രാമക്ഷേത്ര വിഷയത്തില്‍ ആർഎസ്എസും ബിജെപിയും മഴയിൽ പുറത്തിറങ്ങുന്ന തവളകളെ പോലെയെന്ന് കോണ്‍ഗ്രസ്

By Web TeamFirst Published Oct 4, 2018, 2:52 PM IST
Highlights

അയോധ്യയില്‍ രാമക്ഷേത്രം ഉടന്‍ നിര്‍മ്മിക്കുമെന്ന ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവതിന്റെ പ്രസ്താവനയെ പരിഹസിച്ച് കോണ്‍ഗ്രസ്. കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാലയാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. മഴക്കാലത്ത് ചില തവളകള്‍ പുറത്തിറങ്ങി ബഹളമുണ്ടാക്കും അതു പോലെയാണ് ഓരോ തെരെഞ്ഞടുപ്പ് അടുക്കുന്തോറും ആര്‍എസ്എസും ബിജെപിയും രാമ ക്ഷേത്ര വിഷയം എടുത്തിടുന്നതെന്നും രണ്‍ദീപ് ആരോപിച്ചു.

ദില്ലി: അയോധ്യയില്‍ രാമക്ഷേത്രം ഉടന്‍ നിര്‍മ്മിക്കുമെന്ന ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവതിന്റെ പ്രസ്താവനയെ പരിഹസിച്ച് കോണ്‍ഗ്രസ്. കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാലയാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. മഴക്കാലത്ത് ചില തവളകള്‍ പുറത്തിറങ്ങി ബഹളമുണ്ടാക്കും അതു പോലെയാണ് ഓരോ തെരെഞ്ഞടുപ്പ് അടുക്കുന്തോറും ആര്‍എസ്എസും ബിജെപിയും രാമ ക്ഷേത്ര വിഷയം എടുത്തിടുന്നതെന്നും രണ്‍ദീപ് ആരോപിച്ചു.

തെരെഞ്ഞടുപ്പ് അടുക്കുമ്പോൾ ഇത്തരത്തിൽ രാമനോടുള്ള സ്നേഹം ഇരു കൂട്ടരും പുറത്തെടുക്കും. ഇത്തവണ അക്കാര്യം ഏൽപിച്ചിരിക്കുന്നത് മോഹൻ ഭാഗവത്തിനെയാണ്. എല്ലാത്തവണയും  തെരെഞ്ഞെടുപ്പ് വരാൻ നാല് മാസം ബാക്കി നിൽക്കെയാണ് രാമ സ്നേഹം ആർഎസ്എസിനും ബിജെപിക്കും ഉണ്ടാകുന്നത്. ഇത് വിശ്വാസികളുടെ വോട്ട് നേടുന്നതിന് വേണ്ടിയാണെന്നും നടപ്പാക്കാൻ പോകുന്ന കാര്യങ്ങൾ അല്ല ഇവർ പറയുന്നതെന്നും രൺദീപ് ആരോപിച്ചു.

പണ്ട് കൈകേയി രാമനെ 14 വർഷമാണ് വനവാസത്തിന് അയച്ചത് എന്നാൽ ഇന്നത്തെ കൈകേയികളായ ബി ജെ പിയും ആര്‍ എസ് എസും രാമനെ 30 വര്‍ഷത്തെ വനവാസത്തിന് അയച്ചിരിക്കുകയാണ്. ഒാരോ തെരെഞ്ഞടുപ്പ് കഴിയുമ്പോഴും ബിജെപി രാമനെ നാടുകടത്തുകയും പിന്നീട് തെരഞ്ഞെടുപ്പിന് ഏതാനും മാസങ്ങൾ നിലനിൽക്കെ വീണ്ടും രാമനെ തിരിച്ചു കൊണ്ടുവരുകയും ചെയ്യും. എന്ത് സ്വഭാവമാണ് ബിജെപിയുടെയും ആർഎസ്എസിന്റെയും? നാഥുറാമിനെ മനസ്സിൽ പ്രതിഷ്ഠിച്ച് രാമനെ കുറിച്ച് പറഞ്ഞ് നടക്കുന്നവരാണ് ഇവർ. ഇതാണ് യഥാർത്ഥ ബി ജെപി; രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു. ബാബ്റി മസ്ജിദ് കേസ് സുപ്രീംകോടതിയുടെ പരിഗണനയിലാണെന്നും ക്ഷേത്രം നിർമ്മിക്കണമോ വേണ്ടയോയെന്ന് കോടതിയാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിചേർത്തു.

click me!