പ്രളയ ദുരിതാശ്വാസം: മുഖ്യമന്ത്രിയുടെ വാഗ്ദാനങ്ങള്‍ നടപ്പായില്ലെന്ന് രമേശ് ചെന്നിത്തല

By Web TeamFirst Published Dec 5, 2018, 3:38 PM IST
Highlights

പ്രളയ ദുരിതാശ്വാസത്തില്‍ മുഖ്യമന്ത്രിയുടെ വാഗ്ദാനങ്ങള്‍ നടപ്പായില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രളയത്തെ കുറിച്ചുള്ള യുഎന്‍ റിപ്പോര്‍ട്ട് പുറത്തുവിടണമെന്നും ചെന്നിത്തല.

തിരുവനന്തപുരം: പ്രളയ ദുരിതാശ്വാസത്തില്‍ മുഖ്യമന്ത്രിയുടെ വാഗ്ദാനങ്ങള്‍ നടപ്പായില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രളയത്തെ കുറിച്ചുള്ള യുഎന്‍ റിപ്പോര്‍ട്ട് പുറത്തുവിടണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. പ്രളയ ദുരിതാശ്വാസത്തെ സംബന്ധിച്ച് വി ഡി സതീശന്‍ അവതരിപ്പിച്ച അടിയന്തര പ്രമേയ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു ചെന്നിത്തല.

അടിയന്തര സഹായമായ 10000 രൂപ കിട്ടാത്തവർ ഏറെയാണെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി. മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടും ബാങ്കുകൾ ജപ്തി നടപടികൾ തുടരുന്നു. കേന്ദ്രത്തിൽ നിന്നും സഹായം നേടിയെടുക്കാൻ സംസ്ഥാനത്തിനായില്ല. സാലറി ചലഞ്ചിന്‍റെ പേരിൽ കേരളത്തിലെ ജീവനക്കാരെ രണ്ടുതട്ടിലാക്കിയെന്നും ചെന്നിത്തല പറഞ്ഞു. യുഎഇയിൽ നിന്ന് 700 കോടി കിട്ടുമെന്ന് മുഖ്യമന്ത്രിയോട് ആരുപറഞ്ഞുവെന്നും ചെന്നിത്തല ചോദിച്ചു. 

നവകേരളനിര്‍മ്മാണത്തില്‍ സര്‍ക്കാര്‍ പൂര്‍ണ പരാജയമെന്ന് കുറ്റപ്പെടുത്തിയായിരുന്നു പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയം. 100 ദിവസമായിട്ടും അര്‍ഹര്‍ക്ക് സഹായം കിട്ടിയിട്ടില്ല. 20 ശതമാനം പേര്‍ക്ക് ഇപ്പോഴും 10,000 രൂപ കിട്ടിയിട്ടില്ല. രക്ഷാപ്രവര്‍ത്തനം നടത്തിയവര്‍ക്ക് നഷ്ടപരിഹാരം നല്‍കിയില്ല. മത്സ്യത്തൊഴിലാളികള്‍ക്ക് പ്രഖ്യാപിച്ച തുക നല്‍കിയില്ല. 100 ദിവസം കഴിഞ്ഞിട്ടും രക്ഷാപ്രവര്‍ത്തനം നടത്തിയ മത്സ്യത്തൊഴികളുടെ തോണി പോലും നന്നാക്കിയിട്ടില്ല. മത്സ്യത്തൊഴികളുടെ വീട് പട്ടിണിയിലാണ്. വീട് നഷ്ടപ്പെട്ടവര്‍ക്ക് താത്ക്കാലിക പരിഹാരം ഒരുക്കാനും കഴിഞ്ഞില്ല എന്നും അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിച്ച വി ഡി സതീശന്‍ എംഎല്‍എ ആരോപിച്ചു.

Also Read: പ്രളയദുരിതാശ്വാസത്തില്‍ വ്യാപക പാളിച്ചയെന്ന് പ്രതിപക്ഷം; സഭയില്‍ അടിയന്തരപ്രമേയ ചര്‍ച്ച തുടങ്ങി

എന്നാല്‍, സമാനതകളില്ലാത്ത പ്രവർത്തനമാണ് സർക്കാർ ചെയ്തതെന്ന് സജി ചെറിയാൻ നിയമസഭയില്‍ പറഞ്ഞു. പ്രളയ ദുരിതാശ്വാസത്തില്‍ സർക്കാരിന് വ്യാപകമായി പാളിച്ച പറ്റിയെന്ന വി ഡി സതീശന്‍റെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു ചെങ്ങന്നൂർ എംഎൽഎ സജി ചെറിയാന്‍.

Also Read: പ്രളയ ദുരിതാശ്വാസം: രക്ഷാപ്രവർത്തനത്തിൽ യുഡിഎഫ് രാഷ്ട്രീയം കളിച്ചെന്ന് സജി ചെറിയാൻ

click me!