
ദില്ലി: അതിഥികളോട് വിവാഹ സമ്മാനങ്ങൾക്ക് പകരം വോട്ട് ചെയ്യാൻ ആവശ്യപ്പെട്ട് ക്ഷണക്കത്ത് വിതരണം ചെയ്യുന്ന ട്രെൻഡ് വ്യാപകമാകുകയാണ്. 2019 ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മൂന്നിലധികം വിവാഹ ക്ഷണക്കത്തുകളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി വിതരണം ചെയ്തത്. ഇതുകൂടാതെ ആം ആദ്മി പാർട്ടി നേതാവും ദില്ലി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിന് വോട്ട് ചെയ്യണമെന്ന ആവശ്യപ്പെട്ട് വിവാഹക്ഷണക്കത്ത് വിതരണം ചെയ്തിരിക്കുകയാണ് ഹരിയാനയിൽനിന്നുള്ള വധൂവരൻമാർ.
ജാസ്വീന്ദർ സിംഗ്- ഇന്ദർജീത് കൗർ എന്നിവരാണ് അരവിന്ദ് കെജ്രിവാളിന് വോട്ട് ചെയ്യണമെന്ന ആവശ്യപ്പെട്ട് വിവാഹക്ഷണക്കത്ത് ആളുകൾക്ക് വിതരണം ചെയ്തത്. 2019 ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിക്ക് വോട്ട് ചെയ്യു. ആ വോട്ടാണ് ഞങ്ങള്‍ക്കുള്ള സമ്മാനം എന്നാണ് ക്ഷണക്കത്തിൽ എഴുതിയിരിക്കുന്നത്. ആം ആദ്മി പാർട്ടിയുടെ സോഷ്യൽ മീഡിയ തന്ത്രജ്ഞനായ അങ്കിത് ലാൽ ആണ് ക്ഷണക്കത്ത് സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവച്ചത്.
ഇതുകൂടാതെ ഹരിയാനയിൽനിന്നുള്ള മറ്റൊരു വിവാഹക്ഷണക്കത്തും സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ആം ആദ്മി പാർട്ടിയുടെ ചിഹ്നവും നേതാക്കളായ അരവിന്ദ് കെജ്രിവാൾ, ഗോപാൽ റായ്, നവീൻ ജയ്ഹിന്ദ് എന്നിവരുടെ ചിത്രങ്ങൾ ഉൾപ്പടെയാണ് വിവാഹക്ഷണക്കത്ത് അച്ചടിച്ചിരിക്കുന്നത്. ആം ആദ്മി പാർട്ടി വക്താവ് കുൽദീപ് കഡയാൻ ആണ് ക്ഷണക്കത്ത് ട്വിറ്ററിൽ പങ്കുവച്ചത്. ഹരിയാനയിൽ മുഴുവനും ഇങ്ങനെയാണ് എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം വിവാഹക്ഷണക്കത്ത് പങ്കുവച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam