വാണിജ്യവാഹനങ്ങള്‍ക്ക് പ്രായപരിധി നിശ്ചയിക്കാന്‍ ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍

First Published Jul 25, 2018, 10:44 AM IST
Highlights
  • 20 വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ക്ക് കേന്ദ്രത്തിന്‍റെ ഇരുട്ടടി

ദില്ലി: വാണിജ്യവാഹനങ്ങള്‍ 20 വര്‍ഷത്തില്‍ കൂടുതല്‍ ഓടിക്കരുതെന്ന വ്യവസ്ഥ വരുന്നു. ഇതിനുസരിച്ച് ബസ്, ട്രക്ക്, ലോറി, ടാക്‌സി തുടങ്ങിയ വാഹനങ്ങള്‍ക്ക് 20 വര്‍ഷം മാത്രം നിരത്തിലിറങ്ങാന്‍ അനുമതിയുണ്ടാകൂവെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 2020 ഓടെ പദ്ധതി പ്രാബല്യത്തില്‍ വരും.

ഈ പദ്ധതി നടപ്പിലായാല്‍, 2000നു മുന്‍പ് രജിസ്റ്റര്‍ ചെയ്ത ഇത്തരം വാണിജ്യ വാഹനങ്ങള്‍ 2020 നു ശേഷം റോഡിലിറക്കാനാവില്ല. 20 വര്‍ഷം കഴിഞ്ഞാല്‍ ഇവയുടെ രജിസ്‌ട്രേഷന്‍ സ്വയം റദ്ദാകുന്ന സംവിധാനവും ഏര്‍പ്പെടുത്തും. അപകടങ്ങള്‍ കുറയ്ക്കാനും മലിനീകരണത്തിനും യാത്രകള്‍ സുഗമമാക്കാനുമാണ് പുതിയ പദ്ധതി. ഇതുവഴി പുതിയ വാഹനങ്ങള്‍ക്ക് ആവശ്യക്കാരും കൂടും. 

നിയമം പ്രാബല്യത്തിലാകുന്നതോടെ ആദ്യ ഘട്ടത്തില്‍ ഏഴു ലക്ഷം വാണിജ്യ വാഹനങ്ങള്‍ നിരത്തു വിടും. പഴയതിനു പകരം പുതിയ വാഹനങ്ങളി‍ വാങ്ങുന്നതിന് പ്രത്യേക ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കാനും സര്‍ക്കാരിന്‍റെ കരടുനയം വ്യവസ്ഥ ചെയ്യുന്നു. പദ്ധതിയനുസരിച്ച് പഴയ വാഹനങ്ങള്‍ ഉപേക്ഷിച്ച് പുതിയത് വാങ്ങാന്‍ പത്തു ശതമാനം വിലക്കുറവും കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കുമെന്നും സൂചനയുണ്ട്. പഴയവ മാറ്റി വാങ്ങാന്‍ ജിഎസ്ടിയില്‍ ഇളവ് അനുവദിക്കും. ഇതെല്ലം വഴി പുതിയ വാഹനത്തിന്‍റെ വിലയില്‍ ശരാശരി 15 ശതമാനം കുറവുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. അതേസമയം, ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കില്‍ സ്വകാര്യ വാഹനങ്ങള്‍ വിലക്കില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.

click me!