ഇതിന് മുമ്പും നാം ഒരു മഹാപ്രളയത്തെ അതിജീവിച്ചിട്ടുണ്ട്; 99 ൽ

Published : Aug 21, 2018, 11:06 PM ISTUpdated : Sep 10, 2018, 03:57 AM IST
ഇതിന് മുമ്പും നാം ഒരു മഹാപ്രളയത്തെ അതിജീവിച്ചിട്ടുണ്ട്; 99 ൽ

Synopsis

ഇരുപത്തേഴ് ദിവസം നീണ്ടുനിന്ന മഴയിലും വെള്ളപ്പൊക്കത്തിലും പെരിയാർ കുലം കുത്തിയൊഴുകി. നോക്കുന്നിടത്തെല്ലാം വെള്ളം. ആകാശത്തിന്റെ അതിർത്തി അടയാളപ്പെടുത്തുന്ന പോലെ വെള്ളം മാനം തൊട്ട് നിന്നു. കേരളം ഈ ദുരന്തത്തെ അടയാളപ്പെടുത്തിയത് തൊണ്ണൂറ്റൊൻപതിലെ വെള്ളപ്പൊക്കം എന്നായിരുന്നു, അതായത് കൊല്ലവർഷം 1099 ലായിരുന്നു ഈ പ്രകൃതി ദുരന്തം. കേരള ചരിത്രത്തിലെ കറുത്ത ഏടായിരുന്നു ഈ മഹാപ്രളയം. 

ആലപ്പുഴയുടെ സ്വന്തം കഥാകാരനായ തകഴി ശിവശങ്കരപ്പിള്ളയുടെ ഒരു  കഥയുണ്ട്. മഴയുടെയും പ്രളയത്തിന്റെയും സമസ്തഭാവങ്ങളും ആവിഷ്കരിക്കുന്ന ആ കഥയുടെ പേരാണ് വെള്ളപ്പൊക്കത്തിൽ. തൊണ്ണൂറ്റിനാല് വർഷങ്ങൾക്ക് മുമ്പ് കേരളത്തെ കടന്നുപോയ മഹാ പ്രളയമാണ് ഈ കഥയ്ക്ക് ആധാരം. ചരിത്രമതിനെ 99 ലെ വെള്ളപ്പൊക്കമെന്ന് അടയാളപ്പെടുത്തുന്നു. നിർത്താതെ മഴ പെയ്യുന്ന നേരത്തൊക്കെ പഴമക്കാർ പറയും, ഇത് തൊണ്ണൂറ്റൊൻപതിലെ വെള്ളപ്പൊക്കം പോലെയുണ്ടല്ലോ എന്ന്. 

തൊണ്ണൂറ്റിനാല് വർഷങ്ങൾക്ക് മുമ്പ് ഇതേപോലൊരു പ്രളയദുരിതത്തിലൂടെ കേരളം കടന്നു പോയിട്ടുണ്ട്. സ്വാതന്ത്യലബ്ധിക്കും മുമ്പ് 1924 ലായിരുന്നു ആ മഹാപ്രളയം. ഇരുപത്തേഴ് ദിവസം നീണ്ടുനിന്ന മഴയിലും വെള്ളപ്പൊക്കത്തിലും പെരിയാർ കുലം കുത്തിയൊഴുകി. നോക്കുന്നിടത്തെല്ലാം വെള്ളം. ആകാശത്തിന്റെ അതിർത്തി അടയാളപ്പെടുത്തുന്ന പോലെ വെള്ളം മാനം തൊട്ട് നിന്നു. കേരളം ഈ ദുരന്തത്തെ അടയാളപ്പെടുത്തിയത് തൊണ്ണൂറ്റൊൻപതിലെ വെള്ളപ്പൊക്കം എന്നായിരുന്നു, അതായത് കൊല്ലവർഷം 1099 ലായിരുന്നു ഈ പ്രകൃതി ദുരന്തം. കേരള ചരിത്രത്തിലെ കറുത്ത ഏടായിരുന്നു ഈ മഹാപ്രളയം. 

അന്ന് മൃ​ഗങ്ങള്‍ ചത്തൊടുങ്ങുകയും റോഡുകളും ചുരങ്ങളും വെറും മൺകൂനയായി മാറുകയും ചെയ്തു. വൈദ്യുതിയില്ല, ​ഗതാ​ഗത സൗകര്യമില്ല, ആശയവിനിമയം നടത്താൻ യാതൊരു വിധ മാർ​ഗങ്ങളുമില്ല. അങ്ങനെയൊരു അവസ്ഥയിലൂടെയാണ് അന്ന് നാം കടന്നു പോയത്. ഈ വെള്ളപ്പൊക്കം ഏറ്റവും കൂടുതൽ ബാധിച്ചത് കുട്ടനാടിനെ ആയിരുന്നു. അന്ന് കുട്ടനാട്ടിൽ നിന്ന് എത്തിയ ആളുകൾക്ക് അഭയം നൽകിയത് ആലപ്പുഴ ജില്ലയായിരുന്നു.

കേരളത്തിൽ റെയിൽപ്പാത ഇല്ലാത്ത ജില്ലകളിലൊന്നാണ് ഇടുക്കി. എന്നാൽ 1902 ൽ മൂന്നാറിലേക്ക് ട്രെയിൻ ​ഗതാ​ഗതം സാധ്യമായിരുന്നു. തേയില കയറ്റുമതിക്ക് വേണ്ടിയായിരുന്നു അന്ന് പ്രധാനമായും റെയിൽപ്പാത ഉപയോ​ഗിച്ചിരുന്നത്. അന്നത്തെ വെള്ളപ്പൊക്കത്തിൽ ആ റെയിൽപ്പാത ഒന്നോടെ ഒലിച്ചു പോയി. സമുദ്രനിരപ്പിൽ നിന്ന് 6500 അടി ഉയരമുണ്ട് മൂന്നാറിലെ തേയിലത്തോട്ടങ്ങൾക്ക്. ആ തോട്ടങ്ങളിൽ വരെ നാശം വിതയ്ക്കാൻ 99 ലെ വെളളപ്പൊക്കത്തിന് സാധിച്ചു. എത്രത്തോളം തീവ്രമായിട്ടാണ് പ്രകൃതി സംഹാരതാണ്ഡവമാടിയതെന്ന് ഓർക്കണം! വൻമരങ്ങൾ തകർന്നു വീണ്, മണ്ണിടിച്ചിലിലാണ് മൂന്നാർ താറുമാറായത്. 

ആ വർഷം കർക്കടക മാസം ഒന്നാം തീയതി തന്നെ മഴ ആരംഭിച്ചിരുന്നു. മൂന്നാഴ്ചയാണ് മഴ നിർത്താതെ പെയ്തത്. കേരളത്തിലെ താഴ്ന്ന പ്രദേശങ്ങൾ എല്ലാം വെള്ളത്തിൽ മുങ്ങി. അന്ന് എത്രപേരാണ് വെള്ളത്തിൽ ഒലിച്ചുപോയതെന്നോ മരണപ്പെട്ടതെന്നോ ആർക്കും അറിയില്ല. കണക്കെടുക്കാനുള്ള സംവിധാനങ്ങൾ പോലും അന്നുണ്ടായിരുന്നില്ല എന്നതാണ് യാഥാർത്ഥ്യം. ഉയർന്ന പ്രദേശങ്ങളിലേക്കെല്ലാം ജനങ്ങൾ ജീവൻ മാത്രം കയ്യിൽ പിടിച്ചുകൊണ്ട് ഓടിക്കയറി. പട്ടിണിയായിരുന്നു ഏറ്റവും വലിയ ദുരന്തം. ആലപ്പുഴ ജില്ലയെ പൂർണ്ണമായും എറണാകുളം ജില്ലയുടെ മൂന്നിലൊന്നും വെള്ളത്തിൽ മുങ്ങിപ്പോയി.

അതിന് മുമ്പ് അത്തരമൊരു പ്രളയത്തെ കേരളീയർ അഭിമുഖീകരിച്ചിട്ടുണ്ടായിരുന്നില്ല. 650 മില്ലീമീറ്റർ മഴയാണ് അന്ന് കേരളത്തിൽ ലഭിച്ചത്. തൃശൂർ, കോട്ടയം, മൂന്നാർ, എറണാകുളം, ആലപ്പുഴ എന്നീ ജില്ലകളാണ് അന്ന് ഏറ്റവും കൂടുതൽ പ്രളയ ദുരിതം അനുഭവിച്ചത്. അന്നത്തെ അത് ജില്ലയിൽ തന്നെയാണ് ഇത്തവണയും മഹാപ്രളയം നാശം വിതച്ചത്. അന്ന് എത്ര പേരാണ് മരിച്ചതെന്ന് കണക്കെടുക്കാൻ സാധിച്ചില്ല. എന്നാൽ ഈ പ്രളയത്തിൽ മൂന്നൂറ്റി എഴുപതിലധികം പേരാണ് മരണപ്പെട്ടതെന്ന് ഏകദേശക്കണക്കുകൾ പറയുന്നു. ഇത് കൃത്യമെന്ന് ഉറപ്പിക്കാറായിട്ടില്ല. 

നദീതീരത്ത് നിന്നാണ് അന്ന് വെള്ളം പൊങ്ങിയത്. വെള്ളം ആറടിയോളം ഉയരത്തിലെത്തിയിരുന്നു. വീടുകളും വീടുകളുടെ മേൽക്കൂരകളും വീട്ടുസാധനങ്ങളും ഒപ്പം മൃ​ഗങ്ങളുടെയും മനുഷ്യരുടെയും മൃതശരീരങ്ങളും ഒഴുകി നടക്കുന്ന കാഴ്ചയായിരുന്നു അന്ന്. തിരുവിതാംകൂറിൽ നിന്നുള്ള റിപ്പോർട്ട്  പ്രകാരം അഞ്ഞൂറ് വീടുകൾ ഇരുനൂറിലധികം തെങ്ങിൻതോട്ടങ്ങൾ, ആയിരം ഏക്കർ നിലം, ആറ് ലക്ഷത്തിലധികം ധാന്യങ്ങൾ ഇവയെല്ലാം നശിച്ചുപോയി. മൂന്നാറിലെ കുണ്ടളവാലി റെയിൽപ്പാതയാണ് ഏറ്റവും വലിയ നഷ്ടമായി ചരിത്രം അടയാളപ്പെടുത്തിയിരിക്കുന്നത്. 

സർക്കാരിന്റെ മേൽനോട്ടത്തിലായിരുന്നു ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ചത്. ഫ്ലഡ് റിലീഫ് കമ്മറ്റി രൂപീകരിച്ചായിരുന്നു പ്രവർത്തനങ്ങൾ. ആയിരക്കണക്കിന് അഭയാർത്ഥികൾക്ക് ഭക്ഷണവും അവശ്യസാധനങ്ങളും എത്തിച്ചു കൊടുത്തു. എന്നാൽ എല്ലാ പ്രദേശങ്ങളിലും എത്തിച്ചേരാൻ അവർക്ക് സാധിച്ചിരുന്നില്ല. നികുതിയിളവ് നൽകിയാണ് അന്ന് കർഷകരെ സമാശ്വസിപ്പിച്ചത്. ‌പാവപ്പെട്ടവർക്ക് വീട് വയ്ക്കാനുള്ള മുളയും ഓലയും സർക്കാർ‌ തന്നെ സൗജന്യമായി എത്തിച്ചു കൊടുത്തു. പല ഫണ്ടുകളും വകമാറ്റി ചെലവഴിച്ചാണ് അന്നത്തെ സർക്കാർ‌ കേരളത്തെ കരകയറ്റാൻ പരിശ്രമിച്ചത്. 

മലബാറിലും പ്രളയം നാശം വിതച്ചു. കർക്കടകത്തിലെ 17 ദിവസങ്ങൽ കഴിഞ്ഞപ്പോഴും തെക്കേ മലബാർ വെള്ളത്തിലായിരുന്നു. കോഴിക്കോട് പട്ടണത്തിലെ രണ്ടായിരം വീടുകൾ നിലം പതിച്ചു. രണ്ടു ദിവസം മുങ്ങിക്കിടന്ന പൊന്നാനി താലൂക്കിൽ മൃതദേഹങ്ങൾ ഒഴുകി നടന്നു. പക്ഷേ, അവ മറ്റുള്ള സ്ഥലങ്ങളിൽ നിന്നും ഒഴുകി വന്നതായിരുന്നു. പ്രസിദ്ധ തടിവ്യവസായ കേന്ദ്രമായ കല്ലായിയിൽ നിന്ന് അന്നത്തെ വിലയ്ക്ക് 15 ലക്ഷം രൂപയുടെ തടിയാണ്‌ ഒഴുകിപ്പോയത്. ബുഡിയറയിലെ വ്യവസായ ശാലയിൽ നിന്ന് ഇരുപത്തൊന്നരലക്ഷം മേച്ചിലോടുകളും പതിനായിരത്തിൽ പരം ഇഷ്ടികയും വിറകും ഒഴുകിപ്പോയി.

തീണ്ടലും തൊടീലും കർശനമായി പാലിച്ചിരുന്ന കാലടിയിലും മറ്റും വെള്ളം അയിത്തത്തെ എടുത്തുകൊണ്ടു പോയി. കാലടി തലയാറ്റുംപള്ളി മനയ്ക്കൽ നിന്നു കൊണ്ടുപോയ വലിയ ചെമ്പിൽ അരിവേവിച്ചാണ്‌ അഭയകേന്ദ്രമായിരുന്ന മറ്റൂർ കുന്നിലെ സകല ജാതിക്കാർക്കും ചോറു കൊടുത്തത്. തെക്കിനേടത്തു മനയിലെ വാസു നമ്പൂതിരിയാണ്‌ എല്ലാവർക്കും വേണ്ട അരിയും വിറകും നൽകിയത്. പല ഉയർന്ന മലകളിലെയും ക്ഷേത്ര വളപ്പുകളിൽ ഇതാദ്യമായി എല്ലാ ജാതിക്കാരും കയറിക്കൂടി. ചിലയിടത്തു മാത്രം ക്ഷേത്ര മതിൽകെട്ടിനുള്ളിൽ കയറിയിരുന്ന സവർണർ മറ്റുള്ളവരെ അകത്തു കടത്തിയില്ല. കാലടിയിൽ പ്രകൃതി അയിത്തമവസാനിപ്പിച്ചപ്പോഴും ഏറെ അകലെയല്ലാതെ വൈക്കത്ത് അയിത്തതിനെതിരേ സഹനസമരം നടക്കുകയായിരുന്നു. 

അയിത്ത ജാതിക്കാർക്ക് ക്ഷേത്രറോഡിൽ കൂടി സഞ്ചരിക്കാൻ പാടില്ലെന്ന നിയമത്തിനെതിരായി വൈക്കം സത്യഗ്രഹം നടക്കുന്നത് 99-ലെ വെള്ളപ്പൊക്ക കാലത്താണ്‌. വെള്ളം പൊങ്ങിയിട്ടും സത്യഗ്രഹികൾ പിന്മാറിയില്ല. “വെള്ളത്തിനു മുകളിൽ സത്യഗ്രഹികളുടെ തലകൾ മാത്രം” എന്നായിരുന്നു കുറേ ദിവസത്തെ നില. പ്രകൃതിയുടെയും സവർണ മേധാവികളുടെയും പീഡനത്തിനെതിരേ സത്യഗ്രഹികൾ പിടിച്ചു നിന്നെങ്കിലും സമരം വിജയിച്ചത് ഏറെ നാൾ കഴിഞ്ഞ് മഹാത്മാഗാന്ധി നേരിട്ട് ഇടപെട്ട ശേഷം മാത്രമാണ്‌. 

ഇരുപത്തേഴ് ദിവസങ്ങൾക്ക് ശേഷമാണ് അന്ന് പലരും വീട് അവിടെയുണ്ടോ എന്ന് നോക്കാൻ തിരികെ വന്നത്. തറയിലെല്ലാം ചെളി ഉറച്ച് പിടിച്ചിരുന്നു, വീടിനുള്ളിൽ മഴയത്ത് ഒഴുകിവന്ന ചത്ത ജീവികളും അല്ലാത്തവയും. അന്നൊരു വീടിനുള്ളിൽ പുലി കയറി. തിളങ്ങി നിന്ന കണ്ണുകൾ കണ്ട് പശുക്കിടാവെന്ന് കരുതി കുട്ടികൾ ചെന്നപ്പോൾ പുലിയാണ് കുതിച്ചു ചാടിയത്. അന്ന് ഓടിപ്പോയ പുലിയെ വെടിവച്ച് കൊന്നത് ഒരു കുളത്തിൽ വച്ചായിരുന്നു. ചത്ത പുലിയെ നാടുനീളെ പ്രദർശിപ്പിച്ച് പണം പിരിച്ചു. അതുപയോ​ഗിച്ച് കുമരകത്തെ പ്രൈമറി സ്കൂളിൽ ഒരു മുറി പണിതു. ആ മുറി ഇന്നും അറിയപ്പെടുന്നത് 'പുലിമുറി' എന്നാണ്.

തൊണ്ണൂറ്റിനാല് വർഷത്തിന് ശേഷമാണ് കേരളം വീണ്ടുമൊരു മഹാപ്രളയത്തെ നേരിട്ട് കാണുന്നത് ഈ വർഷമാണ്. നാമൊരു മഹാദുരന്തത്തെ കടന്നു വന്നവരാണ്. മൂന്നാറിൽ ഇന്നും പ്രളയത്തിന്റെ അവശേഷിപ്പുകളുണ്ട്. പെരിയാറിന്റെ തീരത്തുള്ള മനവക പുരയിടത്തിലും വെള്ളം കയറിയ അളവ് ഇപ്പോഴും കൊത്തിവച്ചിരിക്കുന്നു.
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മൂന്നാം തുടർ ഭരണം ഉറപ്പ്, 100 സീറ്റ് നേടുമെന്ന യുഡിഎഫ് അവകാശവാദത്തെയും പരിഹസിച്ച് എൽഡിഎഫ് കൺവീനർ; 'അവർക്ക് എന്തും പറയാമല്ലോ'
സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ പ്രതികരണവുമായി റിയാസ്, 'ഉയർന്ന ഭൂരിപക്ഷത്തിൽ ജയിക്കും, എല്ലാ മണ്ഡലങ്ങളിലും നടക്കുന്നത് ഗ്ലാമർ പോരാട്ടം'