
കാൺപൂർ: 'അദ്ദേഹത്തോട് സംസാരിക്കുന്ന വേളയില്‍ വലിയൊരു ശബ്ദം ഞാന്‍ കേട്ടു. അല്പസമയം കഴിഞ്ഞപ്പോള്‍ മറുവശത്ത് നിശബ്ദത മാത്രമായിരുന്നു. പിന്നെ ഒന്നും കേട്ടില്ല. കോള്‍ കട്ടായി. എന്തോ നടക്കാന്‍ പാടില്ലാത്തത് സംഭവിച്ചുവെന്ന് എനിക്ക് തോന്നി. പിന്നീട് നിരവധി തവണ ഞാന്‍ അദ്ദേഹത്തെ വിളിക്കാൻ ശ്രമിച്ചു. പക്ഷേ അപ്പോഴേക്കും എല്ലാം അവസാനിച്ചിരുന്നു'- ജമ്മു കശ്മീരിലെ പുൽവാമയിൽ തീവ്രവാദികൾ നടത്തിയ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ജവാൻ പ്രദീപ് സിങ് യാദവിന്റെ ഭാര്യ നീരജ് ദേവിയുടെ ഹൃദയം നുറുങ്ങുന്ന വാക്കുകളാണിത്. ഉത്തര്‍പ്രദേശിലെ കാൺപൂര്‍ ജില്ലയിലെ അജൻ സുഖ്സെൻപൂർ സ്വദേശിയാണ് പ്രദീപ് സിങ് യാദവ്.
ഫോൺ വരുന്ന സമയത്ത് നീരജ് ദേവി അറിഞ്ഞിരുന്നില്ല അത്യുഗ്രശേഷിയുള്ള സ്ഫോടകവസ്തുക്കളുമായി ഒരു ഭീകരൻ തന്‍റെ ഭര്‍ത്താവ് സഞ്ചരിച്ച ബസിനു നേര്‍ക്ക് പാഞ്ഞു വന്നുകൊണ്ടിരിക്കുകയായിരുന്നുവെന്ന്. ആക്രമണം നടന്ന ദിവസം വൈകിട്ട് സിആര്‍പിഎഫ് കൺട്രോള്‍ റൂമിൽ നിന്ന് നീരജ് ദേവിയ്ക്ക് ഒരു ഫോൺ കോള്‍ വന്നു. തന്‍റെ ഭര്‍ത്താവ് ഉള്‍പ്പെടെ 40 സിആര്‍പിഎഫ് ജവാന്മാര്‍ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട വിവരമായിരുന്നു ഫോണിന്റെ അങ്ങേതലയ്ക്കൽ നിന്നും അവർക്ക് കിട്ടിയത്.
പ്രദീപ് സിങിനും നീരജ് ദേവിക്കും രണ്ട് പെൺമക്കളാണുള്ളത്. പത്തുവയസുകാരി സുപ്രിയയും രണ്ട് വയസുള്ള സോനയും. 'അദ്ദേഹത്തിന് സോനയെ വലിയ ഇഷ്ടമായിരുന്നു. അവസാനമായി അദ്ദേഹം എന്നോട് സംസാരിച്ചപ്പോഴും സോനയുടെ കാര്യമാണ് അന്വേഷിച്ചത്'- നീരജ് ദേവി കണ്ണീരോടെ ഓർക്കുന്നു. പ്രദീപ് സിങ് യാദവിൻ്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ വിളിച്ചു ചേർത്ത സർവകക്ഷിയോഗത്തിൽ കേന്ദ്രസർക്കാരിന് പൂർണ പിന്തുണ വാഗ്ദാനം ചെയ്ത് കോൺഗ്രസുൾപ്പടെയുള്ള പ്രതിപക്ഷ കക്ഷികൾ രംഗത്തെത്തിയിട്ടുണ്ട്. ജമ്മു കശ്മീരിലെ പുൽവാമയിൽ സിആർപിഎഫ് വാഹന വ്യൂഹത്തിന് നേരെയുണ്ടായ തീവ്രവാദി ആക്രമണത്തിൽ ഹവില്‍ദാര്‍ വസന്തകുമാറടക്കം 40 ജവാന്മാരാണ് വീരമൃത്യു വരിച്ചത്. ആക്രമണത്തിന് പിന്നാലെ പാക് ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദ് ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam