്കിസ്ഥാന് പിന്തുണ നല്‍കുകയാണ്. അഫ്‌ഗാനിസ്ഥാനിൽ  തങ്ങളുടെ അധികാരമുറപ്പിക്കാൻ പാക്കിസ്ഥാൻ ആഗ്രഹിക്കുന്നുണ്ട്. അത് എളുപ്പമാക്കാൻ വേണ്ടി  കാശ്മീരിൽ തുടർച്ചയായ ആക്രമണങ്ങൾ നടത്തിക്കൊണ്ട്  ഇന്ത്യൻ പട്ടാളത്തെയും ഇന്ത്യൻ ഗവണ്മെന്റിനെയും ഇവിടെത്തന്നെ കുടുക്കിയിടാനുളള ശ്രമങ്ങളാണ് പാക്കിസ്ഥാൻ നടത്തിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറയുന്നു.

രാജീവ് ചന്ദ്രശേഖര്‍ എംപിയുടെ പ്രതികരണത്തിന്‍റെ പൂര്‍ണ രൂപം

ഇന്നലെ ഹെഡ് കോൺസ്റ്റബിൾ നാസിർ അഹമ്മദിന്റെ നേതൃത്വത്തിലുള്ള നാല്പത്തിനാലുപേരടങ്ങുന്ന ഒരു സിആർപിഎഫ് സംഘം സഞ്ചരിച്ചിരുന്ന ആർമി ബസ്സ് ജമ്മുകശ്മീരിലെ പുൽവാമാ ജില്ലയിൽ വെച്ച് ജെയ്ഷ് -എ-മുഹമ്മദ് ആസൂത്രണം ചെയ്ത ഒരു ചാവേറാക്രമണത്തിൽ കൊല്ലപ്പെട്ടു. നമ്മളോർക്കേണ്ടുന്ന ഒരു കാര്യമുണ്ട്. മസൂദ് അസ്ഹർ എന്നുപേരായ കുപ്രസിദ്ധ തീവ്രവാദി നയിക്കുന്ന ഒരു പാക്കിസ്ഥാനി തീവ്രവാദ സംഘമാണ് ജെയ്ഷ് -എ-മുഹമ്മദ്. മസൂദ് അസ്ഹർ  ഇന്നും  പാക്കിസ്ഥാനിലെവിടെയോ തന്റെ സ്വൈരജീവിതം തുടരുകയാണ്. ഐക്യരാഷ്ട്ര സഭ ഒരു ആഗോള ഭീകരവാദിയായി പ്രഖ്യാപിച്ച് നിരോധിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന ഒരാളാണ് മസൂദ് അസ്ഹർ. 

യുഎന്നിന്റെ ആ വഴിക്കുള്ള ശ്രമങ്ങൾക്ക് എന്നും തടയിട്ടുകൊണ്ടിരിക്കുന്നത് ഒരേ ഒരു ശക്തിയാണ്. അതാണ് ചൈന. സാമ്പത്തികമായും ബൗദ്ധികമായും പാപ്പരത്തം അനുഭവിച്ചുകൊണ്ടിരിക്കുന്ന പാക്കിസ്ഥാൻ എന്ന ദരിദ്രരാജ്യത്തിൻറെ ഏറ്റവും പ്രധാനപ്പെട്ട സാമ്പത്തിക സ്രോതസ്സാണിന്നും ചൈന. തങ്ങളുടെ പട്ടാള ജനറൽമാരുടെ അംഗുലീചലനങ്ങൾക്കൊപ്പിച്ച് നൃത്തം ചവിട്ടുന്ന വെറുമൊരു തോൽപ്പാവയായി മാറിയിട്ടുണ്ട് ഇന്ന് പാകിസ്ഥാൻ ഗവണ്മെന്റ്. 

ഇന്ത്യൻ സൈന്യത്തോട് ഇതിനുമുമ്പ് കൊമ്പുകോർത്തിട്ടുള്ളപ്പോഴൊക്കെ തോറ്റമ്പിയ ചരിത്രം മാത്രമേ പാക്കിസ്ഥാനുണ്ടായിട്ടുള്ളൂ. 1971ൽ അവരതു രുചിച്ചതാണ്. അതിനും മുമ്പ് 1965ലും. ആ  പരാജയങ്ങൾക്ക് പകരം ചോദിയ്ക്കാൻ സാധിക്കാതെ വീർപ്പുമുട്ടി നടക്കുകയാണ് പാകിസ്താൻ പട്ടാളം.  മസൂദ് അസ്ഹറിനെ പാക്കിസ്ഥാനിൽ കഴിയാൻ നിർബാധം വിടുന്നതിലും ഇന്ത്യയിലും ലോകത്തിന്റെ പലഭാഗങ്ങളിലും ഒക്കെ പാക്കിസ്ഥാനിൽ നിന്നും ആളെ വിട്ടുകൊണ്ട് ആക്രമണങ്ങൾ സംഘടിപ്പിക്കുന്നതിലും ഒക്കെ ചൈനയെ  യഥാർത്ഥത്തിൽ കുറ്റക്കാരായി കണക്കാക്കേണ്ടതാണ്.  

ഇന്ത്യയിലെ ഓരോരുത്തരും ഇന്ന് കുപിതരാണ്. അവർ പ്രതികാരം ആഗ്രഹിക്കുന്നുണ്ട്. ഇന്ത്യ ശക്തമായി തിരിച്ചടിക്കണമെന്നു തന്നെയാണ് അവരാഗ്രഹിക്കുന്നത്. അങ്ങനെ ശക്തമായൊരു സൈനിക നടപടിയിലൂടെ  ഇത്തരത്തിലുള്ള ക്രോസ് ബോർഡർ ടെററിസ്റ്റ് ആക്രമണങ്ങൾക്ക് തടയിടേണ്ടതുണ്ട്. അപ്പോൾ ഉയരുന്നൊരു സ്വാഭാവിക ചോദ്യമുണ്ട്. ലോകസമൂഹത്തിൽ അതിനെ ഒറ്റപ്പെടുത്തുന്ന ഇത്തരംനിർലജ്ജമായ ആക്രമണങ്ങളിൽ നിന്നും പാക്കിസ്ഥാൻ പിന്തിരിയാത്തതെന്താവും..?  

പാക്കിസ്ഥാന്റെ സ്വഭാവം വളരെ വിചിത്രമായ ഒന്നാണ്. എന്തിനെയും അവർ തലതിരിഞ്ഞ രീതിയിലേ നോക്കിക്കാണൂ. അഫ്‌ഗാനിസ്ഥാനിൽ നിന്നുമുള്ള തങ്ങളുടെ പിന്മാറ്റത്തെപ്പറ്റി അമേരിക്കയുടെ പ്രഖ്യാപനങ്ങൾ വരികയാണല്ലോ. അത് നടപ്പിലാവുന്നത്തിനു പിന്നാലെ അഫ്‌ഗാനിസ്ഥാനിൽ  തങ്ങളുടെ അധികാരമുറപ്പിക്കാൻ പാക്കിസ്ഥാൻ ആഗ്രഹിക്കുന്നുണ്ട്. അത് എളുപ്പമാക്കാൻ വേണ്ടി  കാശ്മീരിൽ തുടർച്ചയായ ആക്രമണങ്ങൾ നടത്തിക്കൊണ്ട്  ഇന്ത്യൻ പട്ടാളത്തെയും ഇന്ത്യൻ ഗവണ്മെന്റിനെയും ഇവിടെത്തന്നെ കുടുക്കിയിടാനുളള ശ്രമങ്ങളാണ് പാക്കിസ്ഥാൻ നടത്തിക്കൊണ്ടിരിക്കുന്നത്. ഇന്നുവരെയും അവരുടെ ആ പരിശ്രമങ്ങൾ പാളിയിട്ടേയുള്ളൂ.. ഇനിയും അതങ്ങനെ തന്നെ തുടരും.. 

തെരഞ്ഞെടുപ്പിനെ നേരിടാൻ തയ്യാറെടുക്കുന്ന ഈ വേളയിൽ നമ്മൾ രാഷ്ട്രീയമായും, ഒരു പരിധി വരെ മതപരമായിപ്പോലും വിഭജിതമായി ഇരിക്കുന്ന അവസ്ഥയിലാണെങ്കിൽ കൂടി ഒരുകാര്യത്തിൽ നമ്മൾ ഒന്നിച്ച് ഒറ്റക്കെട്ടായി നിൽക്കണം. പാക്കിസ്ഥാനോട് നമ്മൾ കണക്കു തീർക്കുകതന്നെ വേണം.. ചൈനയ്ക്ക് ഇക്കാര്യത്തിലുള്ള ഉത്തരവാദിത്തവും നമ്മൾ  തുറന്നുകാട്ടണം. നമ്മുടെ നാട്ടിലെ ജനങ്ങളുടെ ജീവനും സ്വത്തിനും സമാധാനത്തിനും ഭംഗം വരുത്തുന്നതിൽ ചൈനയും പാകിസ്ഥാനും ഒരുപോലെ കുറ്റക്കാരാണ് എന്ന് നമ്മളെല്ലാവരും തിരിച്ചറിയണം. ഇത് നമ്മൾ തമ്മിൽ കലഹിക്കാനുള്ള നേരമില്ല. ഇത് ഭാരതം ഒരൊറ്റക്കെട്ടായി നിൽക്കേണ്ടുന്ന വേളയാണ്. പാക്കിസ്ഥാനും ഒരു പരിധി വരെ ചൈനയ്ക്കും നേരെ നമ്മുടെ കോപത്തെ കേന്ദ്രീകരിച്ചു നിർത്തണം.

 ഇന്നലെ നമുക്കായി കശ്മീരിന്റെ മണ്ണിൽ ജീവത്യാഗം ചെയ്ത ആ 44  ധീര ജവാന്മാർക്കുവേണ്ടി ഇത്രയെങ്കിലും ചെയ്യാനുള്ള കടമ നമുക്കുണ്ട്. അവർക്കുവേണ്ടി മാത്രമല്ല, ഇന്നുവരെ  ജന്മനാടിനുവേണ്ടി ജീവൻ ത്യജിച്ച എല്ലാ സൈനികരോടും, ഞാനിതെഴുതുന്ന ഈ നിമിഷത്തിൽ പോലും  അതിർത്തിയിലെ പ്രതികൂല സാഹചര്യങ്ങളിൽ ഇന്ത്യക്കുവേണ്ടി, ഇന്ത്യയുടെ ജനാധിപത്യവ്യവസ്ഥ നിലനിർത്താൻ വേണ്ടി പോരാടിക്കൊണ്ടിരിക്കുന്ന  എല്ലാ സൈനികരോടും നമുക്ക്  തികഞ്ഞ  ഉത്തരവാദിത്തമുണ്ട്. 

നമ്മളോരുത്തരെയും പോലെ സ്വസ്ഥമായ ഒരു ജീവിതം നയിക്കാൻ ആഗ്രഹിക്കുന്നവരാണ് കശ്മീർ നിവാസികളും. അവർക്കും അവരുടെ നാട്  വികസനത്തിലേക്ക് നീങ്ങുന്നത് കണ്ടു സന്തോഷിക്കണമെന്നുണ്ടാവും. അവരുടെ മക്കൾ സമാധാന പൂർവം പഠിച്ചുവളരണം എന്നുണ്ടാവും. അതുകൊണ്ട് ഈയവസരത്തിൽ നമ്മുടെ കോപവും ക്രോധവുമെല്ലാം പാക്കിസ്ഥാനും പാകിസ്ഥാനെ വളർത്തുന്ന ചൈനയ്ക്കും നേരെ ഒന്നിച്ച് ഒറ്റക്കെട്ടായി നിന്നുകൊണ്ട് പ്രകടിപ്പിക്കുക എന്നതാണ് ഭാരതത്തിന്റെ സുരക്ഷിതത്വം ഉറപ്പുവരുത്താനായി ജീവൻ ത്യജിച്ചും പോരാടുന്ന നമ്മുടെ ധീര ജവാന്മാരോട് നമുക്ക് നിറവേറ്റാനാവുന്ന ഏറ്റവും ചുരുങ്ങിയ കടമ.. അത് ചെയ്യാൻ നമ്മൾ മടിച്ചു നിൽക്കരുത്. 

https://t.co/SGPSUPE4aK

— Rajeev Chandrasekhar 🇮🇳 (@rajeev_mp)
click me!