ജൂണിൽ നൽകിയ കത്തിന് ജൂലൈയിൽ ദേവസ്വം ബോർഡ് അംഗീകാരം നൽകി. കരാറായി 53 ദിവസത്തിനു ശേഷമാണ് നെയ്യ് ഇടപാട് മിൽമ ബോർഡിൽ ചർച്ചയ്ക്ക് വച്ചതെന്ന വിവരവും പുറത്തുവരുന്നു. ഇടപാടിന്റെ രേഖകൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.
തിരുവനന്തപുരം: ശബരിമലയിലേക്കുള്ള നെയ്യ് ഇടപാടില്‍ മില്‍മ തിരുവനന്തപുരം യൂണിയനില്‍ നടന്നത് അസാധാരണ നടപടികള്‍. എംഡിയെയും ബോർഡിനെയും അറിയിക്കാതെയായിരുന്നു മില്‍മ ഭരണസമിതി നെയ്യ് വില്‍പ്പനക്കുള്ള കരാർ ഉണ്ടാക്കിയത്. വില്‍പ്പന തീരുമാനിച്ച് 53 ദിവസങ്ങള്‍ക്ക് ശേഷം മാത്രമാണ് ഇടപാട് ബോർഡില്‍ ചർച്ചക്കെത്തിയത്. വില്‍പ്പനക്കായി ദേവസ്വം ബോർഡ് പ്രസിഡണ്ടായിരുന്ന പിഎസ് പ്രശാന്തിനെയാണ് മില്‍മ സമീപിച്ചത്. ഇടപാടിനെ കുറിച്ചുള്ള രേഖകള്‍ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു .
നെയ്യ് വില്‍പ്പനക്കുള്ള ഇടപാടില്‍ തുടക്കം മുതല്‍ മുതല്‍ ഉണ്ടായത് ദുരൂഹമായ നീക്കങ്ങളും അസാധാരണ ഇടപെടലുകളും. നടപടി ക്രമങ്ങള്‍ എല്ലാം അട്ടിമറിച്ചാണ് ശബരിമലയിലേക്ക് നെയ്യ് വില്‍ക്കാനുള്ള തീരുമാനം മില്‍മ തിരുവനന്തപുരം യൂണിയൻ എടുത്തത്. ലിറ്ററിന് 510 രൂപക്ക് നെയ്യ് ശബരിമലയ്ക്ക് നല്‍കാമെന്ന് തീരുമാനമെടുത്തത് മില്‍മ തിരുവനന്തപുരം യൂണിയൻ ചെയർമാനും ഭരണസമിതിയും ഏകപക്ഷീയമായാണ്. പഠനം നടത്തി എംഡിയാണ് നെയ്യുടെ വില്‍പ്പന വില അടക്കം തീരുമാനിക്കേണ്ടത് എന്നിരിക്കെ വില്‍പ്പനയുടെ കാര്യം മില്‍മ എംഡി അറിഞ്ഞില്ല.
2025 ജൂണ്‍ 13 ന് ആണ് നെയ്യ് നല്‍കാൻ സന്നദ്ധരാണെന്ന് അറിയിച്ച് ദേവസ്വം ബോർഡ് പ്രസിഡന്‍റ് പി എസ് പ്രശാന്തിന് യൂണിയൻ കത്ത് നല്‍കിയത്. ജൂലൈ ഏഴിന് നെയ്യ് എടുക്കാൻ തയ്യാറെന്ന് അറിയിച്ച് ദേവസ്വം ബോർഡ് മില്‍മക്ക് ഉത്തരവ് കൈമാറി. ഇതിന്‍റെ രേഖകള്‍ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. എന്നാല്‍ നെയ്യ് വില്‍ക്കാൻ തീരുമാനായി 53 ദിവസങ്ങള്‍ക്ക് ശേഷം ഓഗസ്റ്റ് അഞ്ചിന് മാത്രമാണ് ഇടപാട് മില്‍മയില്‍ ചർച്ചയായതെന്ന് തെളിയിക്കുന്നതാണ് ഈ രേഖകള്‍.
നെയ്യ് ഇടപാടില്‍ നടന്നത് ഗുരുതര സംഭവങ്ങളാണെന്ന് വിലയിരുത്തിയ ഹൈക്കോടതി ഇന്നലെ വിജിലന്‍സിന്‍റെ പ്രത്യേക അന്വേഷണം സംഘം അന്വേഷണം നടത്തണമെന്ന് ഉത്തരവിട്ടിരുന്നു. ദേവസ്വം വിജിലൻസിന്‍റെ അന്വേഷണം ദേവസ്വം മന്ത്രിയും പ്രഖ്യാപിച്ചിട്ടുണ്ട്. ക്ഷീര വികസന വകുപ്പിന്‍റെ പുതിയ അന്വേഷണവും പുരോഗമിക്കുകയാണ്. ശബരിമലയിലേക്കുള്ള നെയ്യ് വഴി മധ്യേ മറിച്ച് വിറ്റ് നിലവാരമില്ലാത്ത നെയ്യ് കടത്തിയെന്നാണ് ഇപ്പോഴത്തെ ആരോപണം. ഇതിന് പിന്നാലെയാണ് തിരുവനന്തപുരം യൂണിയൻ പിരിച്ചുവിട്ടത്. ഇപ്പോള്‍ പുറത്ത് വന്ന രേഖകളും വിവരങ്ങളുമെല്ലാം ആരോപണങ്ങളെ ശക്തിപ്പെടുത്തുന്നതാണ്.

