നാസിക്കിൽ നിന്ന് മുംബൈയിലേക്ക് കർഷകർ നടത്തിയ ഐതിഹാസിക ലോംഗ് മാർച്ച് വിജയകരമായി സമാപിച്ചു. മഹാരാഷ്ട്ര സർക്കാർ കർഷകരുടെ ആവശ്യങ്ങൾ അംഗീകരിച്ച് രേഖാമൂലം ഉറപ്പ് നൽകിയതോടെയാണ് അഞ്ച് ദിവസം നീണ്ട പ്രതിഷേധം പിൻവലിക്കാൻ കിസാൻ സഭ തീരുമാനിച്ചത്.
മുംബൈ: ഭൂമിയിലുള്ള അവകാശം ഉൾപ്പെടെയുള്ള വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് നാസിക്കിൽ നിന്ന് മുംബൈയിലേക്ക് കർഷകർ നടത്തിയ ഐതിഹാസികമായ ലോംഗ് മാർച്ച് വിജയകരമായി സമാപിച്ചു. വ്യാഴാഴ്ച (2026 ജനുവരി 29) മഹാരാഷ്ട്ര സർക്കാർ കർഷകരുടെ ആവശ്യങ്ങൾ അംഗീകരിച്ച് രേഖാമൂലം ഉറപ്പ് നൽകിയതോടെയാണ് അഞ്ച് ദിവസം നീണ്ടുനിന്ന പ്രതിഷേധം പിൻവലിക്കാൻ ഓൾ ഇന്ത്യ കിസാൻ സഭയും സിപിഎമ്മും തീരുമാനിച്ചത്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് മന്ത്രാലയത്തിൽ നടന്ന ചർച്ചയിൽ അഞ്ച് മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു. ഇതിന് പിന്നാലെ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസുമായി അദ്ദേഹത്തിന്‍റെ ഔദ്യോഗിക വസതിയായ 'വർഷ'യിൽ കർഷക പ്രതിനിധികൾ കൂടിക്കാഴ്ച നടത്തി. കർഷകരുടെ ആവശ്യങ്ങൾ നടപ്പിലാക്കുന്നതിൽ താൻ വ്യക്തിപരമായ ഗ്യാരണ്ടി നൽകുന്നതായി മുഖ്യമന്ത്രി ഫഡ്‌നാവിസ് ഉറപ്പ് നൽകി. ഇതിനായി പ്രത്യേക നിരീക്ഷണ സമിതി രൂപീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
അംഗീകരിച്ച പ്രധാന ആവശ്യങ്ങൾ
വനാവകാശ നിയമപ്രകാരം ഭൂമിക്കായി അപേക്ഷ നൽകിയ കർഷകരുടെ ക്ലെയിമുകൾ പുനഃപരിശോധിക്കും. സബ് ഡിവിഷണൽ ഓഫീസറുടെ നേതൃത്വത്തിലുള്ള സമിതി മൂന്ന് മാസത്തിനുള്ളിൽ നടപടികൾ പൂർത്തിയാക്കും. പശ്ചിമഘട്ടത്തിലൂടെ ഒഴുകി കടലിൽ ചേരുന്ന വെള്ളം തടഞ്ഞുനിർത്തി തദ്ദേശവാസികൾക്കും വടക്കൻ മഹാരാഷ്ട്രയിലെ വരൾച്ച ബാധിച്ച പ്രദേശങ്ങൾക്കും ലഭ്യമാക്കാൻ ചെക്ക് ഡാമുകൾ നിർമ്മിക്കും. ആദിവാസി മേഖലകളിൽ 'പെസ' നിയമപ്രകാരമുള്ള നിയമനങ്ങൾ ഉടൻ ആരംഭിക്കും. ഫോറസ്റ്റ് ലാന്റ് ഹോൾഡർമാർക്ക് ഇ-ക്രോപ്പ് സർവേ വഴി സർക്കാർ ആനുകൂല്യങ്ങൾ (ശേഖരണം, ബോണസ് തുടങ്ങിയവ) ലഭ്യമാക്കും.
ജനുവരി 25-ന് നാസിക്കിൽ നിന്ന് ആരംഭിച്ച പദയാത്രയിൽ 50,000-ത്തിലധികം കർഷകരാണ് അണിനിരന്നത്. കൊടുംതണുപ്പിലും കിലോമീറ്ററുകളോളം നടന്ന് താനെ ജില്ലയിലെ ഖർദിയിലെത്തിയപ്പോഴാണ് സർക്കാർ ചർച്ചയ്ക്ക് തയ്യാറായത്. 2018-ലും 2019-ലും നടന്ന സമാനമായ ലോംഗ് മാർച്ചുകൾക്ക് ശേഷമുള്ള ഏറ്റവും വലിയ കർഷക മുന്നേറ്റമാണിത്.


