
ആസ്സാം: ചിലരുടെ പ്രായവും ശബ്ദവും ചേർന്നു പോകില്ല. പ്രായം എത്ര കൂടിയാലും കൗമാരപ്രായത്തിലാണോ എന്ന് തോന്നിപ്പിക്കുന്ന ശബ്ദം സ്വന്തമായുള്ള വ്യക്തികളുണ്ട്. അത്തരമൊരു ശബ്ദത്തെ പ്രണയിച്ച് കുരുക്കിലകപ്പെട്ടിരിക്കുകയാണ് ആസ്സാം സ്വദേശിയായ പതിനഞ്ചുകാരൻ. മൊബൈലിൽ തെറ്റി വിളിച്ച നമ്പറിന്റെ അങ്ങേയറ്റത്ത് നിന്ന് മധുരമുള്ളൊരു ശബ്ദം കേട്ടപ്പോൾ പിന്നൊന്നും ആലോചിച്ചില്ല, പ്രണയിച്ചു തുടങ്ങി. എല്ലാ ദിവസവും സംസാരിക്കും.
വിളികളുടെ എണ്ണവും ദിവസം ചെല്ലുന്തോറും കൂടിക്കൂടി വന്നു. ഒരുമാസം പിന്നിട്ടപ്പോഴേയ്ക്കും പ്രണയം അതിന്റെ മൂർദ്ധന്യാവസ്ഥയിലെത്തി. തമ്മിൽ കാണാൻ ധൃതിയായി രണ്ടാൾക്കും. തമ്മിൽ സംസാരിച്ച ഒരുമാസം പ്രായമോ മറ്റു വിവരങ്ങളോ ഇരുവരും വെളിപ്പെടുത്തിയില്ല എന്നതാണ് ഏറെ രസകരം.
ആസ്സാമിലെ ഗോൾപാര ജില്ലയിൽ നിന്നും സുക്കുവാജർ ഗ്രാമത്തിലെത്തിയ ആൺകുട്ടി തന്റെ പ്രണയഭാജനത്തെ കണ്ട് തകർന്നു പോയി. അവർക്ക് അറുപത് വയസ്സുണ്ടായിരുന്നു! കാമുകന് പതിനഞ്ചും! ചുരുക്കിപ്പറഞ്ഞാൽ കാമുകിക്ക് കാമുകന്റെ മുത്തശ്ശിയുടെ പ്രായം. തകർന്നുപോയി എന്നല്ലാതെ വേറെന്ത് പറയാൻ. രണ്ട് പേരുടെയും അവസ്ഥ ഒന്നു തന്നെയായിരുന്നു. എന്നാൽ പ്രണയമറിഞ്ഞ വീട്ടുകാർ പറയുന്നത് കല്യാണം കഴിച്ച് സുഖമായി ജീവിക്കാനാണ്. ഇവരുടെ എതിർപ്പ് വകവയ്ക്കാതെയാണ് വീട്ടുകാരുടെയും ബന്ധുക്കളുടെയും നിർബന്ധം.
ആൺകുട്ടിയുടെ സംസാരം വളരെയധികം ഇഷ്ടപ്പെട്ടിരുന്നു എന്നാണ് കാമുകിയുടെ വിശദീകരണം. സുഹൃത്തായി മാത്രമേ പരിഗണിച്ചിട്ടുള്ളൂ. വിവാഹം കഴിക്കണമെന്ന് ചിന്തിച്ചിട്ട് കൂടിയില്ല. കാമുകന് എങ്ങനെയെങ്കിലും ഈ പ്രണയത്തിൽ നിന്ന് രക്ഷപ്പെട്ടാൽ മതിയെന്നേ ഉള്ളൂ. സംഭവത്തിൽ ചൈൽഡ് ലൈൻ പ്രവർത്തകരോട് അഭിപ്രായം ചോദിച്ചതായി ഗുവാഹത്തിയിലെ ചൈൽഡ് ലൈൻ പ്രവർത്തകനായ നിർമൽ ദേകാ പറയുന്നു.
പ്രായപൂർത്തിയാകാത്ത കുട്ടിയെ വിവാഹം കഴിപ്പിച്ചാൽ ബന്ധുക്കൾക്കെതിരെ നടപടിയെടുക്കാം. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്താൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ഏൽപിച്ചതായും പൊലീസ് വെളിപ്പെടുത്തി. കുട്ടിയുടെ അവകാശ സംരക്ഷണത്തിനായി നടപടികൾ കൈക്കൊള്ളുമെന്ന് ചൈൽഡ് ലൈൻ പ്രവർത്തകർ വ്യക്തമാക്കി. അങ്ങനെ വിവാഹം നടന്നാൽ അത് 2006 ലെ ശിശു സംരക്ഷണ നിയമപ്രകാരം കുറ്റകരമാണ്. എന്നാൽ നിർബന്ധിച്ച് വിവാഹം നടത്തുന്നു എന്ന കാര്യത്തിൽ ഔദ്യോഗിക പരാതികളൊന്നും ലഭിച്ചിട്ടില്ലെന്ന് ഡെപ്യൂട്ടി കമ്മീഷണർ പറയുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam