'എല്‍ജിബിടി സമുദായം സമൂഹത്തിന്റെ ഭാഗം'; കോടതിവിധിയെ വൈകി സ്വാഗതം ചെയ്ത് ആര്‍എസ്എസ്

By Web TeamFirst Published Sep 19, 2018, 11:33 PM IST
Highlights

സുപ്രീംകോടതിയുടെ ശ്രദ്ധേയമായ നിയമ ഭേദഗതിയോട് വൈകി പ്രതികരിച്ച് ആര്‍എസ്എസ്. എല്‍ജിബിടി സമുദായം സമൂഹത്തിന്റെ ഭാഗമാണെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് പറഞ്ഞു

ദില്ലി: സ്വവര്‍ഗ ലൈംഗികത ക്രിമിനല്‍ കുറ്റമല്ലെന്ന സുപ്രീംകോടതിയുടെ ശ്രദ്ധേയമായ നിയമ ഭേദഗതിയോട് വൈകി പ്രതികരിച്ച് ആര്‍എസ്എസ്. എല്‍ജിബിടി സമുദായം സമൂഹത്തിന്റെ ഭാഗമാണെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് പറഞ്ഞു. എന്നാല്‍ വിധിയെ സ്വാഗതം ചെയ്‌തെങ്കിലും ഇതെപ്പറ്റി കൂടുതല്‍ പറയാന്‍ മോഹന്‍ ഭാഗവത് തയ്യാറായില്ല. 

'കാലം മാറുകയാണ്. ഇത്തരം വിഷയങ്ങളിലെല്ലാം സമൂഹം പുനര്‍വിചിന്തനം നടത്തേണ്ടിയിരിക്കുന്നു.' -മോഹന്‍ ഭാഗവത് പറഞ്ഞു. അതേസമയം ഈ വിഷയം മാത്രമല്ല ചര്‍ച്ച ചെയ്യേണ്ടതെന്നും മോഹന്‍ ഭാഗവത് കൂട്ടിച്ചേര്‍ത്തു. 

പരസ്യമായി സ്വവര്‍ഗ ലൈംഗികതയെ തള്ളിപ്പറഞ്ഞിരുന്ന ആര്‍എസ്എസ്, കോടതിവിധിയെ സ്വാഗതം ചെയ്തതിനെ അഭിനന്ദിച്ച് നിരവധി പേര്‍ രംഗത്തെത്തി. അതേസമയം വിഷയം ചര്‍ച്ച ചെയ്യുന്നതിനിടെ മോഹന്‍ ഭാഗവത് സ്വവര്‍ഗരതിയെ അപമാനിക്കുന്ന രീതിയില്‍ പരാമര്‍ശങ്ങള്‍ നടത്തിയെന്നും ആരോപണമുണ്ട്. 'ഇത്തരം ബന്ധങ്ങള്‍' പ്രകൃതിക്ക് നിരക്കുന്നതല്ലെന്ന് മോഹന്‍ ഭാഗവത് അഭിപ്രായപ്പെട്ടതായാണ് റിപ്പോര്‍ട്ട്. 

നൂറ്റാണ്ട് പഴക്കമുള്ള നിയമം ഈ മാസം ആദ്യവാരമാണ് സുപ്രീംകോടതി ഭേദഗതി ചെയ്തത്. സ്വവര്‍ഗ ലൈംഗികത ക്രിമിനല്‍ കുറ്റമാണെന്ന ഐപിസി 377ാം വകുപ്പാണ് കോടതി ഭേദഗതി ചെയ്തത്.
 

click me!