
തിരുവനന്തപുരം: നാടിനെ ദുരിതത്തിലാഴ്ത്തിയ പ്രളയക്കെടുതിയില്‍ നിന്നും കേരളം കരകയറുന്നു. പ്രളയബാധിത പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനം അന്തിമ ഘട്ടത്തിലാണ്. പ്രളയം ഏറെ ബാധിച്ച ചെങ്ങന്നൂരും എറണാകുളത്തും തൃശൂരും രക്ഷാപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തിയിട്ടുണ്ട്. വെള്ളം ഇറങ്ങി എങ്കിലും വീടുകൾ താമസ യോഗ്യമാകാൻ ഇനിയും കാക്കേണ്ട സ്ഥിതിയാണ് പ്രളയബാധിത പ്രദേശങ്ങളിൽ. ദിവസങ്ങളുടെ അധ്വാനം വേണം ഇനി പലർക്കും വീട് വൃത്തിയാക്കാൻ.
ഇതുവരെയുള്ള രക്ഷാപ്രവർത്തനത്തിന് സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നും 642 ബോട്ടുകളും 2884 മത്സ്യ തൊഴിലാളികളുടെ സേവനവും പ്രയോജനപ്പെടുത്തിയെന്ന് മന്ത്രി ജെ.മെഴ്സികുട്ടിയമ്മ പറഞ്ഞു. ഇവർക്ക് ആവശ്യമായ ഇന്ധനം മത്സ്യഫെഡാണ് എത്തിച്ചതെന്നും മെഴ്സികുട്ടിയമ്മ പറഞ്ഞു. കൊല്ലം ജില്ലയിലെ ശുചികരണ പ്രവർത്തനങ്ങള്‍ക്ക് ജനമൈത്രി പൊലീസിന്‍റെ സഹകരണത്തോടെ പ്രത്യേക ശുചിത്വസേനക്ക് രൂപം നല്‍കുമെന്നും മന്ത്രി കൊല്ലത്ത് പറഞ്ഞു.
ചെങ്ങന്നൂരിലെ പാണ്ടനാട്ട് രക്ഷാപ്രവര്‍ത്തനം അന്തിമഘട്ടത്തിലെത്തി നില്‍ക്കുകയാണ്. സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തിയ സംഘത്തിന്‍റെ ഭാഗമായ സേനാംഗങ്ങളുടെ നേതൃത്വത്തിലാണ് അന്തിമഘട്ട രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കുടുങ്ങിയവരെ പുറത്തെത്തിക്കുന്നതും കൂടുതല്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ടോയെന്നതും സംബന്ധിച്ച് സൈന്യം പരിശോധന നടത്തുകയാണ്. എന്നാല്‍ ഏറെ ദുരിതമനുഭവിക്കുന്ന ചെങ്ങന്നൂരിൽ രക്ഷാപ്രവർത്തനം ഇനിയും രണ്ട് ദിവസം കൂടി വേണ്ടി വരും. നിരവധി പേർ ഇപ്പോഴും ഒറ്റപ്പെട്ടുകിടക്കുകയാണ്.
സ്ഥാനത്ത് ഏറ്റവും കൂടുതല്‍ പ്രളയം നാശം വിതച്ച ജില്ലകളിലൊന്നായ ഏറണാകുളത്ത് രക്ഷാപ്രവര്‍ത്തനം പൂര്‍ണ്ണമായെന്ന് ജില്ലാകളക്ടര്‍ അറിയിച്ചു. നാളെ മുതല്‍ കെഎസ്ആര്‍റ്റിസിയുടെ മുഴുവന്‍ സര്‍വീസുകളും തുടങ്ങും. കൊച്ചയിലേക്കുള്ള കുടിവെള്ള വിതരണം രാത്രിയോടെ പുനസ്ഥാപിക്കും. മഴക്കെടുതിയെ തുടര്‍ന്ന് ജില്ലയില്‍ ആകെ 14 പേരാണ് മരണപ്പെട്ടതെന്നും കളക്ടര്‍ മുഹമ്മദ് വൈ സഫറുള്ള പറഞ്ഞു.
പ്രളയം ഗുരുതരമായി ബാധിച്ച ജില്ലകളിലൊന്നായ പാലക്കാട് മഴയുടെ ശക്തി കുറയുന്നു എന്നത് മറ്റൊരു ആശ്വാസവാര്‍ത്തയാണ്. ദുരിതബാധിതരായ 7647 പേര്‍ ജില്ലയിലെ 80 ദുരിതാശ്വാസ ക്യാമ്പുകളിലാണ്. അതേസമയം മഴയും വെള്ളപ്പൊക്കവും ശമിച്ചതോടെ ക്യാമ്പുകളില്‍ നിന്നും പലരും വീട്ടിലേക്ക് മാറിതുടങ്ങിയിരിക്കുകയാണ്.
