ദേശീയപാതയിലും ട്രെയിനുകളിലും കവര്‍ച്ച നടത്തുന്ന സംഘം പാലക്കാട് അറസ്റ്റില്‍

By Web TeamFirst Published Dec 3, 2018, 1:06 AM IST
Highlights

ദേശീയപാതകളും ട്രെയിനുകളും കേന്ദ്രീകരിച്ച് കവർച്ച നടത്തുന്ന അന്തർ സംസ്ഥാന കൊള്ളസംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് ജില്ലാ ക്രൈം സ്ക്വാഡിന്റെയും വാളയാർ എസ്ഐയുടെയും നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് നാലംഗ സംഘം പിടിയിലായത്.

പാലക്കാട്: ദേശീയപാതകളും ട്രെയിനുകളും കേന്ദ്രീകരിച്ച് കവർച്ച നടത്തുന്ന അന്തർ സംസ്ഥാന കൊള്ളസംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് ജില്ലാ ക്രൈം സ്ക്വാഡിന്റെയും വാളയാർ എസ്ഐയുടെയും നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് നാലംഗ സംഘം പിടിയിലായത്.

ബംഗളൂരു--കൊച്ചി ദേശീയ പാതയിലൂടെ വരുന്ന വാഹനങ്ങൾ തടഞ്ഞും കേരളത്തിലേക്ക് വരുന്ന ട്രെയിനുകൾ കേന്ദ്രീകരിച്ചും പണം കൊളളയടിക്കുന്ന സംഘത്തെയാണ് വാളയാറിന് സമീപം പിടികൂടിയത്. പാലക്കാട് കിണാശ്ശേരി സ്വദേശി സുജീഷ് ആലത്തൂർ സ്വദേശി സുരേന്ദ്രൻ കോങ്ങാട് സ്വദേശി സുലൈമാൻ കല്ലടിക്കോട് സ്വദേശി ബിജു എന്നിവരാണ് പിടിയിലായത്. സ്വർണ വ്യാപാരികൾ, കുഴൽപ്പണം കടത്തുകാർ എന്നിവരെ പോലീസ് ഇവർ പരിശോധനക്കെന്നോണം തടഞ്ഞിടും. പിന്നെ വാഹനങ്ങളിൽ കയറ്റിക്കൊണ്ടുപോയി പണം കൊള്ളയടിക്കുന്ന സംഘത്തിലെ പ്രധാനികളാണ് ഇവർ.

വാളയാർ എസ്ഐ എസ് അൻഷാദും ജില്ലാ ക്രൈം സ്ക്വാഡും ചേർന്നാണ് പ്രതികളെ പിടികൂടിയത്. കഴിഞ്ഞ ആഗസ്റ്റ് 29 ന് വാളയാറിൽ രാത്രി 12 മണിക്ക് ചെന്നെയിലേക്ക് പോകുന്ന സ്വകാര്യ ബസ് തടഞ്ഞ് നിർത്തി യാത്രക്കാരനെ കൊള്ളയടിച്ച കേസിലെ പ്രതികളാണിവർ. പ്രതികൾ സഞ്ചരിച്ച കാറിൽ നിന്ന് വ്യാജ നമ്പർ പ്ലേറ്റുകൾ പോലീസ് കണ്ടെത്തി. 

വിവിധ കേസുകളിലായി കോടിക്കണക്കിന് രൂപയുടെ തട്ടിപ്പാണ് ഇവർ നടത്തിയത്. എന്നാൽ പലതും ഹവാല പണമായതിനാൽ തട്ടിപ്പിനിരയായവർ കേസ് നൽകാറില്ല. ഇത് മുതലെടുത്താണിവരുടെ പ്രവർത്തനം.

tags
click me!