രാമക്ഷേത്രം ഉടന്‍വേണ്ട; നിലപാട് തിരുത്തി ആര്‍ എസ് എസ്

By Web TeamFirst Published Jan 18, 2019, 8:35 PM IST
Highlights

നേരത്തേ പ്രയാഗ്‍രാജില്‍ കുംഭമേളയ്ക്കിടെ നടത്തിയ പ്രസ്താവന വിവാദമായതോടെയാണ് ഭയ്യാ ജോഷി തന്‍റെ വാക്കുകള്‍ തിരുത്തിയത്. രാമക്ഷേത്ര നിര്‍മാണത്തിനായി ഉടൻ ഓര്‍ഡിനന്‍സ് വേണമെന്നായിരുന്നു അന്ന് ഭയ്യാ ജോഷി ആവശ്യപ്പെട്ടത്.

ദില്ലി: രാമക്ഷേത്രം ഉടന്‍ വേണമെന്ന നിലപാട് മാറ്റി ആര്‍എസ്എസ്.  അയോദ്ധ്യയിൽ 2025 ല്‍ മാത്രം രാമക്ഷേത്രം നിര്‍മ്മിച്ചാല്‍ മതിയെന്ന് ആര്‍എസ്എസ് നേതാവ് ഭയ്യാ ജോഷി. നേരത്തേ പ്രയാഗ്‍രാജില്‍ കുംഭമേളയ്ക്കിടെ നടത്തിയ പ്രസ്താവന വിവാദമായതോടെയാണ് ഭയ്യാ ജോഷി തന്‍റെ വാക്കുകള്‍ തിരുത്തിയത്.

രാമക്ഷേത്ര നിര്‍മാണത്തിനായി ഉടൻ ഓര്‍ഡിനന്‍സ് വേണമെന്നായിരുന്നു അന്ന് ഭയ്യാ ജോഷി ആവശ്യപ്പെട്ടത്. 2025ഓടെ രാമക്ഷേത്രം നിര്‍മിച്ചിരിക്കും, അതാണ് ഞങ്ങളുടെ ആഗ്രഹം, എന്നാണ് അദ്ദേഹത്തിന്‍റെ പുതിയ വിശദീകരണം. ക്ഷേത്രം പൂർത്തിയാക്കേണ്ട വർഷമാണ് 2025 എന്നും, പണിതുടങ്ങേണ്ട വർഷമല്ല പരാമർശിച്ചത് എന്നും സുരേഷ് ഭയ്യാ ജോഷി വിശദീകരിക്കുന്നു.

കോടതി നടപടികൾക്ക് ശേഷം മാത്രമേ രാമക്ഷേത്ര നിർമ്മാണത്തപ്പറ്റി ആലോചിക്കൂ എന്ന സൂചന നേരത്തെ നരേന്ദ്രമോദിയും നല്‍കിയിരുന്നു. രാമക്ഷേത്ര നിര്‍മാണത്തിനായി ഓര്‍ഡിനന്‍സ് കൊണ്ടുവരില്ലെന്ന് കേന്ദ്രസര്‍ക്കാർ നിലപാട് എടുത്തതിന് പിന്നാലെയാണ് ഭയ്യാ ജോഷിയുടെ വിശദീകരണം.

തർക്കഭൂമി സംബന്ധിച്ച കോടതി നടപടികൾ നീണ്ടു പോകുന്ന സാഹചര്യത്തിൽ നിയമനിർമ്മാണത്തിലൂടെ ഉടൻ ക്ഷേത്രം യാഥാർത്ഥ്യമാക്കണം എന്ന് ഹിന്ദു സംഘടനകൾ ആവശ്യപ്പെടുമ്പോഴാണ് 2025ഓടെ ക്ഷേത്രം എന്ന പുതിയ ലക്ഷ്യം ആർഎസ്എസ് നേതാവ് പ്രഖ്യാപിക്കുന്നത്.

കുഭംമേളയ്ക്കിടെ ചേരുന്ന സന്ന്യാസിമാരുടെ സമ്മേളനം ക്ഷേത്ര നിർമ്മാണം ആവശ്യപ്പെട്ടുള്ള പ്രക്ഷോഭത്തിന് തീരുമാനിച്ചേക്കും. വരുന്ന പൊതുതെരഞ്ഞെടുപ്പിൽ അയോധ്യാ വിഷയം സജീവമാക്കുമെങ്കിലും നിയമനിർമ്മാണത്തിന്  തടസമുണ്ടെന്ന കാര്യം ആര്‍എസ്എസ്സും അംഗീകരിക്കുന്നു എന്ന സൂചന സുരേഷ് ഭയ്യാ ജോഷിയുടെ പ്രസ്താവനയിലുണ്ട്.
 

click me!