ശബരിമല സ്ത്രീപ്രവേശനം: ഒരു പുനഃപരിശോധനാ ഹര്‍ജി കൂടി എത്തി; ഹര്‍ജികള്‍ പരിഗണിക്കുന്നു

By Web TeamFirst Published Nov 13, 2018, 3:00 PM IST
Highlights

ശബരിമല സ്ത്രീപ്രവേശനവിധിയ്ക്കെതിരെ ഒരു പുനഃപരിശോധനാ ഹര്‍ജി കൂടി ഫയല്‍ ചെയ്തു. ഇതോടെ കോടതിയ്ക്ക് മുമ്പാകെ 50 പുനഃപരിശോധനാഹർജികളാണുള്ളത്. ഹർജികൾ ചീഫ് ജസ്റ്റിസിന്‍റെ ചേംബറിൽ പരിഗണിക്കുകയാണ്. ഇവിടേക്ക് അഭിഭാഷകർക്കും മാധ്യമങ്ങൾക്കും പ്രവേശനമില്ല.

ദില്ലി: ശബരിമലയിൽ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള ഭരണഘടനാ ബഞ്ച് വിധിയ്ക്കെതിരെ ഇതുവരെ കോടതിയ്ക്ക് മുമ്പാകെ എത്തിയത് 50 പുനഃപരിശോധനാ ഹർജികൾ. ഇന്ന് മാത്രം രണ്ട് പുനഃപരിശോധനാ ഹർജികളാണ് സമർപ്പിച്ചത്. ഈ റിവ്യൂ ഹർജികളെല്ലാം ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബഞ്ച് പരിഗണിക്കുകയാണ്.

പുനഃപരിശോധനാ ഹർജികൾ തുറന്ന കോടതിയിൽ കേൾക്കണമെന്ന ആവശ്യം രാവിലെ സുപ്രീംകോടതി തള്ളി. രാവിലെ പത്തരയ്ക്ക് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചിലാണ് ഹർജികൾ തുറന്ന കോടതിയിൽ പരിഗണിക്കണമെന്ന് ഹർജിക്കാരുടെ അഭിഭാഷകൻ ആവശ്യപ്പെട്ടത്. 

എന്നാൽ ചേംബറിൽ പരിഗണിയ്ക്കാൻ തീരുമാനിച്ച ഹർജികൾ തുറന്ന കോടതിയിൽ പരിഗണിക്കാനുള്ള സാഹചര്യമില്ലെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. നേരത്തെ വ്യക്തമാക്കിയത് പോലെ ഹർജികൾ ചേംബറിൽത്തന്നെ പരിഗണിക്കുമെന്നും ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് വ്യക്തമാക്കി.

അതേസമയം, വിധി നടപ്പാക്കുന്നതിനെതിരെ നൽകിയ മൂന്ന് റിട്ട് ഹർജികൾ പുനഃപരിശോധനാ ഹർജികൾക്ക് ശേഷം പരിഗണിക്കാൻ മാറ്റി. ചീഫ് ജസ്റ്റിസ് ര‍ഞ്ജൻ ഗൊഗോയ് അധ്യക്ഷനായ മൂന്നംഗ ബഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത് മാറ്റിയത്. ഭരണഘടനാ ബഞ്ച് ചേംബറിൽ റിവ്യൂ ഹർജികൾ പരിഗണിച്ച ശേഷം മാത്രമേ മൂന്നംഗബഞ്ച് റിട്ട് ഹർജികൾ പരിഗണിക്കൂ. 

Read More: എന്താണ് റിട്ട്, റിവ്യൂ ഹർജികൾ തമ്മിലുള്ള വ്യത്യാസം? ശബരിമല കേസിൽ നടക്കുന്നതെന്ത്?

അതേസമയം, റിട്ട് ഹർജികളെ സംസ്ഥാനസർക്കാർ സുപ്രീംകോടതിയിൽ എതിർത്തു. ഭരണഘടനാ ബഞ്ച് പുറപ്പെടുവിച്ച വിധി നടപ്പാക്കുന്നതിനെ എതിർത്ത് നൽകിയ ഹർജികൾ നിലനിൽക്കില്ലെന്ന് സംസ്ഥാനസർക്കാർ കോടതിയിൽ വ്യക്തമാക്കി.

Watch Live:
 

click me!