പത്തനംതിട്ടയില്‍ ഇന്നുകൊണ്ട് രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാകുമെന്ന് ജില്ലാ കളക്ടര്‍ പി.ബി നൂഹ് അറിയിച്ചു. വളരെ ചുരുക്കം ആളുകളെയാണ് ഇനി ഇവിടെ നിന്നും രക്ഷപ്പെടുത്താനുള്ളത്. ഹെലികോപ്ടറും ബോട്ടുകളും മുഖേന പ്രളയക്കെടുതിക്ക് ഇരയായവര്‍ക്കുള്ള ഭക്ഷണ വിതരണം നടത്തി വരുകയാണ്. ബോട്ട് എത്താത്ത സ്ഥലങ്ങളിലാണ് ഹെലികോപ്ടര്‍ ഉപയോഗിച്ചുള്ള ഭക്ഷണ വിതരണം നടത്തുന്നത്. എന്നാല്‍ പന്തളത്തിൻറെ കിഴക്കൻ മേഖലയിൽ വെള്ളം ഇറങ്ങാത്ത സാഹചര്യത്തിൽ കൂടുതൽ പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റും. വെള്ളം കയറിയ ഈ മേഖലയിലെ പഴയ വീടുകൾ നിലം പൊത്തുമോ എന്ന ആശങ്കയും നാട്ടുകാർക്കുണ്ട്.
പ്രളയത്തിൽ മുങ്ങിയ കോട്ടയം നഗരം സാധാരണ നിലയിലേക്ക് മടങ്ങുകയാണ്. അതേസമയം ജില്ലയുടെ പടിഞ്ഞാറൻ മേഖലയിലെ താഴ്ന്ന പ്രദേശങ്ങളിൽ സ്ഥിതി മോശമാണ്. കുമരകം, തിരുവാർപ്പ് മേഖലകളിൽ ഇപ്പോഴും ജനങ്ങൾ വീടിന് മുകളിൽ കഴിയുകയാണ്. ജനങ്ങള്‍ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കുമരകം, തിരുവാര്‍പ്പ് മേഖലകളിലാണ് വെള്ളപ്പൊക്കം രൂക്ഷമയിരിക്കുന്നത്. ഇവിടെ നിന്ന് ഇപ്പോഴും വെള്ളം ഇറങ്ങിയിട്ടില്ല.
ശക്തമായ മഴയിലും ഉരുള്‍പൊട്ടലിലും നെല്ലിയാമ്പതി ഒറ്റപ്പെട്ട അവസ്ഥയിലാണ്. ജനങ്ങളിലേക്ക് അവശ്യമരുന്ന് ഉൾപ്പടെയുള്ള സഹായങ്ങൾ എത്തിക്കാൻ ദ്രുതകർമ്മസേനയുടെ നേതൃത്വത്തിൽ ശ്രമം നടക്കുന്നുണ്ട്. കാലാവസ്ഥ അനുകൂലമായാൽ ഇന്ന് ഹെലികോപ്റ്ററിൽ മെഡിക്കൽ സംഘം നെല്ലിയാമ്പതിയിൽ എത്തും. ഇടവിട്ട കനത്ത മഴ നെല്ലിയാമ്പതിയുടെ പല മേഖലകളിലും പെയ്യുന്നുണ്ട്. നേരത്തേ മണ്ണിടിഞ്ഞ പ്രദേശങ്ങളില്‍ മണ്ണിളകി വരാനും സാധ്യതയുണ്ട്. ഇതിനെ തുടര്‍ന്ന് കൂടുതല്‍ ദ്രുതകര്‍മ്മ സേന നെല്ലിയാമ്പതിയിലേക്ക് പുറപ്പെട്ടെങ്കിലും കഴിഞ്ഞ ദിവസം പകുതി വഴിയില്‍ യാത്ര ഉപേക്ഷിക്കുകയായിരുന്നു.
കുട്ടനാട്ടില്‍ 97 ശതമാനം പേരെയും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയതായി കലക്ടര്‍ അറിയിച്ചിരുന്നു. ആലപ്പുഴ ജില്ലയില്‍ ആയിരത്തിലധികം ദുരിതാശ്വസ ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam