
ദില്ലി: വിദേശ രാജ്യങ്ങളില്‍ നിന്ന് തിരികെ ഇന്ത്യയിലെത്തിച്ച കള്ളപ്പണത്തിന്‍റെ വിവരങ്ങള്‍ വിവരാവകാശ കമ്മീഷന്‍ പ്രധാനമന്ത്രിയുടെ ഓഫീസിനോട് ആവശ്യപ്പെട്ടു. അധികാരമേറ്റതിന് ശേഷം കേന്ദ്ര മന്ത്രിമാര്‍ക്കെതിരായ അഴിമതിയുമായി ബന്ധപ്പെട്ട പരാതികളുടെ വിവരങ്ങള്‍ നല്‍കാനും മുഖ്യ വിവരാവകാശ കമ്മീഷണര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
ഫോറസ്റ്റ് സര്‍വീസ് ഓഫീസര്‍ സഞ്ജയ് ചതുര്‍വേദി സമര്‍പ്പിച്ച വിവരാവകാശ അപേക്ഷയില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് എടുത്ത തീരുമാനത്തെ തുടര്‍ന്നാണ് ഇത്തരത്തുള്ള നിര്‍ദേശങ്ങള്‍ ഇപ്പോള്‍ വന്നിരിക്കുന്നത്. കള്ളപ്പണവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ വിവരാവകാശ നിയമപ്രകാരം നല്‍കേണ്ടതില്ലെന്നായിരുന്നു പ്രധാനമന്ത്രിയുടെ ഓഫീസിന്‍റെ തീരുമാനം.
എന്നാല്‍, വിവരാവകാശ നിയമപ്രകാരം ഇത് തെറ്റാണെന്ന് കമ്മീഷന്‍ നിലപാട് എടുത്തിരുന്നു. നരേന്ദ്ര മോദി അധികാരത്തിലെത്തിയ ശേഷം വിദേശ രാജ്യങ്ങളില്‍ നിന്ന് തിരികെ ഇന്ത്യയില്‍ എത്തിച്ച കള്ളപ്പണത്തിന്‍റെ അളവും മൂല്യവും സംബന്ധിക്കുന്ന വിവരങ്ങള്‍ നല്‍കണം.
കൂടാതെ, കള്ളപ്പണം തിരികെയെത്തിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച നടപടികളുടെ വിവരങ്ങളും ഇതോടൊപ്പം സമര്‍പ്പിക്കണം. ഇങ്ങനെ വിദേശത്ത് നിന്ന് രാജ്യത്ത് എത്തിച്ച കള്ളപ്പണത്തില്‍ നിന്ന് എത്ര തുക പൗരന്മാരുടെ അക്കൗണ്ടുകളിലേക്ക് നിക്ഷേപിച്ചു എന്നും രേഖകള്‍ സമര്‍പ്പിക്കണമെന്നും വിവരാവകാശ കമ്മീഷണര്‍ നിര്‍ദേശിച്ചാതായി വാര്‍ത്ത ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
2014ല്‍ തെരഞ്ഞെടുപ്പിനെ നേരിടുമ്പോള്‍ നരേന്ദ്ര മോദി മുന്നോട്ട് വച്ച് പ്രധാന വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു കള്ളപ്പണം തിരികെയെത്തിക്കുമെന്നുള്ളത്. കൂടാതെ, തിരികെ എത്തിക്കുന്ന കള്ളപ്പണം രാജ്യത്തെ പൗരന്മാരുടെ ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിക്കുമെന്നും ബിജെപി വാഗ്ദാനം ചെയ്തിരുന്നു.
പ്രധാനമന്ത്രിയുടെ ഓഫീസ് ചോദ്യങ്ങള്‍ക്ക് വ്യക്തമായി ഒരു വിവരവും നല്‍കാതിരുന്നതിനാല്‍ സഞ്ജയ് വിവരാവകാശ കമ്മീഷന് അപേക്ഷ നല്‍കിയിരുന്നു. ഈ വിവരങ്ങള്‍ കൂടാതെ, സ്കില്‍ ഇന്ത്യ, മേയ്ക്ക് ഇന്‍ ഇന്ത്യ തുടങ്ങി വിവിധ കേന്ദ്ര പദ്ധതികളുടെ വിവരങ്ങളും ചോദ്യപ്പട്ടികയിലുണ്ട്. അതാത് മന്ത്രാലയങ്ങളോട് ഈ അപേക്ഷയില്‍ മറുപടി നല്‍കണമെന്നാണ് ഇപ്പോള്‍ വിവരാവകാശ കമ്മീഷന്‍ നിര്‍ദേശിച്ചിരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam