പുല്‍വാമ ഭീകരാക്രമണം:കനത്ത തിരിച്ചടി നൽകുമെന്ന് രാജ്നാഥ് സിംഗ്

By Web TeamFirst Published Feb 14, 2019, 9:23 PM IST
Highlights

പുല്‍വാമ ഭീകരാക്രമണത്തിന് കനത്ത തിരിച്ചടി നൽകുമെന്നും പാക് പിന്തുണയുള്ള ജെയ്ഷെ മുഹമ്മദാണ് അക്രമണം നടത്തിയതെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി

ദില്ലി: പുല്‍വാമ ഭീകരാക്രമണത്തിന് കനത്ത തിരിച്ചടി നൽകുമെന്ന് ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്. പാക് പിന്തുണയുള്ള ജെയ്ഷെ മുഹമ്മദാണ് അക്രമണം നടത്തിയതെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു. ഭീകരതയ്ക്കെതിരെ രാജ്യം ഒറ്റക്കെട്ടായി നിലകൊള്ളുമെന്ന് രാഷ്ട്രപതി നേരത്തെ വിശദമാക്കിയിരുന്നു. സൈനികരുടെ ജീവത്യാഗം വെറുതെയാകില്ലെന്ന് വിശദമാക്കിയ പ്രധാനമന്ത്രി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി ചർച്ച നടത്തി. 

ദേശീയ അന്വേഷണ ഏജൻസിയുടെ 12 അംഗ സംഘം നാളെ രാവിലെ പുൽവാമയിലേക്ക് തിരിക്കും. രാജ്നാഥ് സിങ് നാളെ ശ്രീനഗറിൽ എത്തുമെന്നാണ് റിപ്പോര്‍ട്ട്. തെക്കൻ കശ്മീരിൽ മൊബൈൽ, ഇന്റർനെറ്റ്‌ സേവനം വിച്ഛേദിച്ചിട്ടുണ്ട്.  ശ്രീനഗരിൽ നെറ്റ് സേവനം പരിമിതപ്പെടുത്തി.

ജമ്മുവില്‍ നിന്ന് ശ്രീനഗറിലേക്ക് പോവുകയായിരുന്ന സിആര്‍പിഎഫ് കോണ്‍വോയ്ക്ക് നേരെയായിരുന്നു ഇന്ന് ആക്രമണമുണ്ടായത്. വളരെ ആസൂത്രണത്തോടെ നടന്ന ഒന്നാണ് ഈ ആക്രമണമെന്നാണ് സൂചന. ജയ്ഷെ മുഹമ്മദിന്റെ കൃത്യമായ ആസൂത്രണം ആക്രമണത്തിന് പിന്നിലുണ്ടെന്നാണ് പ്രാഥമിക വിവരം. പുല്‍വാമ ജില്ലയിലെ അവന്തിപൂറില്‍ വച്ച്  78 ബസുകളുണ്ടായിരുന്ന കോണ്‍വോയിലേക്ക് സ്കോര്‍പിയോ കാര്‍ ഇടിച്ച് കയറ്റുകയായിരുന്നു. 

350 കിലോയിലധികം സ്ഫോടകവസ്തു ഇടിച്ച് കയറ്റിയ വാഹനത്തില്‍ ഉണ്ടായിരുന്നതായാണ് നിഗമനം. അഫ്ഗാനിസ്ഥാനിലും മറ്റും നടക്കുന്ന രീതിയിലുള്ള ചാവേര്‍ ആക്രമണമാണ് പുല്‍വാമയിലുണ്ടായത്. സ്ഫോടനത്തിൽ തകർന്ന വാഹനത്തിലുണ്ടായിരുന്നത് 42 ജവാൻമാരായിരുന്നു. അതേസമയം തീവ്രവാദ ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 44 ആയി. 

click me!