ആർഎസ്പി ദേശീയ സമ്മേളനത്തിന് തുടക്കമായി

By Web TeamFirst Published Dec 2, 2018, 7:45 AM IST
Highlights

ദേശീയ തലത്തില്‍ ഇടതു പക്ഷത്തോടൊപ്പം നില്‍ക്കുമ്പോഴും കേരളത്തില്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യുഡിഎഫില്‍ തുടരുന്നത് ബംഗാൾ ഘടകത്തിന്‍റെ എതിര്‍പ്പിനിടയാക്കിയിരുന്നു

ദില്ലി: ആർഎസ്പി ദേശീയ സമ്മേളനത്തിന് ദില്ലിയില്‍ തുടക്കമായി. കോൺഗ്രസുമായി ബന്ധം തുടരുന്നതിൽ കേരളം-ബംഗാൾ ഘടകങ്ങൾക്കിടയില്‍ ഉണ്ടായിരുന്ന തര്‍ക്കം ദേശീയ ഭാരവാഹികളുടെ യോഗത്തില്‍ പരിഹാരിച്ചു. ദേശീയ സമ്മേളനത്തിന് മുന്നോടിയായാണ് നേതൃയോഗം ചേര്‍ന്നത്.

ദേശീയ തലത്തില്‍ ഇടതു പക്ഷത്തോടൊപ്പം നില്‍ക്കുമ്പോഴും കേരളത്തില്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യുഡിഎഫില്‍ തുടരുന്നത് ബംഗാൾ ഘടകത്തിന്‍റെ എതിര്‍പ്പിനിടയാക്കിയിരുന്നു. വിഷയത്തിൽ ഇപ്പോൾ ആശയ വ്യക്തത വന്നതായി യോഗത്തിന് ശേഷം നേതാക്കൾ പറഞ്ഞു.

ഇടത് ശാക്തീകരണമാണ് ലക്ഷ്യമെങ്കിലും ബിജെപിയെ പരാജയപ്പെടുത്താൻ മതേതര പാർട്ടികളുമായി കൈകോർക്കേണ്ടതുണ്ടെന്ന് കേരളത്തിലെ നേതാക്കള്‍ ചൂണ്ടിക്കാട്ടി. സിപിഐ ,സിപിഎം എന്നിവയുടെ കോണ്‍ഗ്രസിനോടുള്ള സമീപനത്തില്‍വന്ന മാറ്റവും ശ്രദ്ധയില്‍പ്പെടുത്തി.

സിപിഐ തെലങ്കാനയിൽ കോൺഗ്രസ് സഖ്യത്തിന്റെ ഭാഗമാണ്. ബംഗാളിൽ സിപിഎം കോൺഗ്രസ് സഹകരണ സാധ്യത പരിശോധിക്കുന്നതും കേരളാ ഘടകം ചൂണ്ടിക്കാട്ടി.

മൂന്ന് ദിവസത്തെ സമ്മേളനം മുതിർന്ന നേതാവ് ക്ഷിതി ഗോസ്വാമി ഉദ്ഘാടനം ചെയ്തു. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉൾപ്പടെയുള്ള ഇടത് പാർട്ടി നേതാക്കൾ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. രാജ്യത്തിന്റെ അഖണ്ഡത തകർത്ത് ഹിന്ദു വോട്ടുകൾ ഏകീകരിക്കാൻ ആണ് മോദിയുടെ ഗൂഡ ലക്ഷ്യമെന്ന് സീതാറാം യച്ചൂരി പറഞ്ഞു. 

click me!