കൊച്ചി ബ്യൂട്ടിപാര്‍ലര്‍ വെടിവയ്പ്പ്; രവി പൂജാരിയുടെ പേരില്‍ ഏഷ്യാനെറ്റ് ന്യൂസിന് ഫോൺ സന്ദേശം

By Web TeamFirst Published Dec 19, 2018, 10:10 AM IST
Highlights

വെടിയുതിര്‍ത്തത് തന്‍റെ ആളുകളെന്ന് അവകാശവാദം. ലീന മരിയ പോളല്ല മറ്റൊരാളാണ് ലക്ഷ്യം. വിവരങ്ങൾ ഏഷ്യാനെറ്റ് ന്യൂസ് പൊലീസിന് കൈമാറി. കോളുകളുടെ ഉറവിടം പൊലീസ് പരിശോധിക്കുന്നു.

കൊച്ചി: കൊച്ചി ബ്യൂട്ടി പാർലർ വെടിവയ്പ്പിന് പിന്നിൽ താൻ തന്നെയെന്ന് അവകാശപ്പെട്ട് മുംബൈ അധോലോക രാജാവ് രവി പൂജാരിയുടെ പേരിൽ ഫോൺ കോൾ. ബ്യൂട്ടി പാർലർ ഉടമയായ നടി ലീന മരിയ പോൾ ഉൾപ്പെട്ടസംഘം ചിലരുടെ കോടികൾ പറ്റിച്ചെടുത്തെന്നും അത് തിരിച്ചുപിടിക്കാനാണ് താൻ ഇടപെട്ടതെന്നുമാണ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ച ഫോൺ സന്ദേശത്തിലുളളത്. കൊച്ചിയിൽ വെടിയുതിർത്തത് തന്‍റെ ആളുകളാണെന്നും തട്ടിപ്പിനു പിന്നിലെ പ്രധാനിയെ താൻ വകവരുത്തുമെന്നും രവി പൂജാരിയുടെ പേരിലെത്തിയ വിദേശ ഫോൺ കോൾ ആവർത്തിക്കുന്നു.

മൂന്നു ദിവസം മുമ്പ് ലീന മരിയ പോളുമായുളള ഫോൺ സംഭാഷണം ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ട് മണിക്കൂറുകൾക്കുളളിലാണ് രവി പൂജാരിയെന്ന അവകാശപ്പെട്ടുളള ആദ്യഫോൺ സന്ദേശം എത്തിയത് . പനമ്പളളി നഗറിലെ ബ്യൂട്ടി പാർലറിൽ വെടിയുതിർത്തത് തന്‍റെ ആളുകൾ തന്നെയാണെന്ന് രവി പൂജാരി എന്ന് അവകാശപ്പെട്ട ആള്‍ പറയുന്നു. ദക്ഷിണ കൊറിയയിലെ ഐ പി വിലാസത്തിലുളള ഈ ഇന്‍റർനെറ്റ് കോളിന്‍റെ കാര്യം അന്നുതന്നെ ഏഷ്യാനെറ്റ് ന്യൂസ് കൊച്ചി സിറ്റി പൊലീസിനെ അറിയിച്ചിരുന്നു. ഇന്നലെ വൈകുന്നേരമാണ് രവി പൂജാരിയെന്ന പേരിൽ വീണ്ടും ഫോൺ വിളിയെത്തിയത്.

ലീന മരിയയെ തനിക്കറിയില്ല. എന്നാൽ യഥാർഥ തട്ടിപ്പ് നടത്തിയ മറ്റൊരാളുണ്ട്. അയാളിലേക്ക് എത്താനാണ് ലീന മരിയയെ വിളിച്ചത്. ലീന മരിയ പറയുന്നത് പലതും പച്ചക്കളളമാണ്. 25 കോടിയാണ് താൻ അവകാശപ്പെട്ടത്. ആ തുകയിൽ മാറ്റമില്ല. രവി പൂജാരി തന്നെയാണ് വിളിക്കുന്നതെന്ന് ഏഷ്യാനെറ്റ് ന്യൂസിന് സംശയമുണ്ടെങ്കിൽ മുംബൈയിലെ പ്രമുഖർക്ക് താൻ വിളിച്ച ഫോൺ കോളുകൾ യൂ ട്യൂബിൽ പരിശോധിക്കാം എന്നും അയാള്‍ പറഞ്ഞു. തുടർന്ന് തന്‍റെ വിദേശ സ്വകാര്യ നമ്പരും ഇയാൾ ഏഷ്യാനെറ്റ് ന്യൂസിന് നൽകി. 

