തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ രാമനും നബിയും പോര: ഫറൂഖ് അബ്ദുള്ള

By Web TeamFirst Published Nov 1, 2018, 5:30 PM IST
Highlights

ഹിന്ദു ഭരണാധികാരി ജമ്മു കാശ്മീര്‍ ഭരിച്ചിരുന്ന സമയത്ത് സംസ്ഥാനത്ത് സമാധാനമുണ്ടായിരുന്നെന്ന ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ പ്രസ്താവനയ്ക്കും അബ്ദുള്ള മറുപടി നല്‍കി. ജനങ്ങള്‍ക്കിടയില്‍ വെറുപ്പ് സൃഷ്ടിക്കാന്‍ മാത്രമുള്ള പരാമര്‍ശമാണിതെന്നായിരുന്നു ഫറൂഖ് അബ്ദുള്ളയുടെ പ്രതികരണം.
 

ശ്രീനഗര്‍: രാമനോ നബിയോ അല്ല ജനങ്ങളുടെ വോട്ടാണ് തെരഞ്ഞെടുപ്പുകളില്‍ വിജയിപ്പിക്കുകയെന്ന് ജമ്മുകാശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും ദേശീയ കോണ്‍ഫറന്‍സ് പ്രസിഡന്‍റുമായ ഫറൂഖ് അബ്ദുള്ള. ശ്രീരാമന്‍ തെരഞ്ഞെടുപ്പില്‍ വിജയിപ്പിക്കുമെന്നാണ് ബിജെപി കരുതുന്നത്. എന്നാല്‍ രാമനോ നബിയോ അല്ല ജനങ്ങളുടെ വോട്ടാണ് തെരഞ്ഞെടുപ്പില്‍ നിങ്ങളെ വിജയിപ്പിക്കുക. 

രാമക്ഷേത്രത്തെക്കുറിച്ചുള്ള ചോദ്യത്തിന് വിശദീകരണം നല്‍കുകയായിരുന്നു ഫറൂഖ് അബ്ദുള്ള. വരുന്ന തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് എതിരെ സഖ്യം രൂപികരിക്കുന്നതിനായി പ്രതിപക്ഷ നേതാക്കള്‍ ഒരുമിച്ച് സംസാരിക്കണമെന്നും ഫറൂഖ് അബ്ദുള്ള പറഞ്ഞു. ഹിന്ദു ഭരണാധികാരി ജമ്മു കാശ്മീര്‍ ഭരിച്ചിരുന്ന സമയത്ത് സംസ്ഥാനത്ത് സമാധാനമുണ്ടായിരുന്നെന്ന ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ പ്രസ്താവനയ്ക്കും അബ്ദുള്ള മറുപടി നല്‍കി. ജനങ്ങള്‍ക്കിടയില്‍ വെറുപ്പ് സൃഷ്ടിക്കാന്‍ മാത്രമുള്ള പരാമര്‍ശമാണിതെന്നായിരുന്നു ഫറൂഖ് അബ്ദുള്ളയുടെ പ്രതികരണം.

കാശ്മീരില്‍ ഇപ്പോഴും തീവ്രവാദമുണ്ടെന്നും അതിനെതിരെ പോരാടിയും ജനങ്ങളോട് സംസാരിച്ചുമാണ് ജനമനസ് കീഴടക്കേണ്ടത്. തോക്കുകൊണ്ട് ജനങ്ങളുടെ ഹൃദയം കീഴടക്കാമെന്നാണോ കരുതുന്നതെന്നും ഫറൂഖ് അബ്ദുള്ള ചോദിച്ചു. കാശ്മീരിലെ  ബഡ്ഗാമില്‍ ഇന്ന് പുലര്‍ച്ചെയുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു തീവ്രവാദികളെ സൈന്യം വധിച്ചിരുന്നു.
 

click me!