
തിരുവനന്തപുരം: സംസ്ഥാനത്ത് കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ കൂടുന്നു. പോക്സോ നിയമപ്രകാരം 2027 കേസുകളാണ് കഴിഞ്ഞ 8 മാസത്തിനിടെ രജിസ്റ്റർ ചെയ്തത്. കേസുകൾ കോടതിയിൽ തീർപ്പാവാൻ കാലതാമസം ഉണ്ടാവുന്നതും തുടർനടപടികൾക്ക് തിരിച്ചടിയാവുന്നു.
സംസ്ഥാനത്ത് പോക്സോ കേസുകളുടെ എണ്ണം 2027 (ആഗസ്റ്റ് മാസം വരെ)
ജില്ല തിരിച്ചുള്ള കണക്ക്
| തിരുവനന്തപുരം | 274 |
| കൊല്ലം | 179 |
| പത്തനംതിട്ട | 79 |
| ആലപ്പുഴ | 105 |
| കോട്ടയം | 108 |
| ഇടുക്കി | 93 |
| എറണാകുളം | 155 |
| തൃശൂർ | 195 |
| പാലക്കാട് | 137 |
| മലപ്പുറം | 234 |
| കോഴിക്കോട് | 174 |
| വയനാട് | 80 |
| കണ്ണൂർ | 133 |
| കാസർഗോഡ് | 81 |
കഴിഞ്ഞ ആഗസ്റ്റ് മാസം വരെയുള്ള കണക്കുകളാണ് ക്രൈം റെക്കോർഡ്സ് ബ്യൂറോ പുറത്ത് വിട്ടത്. ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത് തിരുവനന്തപുരം ജില്ലയിലാണ്. 274 കേസുകൾ. പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള മലപ്പുറത്ത് 234 കേസുകൾ ഇക്കാലയളവിൽ രജിസ്റ്റർ ചെയ്തു. കഴിഞ്ഞ വർഷം 2697 പോക്സോ കേസുകളാണ് സംസ്ഥാനത്താകെ രജിസ്റ്റർ ചെയ്തത്.
പോക്സോ നിയമം പ്രാബല്യത്തിൽ വന്നതിന്റെ തൊട്ടടുത്ത വർഷമായ 2013 ൽ 1016 കേസുകളാണ് രജിസ്റ്റർ ചെയ്തത്. 5 വർഷം കഴിയുന്പോൾ രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം ഇരട്ടിയായിരിക്കുന്നു. അതേ സമയം കോടതികളിൽ കെട്ടികിടക്കുന്ന പോക്സോ കേസുകളുടെ എണ്ണവും കൂടുകയാണ്. കഴിഞ്ഞ വര്‍ഷം പോക്‌സോ കോടതികളില്‍ പരിഗണനയ്‌ക്കെത്തിയ കേസുകളില്‍ തീര്‍പ്പായത് 15 ശതമാനം മാത്രം.
18 വയസ്സിൽ താഴെയുള്ള കുട്ടികള്‍ക്കുനേരേയുള്ള എല്ലാ ലൈംഗിക അതിക്രമങ്ങളും പ്രേരണയും നഗ്നചിത്ര പ്രദർശനവുമാണ് നിയമത്തിന്റെ പരിധിയില്‍ വരിക.അഞ്ച് വര്‍ഷം മുതല്‍ ജീവപര്യന്തം വരെയുള്ള തടവും പിഴയുമാണ് വിവിധ വകുപ്പുകളിലായി പോക്സോ കേസുകളില്‍ ചുമത്തുന്നത്. കുട്ടികൾക്ക് നേരെയുള്ള ലൈംഗികാതിക്രമങ്ങളുടെ തോത് കൂടുന്നത് ആശങ്കജനകമാണ്. പഴുതടച്ച നിയമനടപടികൾക്കൊപ്പം ബോധവത്കരണം കൂടുതൽ ശക്തിപ്പെടേണ്ടതുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam