
കോഴിക്കോട്: മെഡിക്കൽ കോളേജിൽ പ്രവേശനം നേടിയ എംബിബിഎസ് വിദ്യാർത്ഥികളിലെ ബിപിഎൽ വിഭാഗത്തിന് സർക്കാർ പ്രഖ്യാപിച്ച സ്കോളർഷിപ്പ് വിതരണം ചെയ്യുന്നില്ല. കഴിഞ്ഞ മൂന്ന് വർഷങ്ങളിലായി സർക്കാർ പിരിച്ച 27 കോടിയോളം രൂപ ഇനിയും വിതരണം ചെയ്ത് തുടങ്ങിയിട്ടില്ലെന്ന് വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നു. മാനദണ്ഡത്തിലെ അശാസ്ത്രീയത കാരണം ഓരോ വർഷവും വിരലിലെണ്ണാവുന്നവർ മാത്രമാണ് സ്കോളർഷിപ്പിന് അർഹത നേടുന്നതെന്ന പരാതിയും നിലനിൽക്കുന്നു.
2017-18 അധ്വയന വർഷത്തിൽ 14 കോടി രൂപയാണ് സ്കോളർഷിപ്പിനായി എൻആർഐ ക്വാട്ടയിലെ വിദ്യാർത്ഥികളിൽ നിന്നും സർക്കാർ പിരിച്ചെടുത്തത്. 202 വിദ്യാർത്ഥികൾ സ്കോളർഷിപ്പിന് അപേക്ഷ നൽകിയെന്നും വിവരാവകാശ രേഖകളിൽ നിന്ന് വ്യക്തമാകുന്നു.
എന്നാൽ സർക്കാർ മാനദണ്ഡപ്രകാരം പോയിന്‍റ് കണക്കാക്കുമ്പോൾ ഇവരിൽ പലരും സ്കോളർഷിപ്പിന് അർഹരല്ല. അതോടെ തുക വിതരണം ചെയ്യാൻ മാനദണ്ഡത്തിൽ മാറ്റം വരുത്തേണ്ട സാഹചര്യം ഉണ്ടായെങ്കിലും വർഷം രണ്ട് കഴിഞ്ഞിട്ടും തീരുമാനമായില്ല. മാനദണ്ഡ പ്രകാരം 30 പോയിന്‍റുകൾ കിട്ടുന്ന കുട്ടികൾക്കാണ് സ്കോളർഷിപ്പിന് അർഹത.
വീട് വെക്കാൻ ഭൂമിയില്ലാത്തവർ, പുറം പോക്കിൽ താമസിക്കുന്നവർ, സ്വന്തമായ വീടില്ലാത്തവർ, 500 മീറ്ററിനുള്ളിൽ കുടിവെള്ളം ലഭ്യമല്ലാത്തവർ, വൈദ്യുതി കണക്ഷൻ ഇല്ലാത്തവർ എന്നി വിഭാഗങ്ങൾക്കാണ് മാനദണ്ഡപ്രകാരം ഉയർന്ന മാർക്ക് കിട്ടുക.
2018-19 വർഷത്തിൽ പിരിച്ച 12 കോടി 75 ലക്ഷം രൂപയും വിതരണം ചെയ്യാതെ സർക്കാരിന്‍റെ കയ്യിലുണ്ട്. 2017ലെ തുക വിതരണം ചെയ്യുന്നതിനാവശ്യമായ നടപടി ക്രമങ്ങൾ അന്തിമ ഘട്ടിലാണെന്നാണ് എൻട്രൻസ് കമ്മീഷണർ എ ഗീതയുടെ മറുപടി.
അപേക്ഷകരുടെ വിവരങ്ങൾ പരിശോധിക്കാൻ ജില്ലാ കളക്ടർമാരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും. വിവരങ്ങൾ പഞ്ചായത്ത് തലത്തിൽ നിന്ന് പരിശോധിച്ച് വരണമെന്നും എൻട്രൻസ് കമ്മീഷണർ വിശദീകരിക്കുന്നു. ഇത്തരത്തിൽ ഇനി രണ്ട് ജില്ലകളിൽ നിന്ന് കൂടിയെ വിവരങ്ങൾ കിട്ടാൻ ബാക്കിയുള്ളൂ എന്നുമാണ് വിശദീകരണം.
സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ 2017ലാണ് ബിപിഎൽ വിഭാഗത്തിൽ പെടുന്ന വിദ്യാർത്ഥികൾക്ക് പഠന സൗകര്യം ഒരകുക്കുന്നതിനായി സംസ്ഥാന സർക്കാർ സ്കോളർഷിപ്പ് പ്രഖ്യാപിച്ചത്. എൻആർഐ ക്വാട്ടയിൽ പ്രവേശനം നേടുന്ന വിദ്യാർത്ഥികളിൽ നിന്നാണ് ബിപിഎൽ വിഭാഗത്തിന് സ്കോളർഷിപ്പ് നൽകുന്നതിനായുള്ള തുക കണ്ടെത്തേണ്ടത്. കഴിഞ്ഞ മൂന്ന് വിദ്യാഭ്യാസ വർഷങ്ങളിലായി എൻആർഐ വിദ്യാർത്ഥികളിൽ നിന്ന് ഈ തുക കൃത്യമായി പിരിക്കുന്നുമുണ്ട്.
ഈ ഫണ്ട് സർക്കാരിന് വക മാറ്റി ചെലവഴിക്കാനാവില്ലെന്ന് കോടതി വിധിയുണ്ട്. നിബന്ധനയിൽ മാറ്റം വരുത്തിയാൽ മാത്രമേ നിലവിലുള്ള ഫണ്ട് അർഹതയുള്ള മുഴുവൻ വിദ്യാർത്ഥികൾക്കും വിതരണം ചെയ്യാനാകു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam