
തിരുവനന്തപുരം: സിബിഐയ്ക്ക് പിന്നാലെ റിസര്‍വ്വ് ബാങ്കിനെയും കൈപ്പിടയിലാക്കിക്കൊണ്ട് രാജ്യത്തെ എല്ലാ ഭരണ ഘടനാ സ്ഥാപനങ്ങളെയും തകര്‍ക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. റിസവര്‍വ്വ് ബാങ്കിന്റെ പ്രവര്‍ത്തനത്തില്‍ ഇടപെടാന്‍ സര്‍ക്കാരിന് അനുവാദം നല്‍കുന്ന ആര്‍ബിഐ നിയമത്തിലെ ഏഴാം വകുപ്പ് ദുരുപയോഗം ചെയ്തു കൊണ്ട് റിസര്‍വ്വ് ബാങ്കിനെ കൂച്ചുവിലങ്ങിടാനും സര്‍ക്കാരിന്റെ കാല്‍ക്കീഴില്‍ കൊണ്ടുവരാനുമുളള ശ്രമമാണ് കേന്ദ്രം ഭരിക്കുന്ന ബിജെ പി സര്‍ക്കാര്‍ നടത്തുന്നത്.
രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ട 1991, 2008 വര്‍ഷങ്ങളില്‍ പോലും സെക്ഷന്‍ ഏഴില്‍ പറയുന്ന തരത്തിലുള്ള അധികാരം ഉപയോഗിക്കാന്‍ അന്നത്തെ കേന്ദ്ര സര്‍ക്കാരുകള്‍ തയ്യാറായിട്ടില്ല. റിസര്‍വ്വ് ബാങ്കിനെ പോലുള്ള രാജ്യത്തെ ഏറ്റവും നിര്‍ണ്ണായകമായൊരു സ്ഥാപനത്തെ കേവലം രാഷ്ട്രീയ കളികളിലേക്ക് വലിച്ചിഴച്ചത് ഒട്ടും ശരിയായില്ല. ആര്‍എസ്എസ് പശ്ചാത്തലമുള്ള ഗുരുമൂര്‍ത്തിയേയും, സതീഷ് മറാത്തെയെയും റിസര്‍വ്വ് ബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡില്‍ ഉള്‍പ്പെടുത്തിയതിലൂടെ ആ മഹത്തായ സ്ഥാപനത്തെ ഇടിച്ചു താഴ്തുകയാണ് കേന്ദ്ര സര്‍ക്കാര്‍.
ആര്‍എസ്എസിന്റെയും ബിജെപിയുടെയും ചൊല്‍പ്പടിയില്‍ റിസര്‍വ്വ് ബാങ്കിനെ കൊണ്ടുവരാനുള്ള നീക്കത്തിന്റെ ഭാഗമായിട്ടാണ് ആര്‍എസ് എസ് നേതാക്കളെ ഡയറക്ടര്‍ ബോര്‍ഡിലേക്ക് കൊണ്ടുവന്നത്. ഇതില്‍ മനം മടുത്ത് മോദിയുടെ തന്നെ നോമിനിയായ റിസര്‍വ്വ് ബാങ്ക് ഗവണര്‍ണ്ണര്‍ ഊര്‍ജ്ജിത് പട്ടേല്‍ രാജിവയ്കാന്‍ പോകുന്നുവെന്നും മാധ്യമ റിപ്പോര്‍ട്ടുകളുണ്ട് റിസര്‍വ്വ് ബാങ്കില്‍ സര്‍ക്കാരിന്റെ കൈകടത്തലുകള്‍ ലോകത്തെ അറിയിച്ച റിസര്‍വ്വ് ബാങ്ക് ഡെപ്യുട്ടി ഗവര്‍ണ്ണര്‍ വിരാല്‍ ആചാര്യയെ കേന്ദ്ര ധനകാര മന്ത്രി അരുണ്‍ ജെറ്റ്‌ലി ഭീഷണിപ്പെടുത്തിയെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്.
റിസര്‍വ്വ് ബാങ്ക് ഉള്‍പ്പെടയെുള്ള ഭരണഘടനാ സ്ഥാപനങ്ങളെ തകര്‍ക്കാനുള്ള നീക്കത്തില്‍ മോദി സര്‍ക്കാര്‍ അടിയന്തിരമായി പിന്‍മാറണം. നരേന്ദ്ര മോദിക്കും സംഘത്തിനും എങ്ങിനെയാണ് ഇത്തരം സ്ഥാപനങ്ങള്‍ ഭരിക്കേണ്ടതെന്നറിയില്ലന്നും അതിന്റെ ഫലമാണ് ഇന്ന് രാജ്യം നേരിടുന്ന എല്ലാ പ്രതിസന്ധികളെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam