Asianet News MalayalamAsianet News Malayalam

പ്രളയദുരിതാശ്വാസത്തില്‍ വ്യാപക പാളിച്ചയെന്ന് പ്രതിപക്ഷം; സഭയില്‍ അടിയന്തരപ്രമേയ ചര്‍ച്ച തുടങ്ങി

പ്രളയ ദുരിതാശ്വാസത്തില്‍ സർക്കാരിന് വ്യാപകമായി പാളിച്ച പറ്റിയെന്ന് അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിച്ച വി ഡി സതീശന്‍ എംഎല്‍എ ആരോപിച്ചു. എന്നാൽ സാലറി ചാലഞ്ചുൾപ്പടെ പൊളിച്ചത് പ്രതിപക്ഷമാണെന്ന ആരോപണമാണ് ഭരണപക്ഷം ഉയർത്തുന്നത്.

v d satheesan at assembly
Author
thiruvanathapuram, First Published Dec 5, 2018, 1:23 PM IST

തിരുവനന്തപുരം: പ്രളയാനന്തര സഹായം വൈകുന്നത് സംബന്ധിച്ച് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തില്‍ നിയമസഭയില്‍ ചര്‍ച്ച തുടങ്ങി. പ്രളയ ദുരിതാശ്വാസത്തില്‍ സർക്കാരിന് വ്യാപകമായി പാളിച്ച പറ്റിയെന്ന് അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിച്ച വി ഡി സതീശന്‍ എംഎല്‍എ ആരോപിച്ചു. 100 ദിവസമായിട്ടും അര്‍ഹര്‍ക്ക് സഹായം കിട്ടിയിട്ടില്ല.

20 ശതമാനം പേര്‍ക്ക് ഇപ്പോഴും 10,000 രൂപ കിട്ടിയിട്ടില്ല. രക്ഷാപ്രവര്‍ത്തനം നടത്തിയവര്‍ക്ക് നഷ്ടപരിഹാരം നല്‍കിയില്ല. മത്സ്യത്തൊഴിലാളികള്‍ക്ക് പ്രഖ്യാപിച്ച തുക നല്‍കിയില്ല. 100 ദിവസം കഴിഞ്ഞിട്ടും രക്ഷാപ്രവര്‍ത്തനം നടത്തിയ മത്സ്യത്തൊഴികളുടെ തോണി പോലും നന്നാക്കിയിട്ടില്ല. മത്സ്യത്തൊഴികളുടെ വീട് പട്ടിണിയിലാണ്. വീട് നഷ്ടപ്പെട്ടവര്‍ക്ക് താത്ക്കാലിക പരിഹാരം ഒരുക്കാനും കഴിഞ്ഞില്ല എന്നും അദ്ദേഹം ആരോപിച്ചു.

ഉപജീവനമാര്‍ഗം നഷ്ടപ്പെട്ട ആയിരക്കണക്കിന് ആളുകളുണ്ട്. അവര്‍ക്കൊന്നും നഷ്ട പരിഹാരം നല്‍‌കിയിട്ടില്ല. കണക്കില്ലാത്ത ധനസമാഹരണമാണ് സര്‍ക്കാര്‍ നടത്തിയത്. കിട്ടിയ പണത്തിന്‍റെ എട്ടിലൊന്ന് പോലും പുന:നിര്‍മ്മാണത്തിന് ചിലവാക്കിയിട്ടില്ല. ഗ്രാമീണ റോഡുകള്‍ ശരിയാക്കാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്തിട്ടില്ല. സര്‍ക്കാരിന്‍റെ ഭാഗത്തുനിന്ന് പ്രഖ്യാപനങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നത്. കുടുംബശ്രീ ലോണ്‍ പോലും കൃത്യമായി കിട്ടുന്നില്ല. മുഖ്യധാരാ ബാങ്കുകള്‍‌ ലോണ്‍ നല്‍കാന്‍ തയ്യാറാകുന്നില്ലെന്നും സതീശന്‍ പറഞ്ഞു.

അതേസമയം, ധനസഹായം നാല് ലക്ഷം രൂപയില്‍ നിന്ന് ആറ് ലക്ഷമാക്കണമെന്ന് അന്‍വര്‍ സാദത്ത് ആവശ്യപ്പെട്ടു. ദുരിതാശ്വാസത്തില്‍ വിവേചനം കാണിച്ചുവെന്ന് ഒ. രാജഗോപാല്‍ ആരോപിച്ചു. സമാനതകളില്ലാത്ത പ്രവര്‍ത്തനമാണ് സര്‍ക്കാര്‍ ചെയ്തതെന്ന് സജി ചെറിയാന്‍ മറുപടി പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തില്‍ യുഡിഎഫ് രാഷ്ട്രീയം കളിച്ചു. സാലറി ചലഞ്ച് പൊളിച്ചത് യുഡിഎഫ് ആണെന്ന് സജി ചെറിയാന്‍ പറഞ്ഞു. തന്‍റെ മണ്ഡലത്തിൽ മാത്രം 600 മത്സ്യത്തൊഴിലാളി വള്ളങ്ങളാണ് രക്ഷാപ്രവർത്തനത്തിനായി വന്നത്. ഒരു യുഡിഎഫ് നേതാവിന്‍റേയും നേതൃത്വത്തിൽ ഒറ്റവള്ളം പോലും എത്തിയില്ല. ദുരിതാശ്വാസ ക്യാമ്പുകൾ സിപിഎം ക്യാമ്പുകളാണെന്ന് ആരോപിച്ച് ക്യാമ്പുകളെ തകർക്കാനാണ് യുഡിഎഫ് ശ്രമിച്ചതെന്നും സജി ചെറിയാന്‍ പറഞ്ഞു. അടിയന്തര പ്രമേയത്തിന്മേല്‍ നടന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു ചെങ്ങന്നൂർ എംഎൽഎ സജി ചെറിയാന്‍.

ദുരിതബാധിതര്‍ക്ക് സര്‍ക്കാര്‍ സഹായം ലഭിച്ചില്ലെന്ന് കാണിച്ചാണ് പ്രതിപക്ഷം അടിയന്തരപ്രമേയ നോട്ടീസ് നല്‍കിയത്.  തുടര്‍ന്ന് ചര്‍ച്ചയാകാമെന്ന് മുഖ്യമന്ത്രി അറിയിക്കുകയായിരുന്നു. ഒരു മണി മുതല്‍ മൂന്ന് മണി വരെയാണ് ചര്‍ച്ച. 


 

Follow Us:
Download App:
  • android
  • ios