കഴിഞ്ഞ ഒക്ടോബറിൽ മുംബൈയിലെ ഒരു ഡോക്ടറെ ഓസ്ട്രേലിയയിൽ നിന്ന് വിളിച്ച് രവി പൂജാരി ഭീഷണിപ്പെടുത്തിയത് ഇതേ നമ്പരിൽ നിന്ന് തന്നെയായിരുന്നു. ബ്യൂട്ടി പാർലർ ആക്രമണത്തിന് പിന്നിൽ രവി പൂജാരി തന്നെയാണോ എന്ന് പരിശോധിക്കുന്നതിനിടെയാണ് ഞങ്ങൾക്ക് ഈ വിദേശ നെറ്റ് കോളുകൾ കഴിഞ്ഞ മൂന്നുദിവസങ്ങളിലായി ലഭിച്ചത് . ഇതേശബ്ദത്തിലുളള സമാനമായ കോളുകൾ സംഭവത്തിനുശേഷം ലീന മരിയ പോളിനും ലഭിച്ചിട്ടുണ്ട്.ഏഷ്യാനെറ്റ് ന്യൂസിനടക്കം ലഭിച്ച ഫോൺകോളുകളുടെ ഉറവിടം കൊച്ചി സിറ്റി പൊലീസ് പരിശോധിക്കുന്നുണ്ട്. 

ഫോൺ സംഭാഷണം ഇങ്ങനെ:

റിപ്പോർട്ടർ : ആരാണ് ഇത് , ,.,

ഇത് രവിയാണ്  രവി പൂജാരി,,,ഓസ്ട്രേലിയയിൽ നിന്നാണ് വിളിക്കുന്നത് 

രവി പൂജാരി: ഞാൻ അവകാശപ്പെടുന്നു അത് ചെയ്തത് ഞാൻ  ആണ്. എന്‍റെ ആളുകളാണ് ചെയ്തത് , എന്താണ് കാരണമെന്ന് ഞാൻ പറയുന്നില്ല.

റിപ്പോർട്ടർ : ഇങ്ങനെ ചെയ്യാൻ എന്താണ് കാരണം ,

രവി പൂജാരി , കേരളത്തിലുള്ളവർക്ക് അറിയാം, ലീന ഒരുപാട് പേരെ ചതിച്ചിട്ടുണ്ട്, അവർക്കെതിരെ ഒരുപാട് പരാതികളുണ്ട്. കുറേ പണം തട്ടിയിട്ടുണ്ട്. അതു കൊണ്ടാണ് ഞാൻ അവരോട് പണം ആവശ്യപ്പെട്ടത് 

രവി പൂജാരി : ഒരാൾ കൂടിയുണ്ട് ആ പേര് ഇപ്പോൾ പറയുന്നില്ല , അവനെ കൊന്നു കഴിഞ്ഞാൽ നിങ്ങൾക്ക് മനസ്സിലാകും ആരാണെന്ന്

രവി പൂജാരി :  രവി പൂജാരിക്ക് ഒരു പേരുണ്ട്, ഞാൻ 25 കോടിയെന്ന് പറ‍ഞ്ഞാൽ 25 കോടി തന്നിരിക്കണം.

രവി പൂജാരി : മുംബൈ പൊലീസിന്‍റെ കയ്യിൽ എന്‍റെ ശബ്ദത്തിന്‍റെ റെക്കോ‍ർഡിങ്ങുണ്ട്. അത് പരിശോധിക്കാം, ഇന്ത്യക്ക് മുഴുവൻ എന്‍റെ നമ്പർ അറിയാം

click me!