
ദില്ലി: രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനം നേടാനുള്ള എൻഡിഎ നീക്കം വിജയത്തിലേക്ക്. പ്രാദേശിക പാർട്ടികളുടെയെല്ലാം പിന്തുണ ഉറപ്പാക്കാൻ പ്രതിപക്ഷത്തിനായില്ല. മത്സരത്തില്‍ നിന്നും എൻസിപി പിൻമാറിയതോടെ കോൺഗ്രസ് അംഗം പ്രതിപക്ഷ സ്ഥാനാർത്ഥി മത്സരിക്കും.
രാജ്യസഭാ ഉപാദ്ധ്യക്ഷ സ്ഥാനം നേടാനുള്ള പ്രതിപക്ഷ നീക്കത്തിന് കനത്ത തിരിച്ചടി. ബിജു ജനതാദൾ, ടിആർഎസ് തുടങ്ങിയ പാർട്ടികളുടെ പിന്തുണ തേടാൻ രാവിലെ ചേർന്ന പ്രതിപക്ഷ യോഗം തീരുമാനിച്ചിരുന്നു. എൻസിപിയുടെ വന്ദനചവാൻറെ പേരാണ് പ്രതിപക്ഷം മുന്നോട്ടു വച്ചത്
എന്നാൽ വൈകിട്ട് വീണ്ടും പ്രതിപക്ഷ യോഗം ചേർന്നപ്പോൾ ആശയക്കുഴപ്പം പ്രകടമായി. പ്രാദേശിക പാർട്ടികളെ ഒപ്പം കൊണ്ടു വരാൻ ആവാത്ത സാഹചര്യത്തിൽ എൻസിപി പിൻമാറി. ഡിഎംകെയുടെ തിരുച്ചി ശിവയുടെ പേര് ഉയർന്നെങ്കിലും മത്സരിക്കാനില്ലെന്ന് അവരും അറിയിച്ചു. തുടർന്ന് കോൺഗ്രിൻറെ തന്നെ ഒരു സ്ഥാനാർത്ഥി മത്സരിച്ചാൽ മതിയെന്ന ധാരണയിൽ യോഗം പിരിഞ്ഞു.
244 പേരുള്ള സഭയിൽ ഇപ്പോൾ എൻഡിഎയ്ക്ക് 112 പേരുണ്ട്. പ്രതിപക്ഷത്ത് 116 പേരും. വിജയിക്കാൻ ആവശ്യം 123 അംഗങ്ങളുടെ പിന്തുണയാണ്. 9 അംഗങ്ങളുള്ള ബിജെഡി, ആറു പേരുള്ള ടിആർഎസ് എന്നിവരുടെ പിന്തുണ കിട്ടിയാൽ എൻഡിഎയ്ക്ക് വിജയിക്കാം. മോദിവിരുദ്ധ സഖ്യത്തിൽ ആശയക്കുഴപ്പം തുടരുന്നു എന്ന സൂചനയാണ് ഉപാദ്ധ്യക്ഷ സ്ഥാനത്തേക്കുള്ള നീക്കം പാളിയത് നല്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam