രേണുരാജിനെതിരെ സ്പീക്കര്‍ക്ക് എസ് രാജേന്ദ്രന്‍റെ പരാതി; സബ്കളക്ടറെ സഭയിൽ പിന്തുണച്ച് റവന്യുമന്ത്രി

By Web TeamFirst Published Feb 12, 2019, 12:08 PM IST
Highlights

ദേവികുളം സബ് കളക്ടര്‍ രേണുരാജ് അപമര്യാദയായി പെരുമാറിയെന്ന് എസ് രാജേന്ദ്രൻ സ്പീക്കര്‍ക്ക് പരാതി നൽകി. രേണുരാജ് ഫോണിലൂടെ മോശമായി പെരുമാറിയെന്നാണ് പരാതിയിൽ പറയുന്നത്. മൂന്ന് പതിറ്റാണ്ട് എംഎൽഎ ആയി ഇരുന്ന തന്നെ മോശം വാക്കുകൾ ഉപയോഗിച്ച് അധിക്ഷേപിച്ചെന്നും എസ് രാജേന്ദ്രൻ

തിരുവനന്തപുരം : ദേവികുളം സബ്കളക്ടര്‍ രേണുരാജിനെതിരെ പരാതിയുമായി എസ് രാജേന്ദ്രൻ എംഎൽഎ. സബ് കളക്ടര്‍ അപമര്യാദയായി പെരുമാറിയെന്ന് എസ് രാജേന്ദ്രൻ സ്പീക്കര്‍ക്ക് പരാതി നൽകി. രേണു രാജ് ഫോണിലൂടെ മോശമായി പെരുമാറിയെന്നാണ് രാജേന്ദ്രൻ സ്പീക്കര്‍ക്ക് നൽകിയ പരാതിയിൽ പറയുന്നത്. മൂന്ന് പതിറ്റാണ്ട് എംഎൽഎ ആയി ഇരുന്ന തന്നെ മോശം വാക്കുകൾ ഉപയോഗിച്ച് അധിക്ഷേപിച്ചെന്നും എംഎൽഎ സ്പീക്കര്‍ക്ക് നൽകിയ പരാതിയിൽ പറയുന്നുണ്ട്.

താൻ തന്‍റെ തുടങ്ങിയ വാക്കുകൾ ഉപയോഗിച്ചാണ് സബ്കളക്ടര്‍ സംസാരിച്ചതെന്ന് എംഎൽഎ പരാതിയിൽ പറയുന്നു. ഇത്തരം പരാതി കിട്ടിയാൽ അതാത് വകുപ്പുകൾക്ക് കൈമാറുന്നതാണ് സ്പീക്കറുടെ ഓഫീസിന്‍റെ കീഴ്വഴക്കം. സബ് കളക്ടര്‍ക്കെതിരെ എംഎൽഎ നൽകിയ പരാതി സ്പീക്കര്‍ റവന്യു വകുപ്പിന് കൈമാറും

മൂന്നാര്‍ വിവാദം പ്രതിപക്ഷം സബ്മിഷനായാണ് നിയമസഭയിലെത്തിച്ചത്. അനധികൃത നിര്‍മ്മാണം തടഞ്ഞ സബ് കളക്ടറുടെ നടപടിയെ റവന്യു മന്ത്രി പൂര്‍ണ്ണമായും പിന്തുണച്ചു. സബ്കളക്ടറുടേത് നിയമപരമായ നടപടിയാണെന്ന് വിശദീകരിച്ച റവന്യു മന്ത്രി ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിന് എത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞ ജനപ്രതിനിധികൾക്കെതിരെ നിലപാടെടുക്കുകയും ചെയ്തു. കയ്യേറ്റങ്ങൾക്കെതിരെ കര്‍ശന നടപടി സര്‍ക്കാറിന്‍റെ ഭാഗത്തു നിന്ന് ഉണ്ടാകുമെന്ന് റവന്യു മന്ത്രി ഇ ചന്ദ്രശേഖരൻ പറഞ്ഞു. 

click me!