
കൊച്ചി: ശബരിമലയുവതീപ്രവേശനത്തില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മസമിതി നടത്തിയ ഹര്‍ത്താലില്‍ ഉണ്ടായ നാശനഷ്ടങ്ങളുടെ ചിലവ് ശബരിമല കര്‍മസമിതിയുടെ നേതാക്കളില്‍ നിന്നും ഈടാക്കണമെന്ന് ഹൈക്കോടതി. യൂത്ത് കോണ്‍ഗ്രസ് ഹര്‍ത്താലിലെ നാശനഷ്ടങ്ങള്‍ക്കുള്ള പരിഹാരം അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസില്‍ നിന്നും കാസര്‍ഗോഡ് യുഡിഎഫ് ഭാരവാഹികളില്‍ നിന്നും ഈടാക്കണമെന്ന ഉത്തരവിനൊപ്പമാണ് ശബരിമല കര്‍മസമിതിയുടെ ഹര്‍ത്താലിലെ നഷ്ടവും ഭാരവാഹികളില്‍ നിന്ന് ഈടാക്കണം എന്ന് ഹൈക്കോടതി വ്യക്തമാക്കിയത്.
ജനുവരി മൂന്നിന് ശബരിമല കര്‍മസമിതി നടത്തിയ ഹര്‍ത്താലിലും അതിന് തൊട്ടുമുന്‍പേയുള്ള ദിവസവും ഉണ്ടായ അക്രമങ്ങളിലെ നാശനഷ്ടങ്ങളുടെ ചിലവ് കര്‍മസമിതി നേതാക്കളില്‍ നിന്നും ഈടാക്കാനാണ് ഹൈക്കോടതി നിര്‍ദേശിച്ചിരിക്കുന്നത്. സംസ്ഥാനത്ത് സമീപകാലത്തുണ്ടായ ഹര്‍ത്താലുകളിലെ നാശനഷ്ടങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.
ഫെബ്രുവരി 18-ന് നടന്ന യൂത്ത് കോണ്‍ഗ്രസ് ഹര്‍ത്താലില്‍ സംസ്ഥാനത്ത് 189 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതെന്നും ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായെന്നും കൃത്യമായ കണക്കുകള്‍ ശേഖരിച്ചു വരികയാണെന്നും സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഈ ഘട്ടത്തിലാണ് നഷ്ടമെത്രയാണോ അത് ഡീന്‍ കുര്യാക്കോസില്‍ നിന്നും കാസര്‍ഗോട്ടെ കോണ്‍ഗ്രസ് യുഡിഎഫ് ഭാരവാഹികളില്‍ നിന്നും ഈടാക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ച്. ഹര്‍ത്താലില്‍ അക്രമം നടത്തിയവര്‍ക്കെതിരെ കേസെടുക്കുന്ന സര്‍ക്കാര്‍ എന്തുകൊണ്ട് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തെവരെ തൊടുന്നില്ലെന്ന് ഹൈക്കോടതി ചോദിച്ചു.
യൂത്ത് കോണ്‍ഗ്രസ് ഹര്‍ത്താലിനിടെ രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ കേസുകളിലും ഡീന്‍ കുര്യാക്കോസിനേയും കാസര്‍കോട്ടെ കേസുകളില്‍ യുഡിഎഫ് ഭാരവാഹികളേയും പ്രതികളാക്കാനും ഹൈക്കോടതി നിര്‍ദേശിച്ചു. പ്രേരണാക്കുറ്റം ചുമത്തി വേണം നേതാക്കളെ കേസില്‍ പ്രതികളാക്കാനെന്നും ഹൈക്കോടതി വ്യക്തമാക്കി.
യൂത്ത് കോണ്‍ഗ്രസ് ഹര്‍ത്താലിനൊപ്പം ജനുവരി മൂന്നിന് നടന്ന ശബരിമല കര്‍മസമിതിയുടെ ഹര്‍ത്താലിന്‍റെ വിശദാംശങ്ങളും ഹൈക്കോടതിയില്‍ സര്‍ക്കാര്‍ സമര്‍പ്പിച്ചിരുന്നു. ഈ റിപ്പോര്‍ട്ടും പരിശോധിച്ച ഹൈക്കോടതി യൂത്ത് കോണ്‍ഗ്രസ് ഹര്‍ത്താലില്‍ എന്ന പോലെ ജനുവരി മൂന്നിലെ ഹര്‍ത്താലില്‍ ശബരിമല കര്‍മസമിതിയുടെ നേതാക്കള്‍ക്കെതിരേയും നടപടിഎടുക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.
ശബരിമല ഹർത്താലില്‍ സംസ്ഥാനത്ത് 990 കേസുകള്‍ റജിസ്റ്റര്‍ ചെയ്തുവെന്നാണ് ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ പറയുന്നത്. ഹര്‍ത്താലില്‍ വിവിധ കേസുകളിലായി 32,270 പേരെ പ്രതികളാക്കി. വിവിധ സ്ഥലങ്ങളിൽ ഉണ്ടായ അക്രമങ്ങളിൽ 150 പൊലീസുകാർക്ക് പരിക്കേറ്റു. 141 സാധാരണക്കാർക്കും 11 സർക്കാർ ഉദ്യോഗസ്ഥർക്കും പരിക്ക് പറ്റി. 38.52 ലക്ഷം രൂപയുടെ പൊതുമുതൽ നശിച്ചുവെന്നാണ് പ്രാഥമിക നിഗമനമെന്നും. ഒരു കോടിയിലേറെ രൂപയുടെ സ്വകാര്യ വസ്തുക്കള്‍ക്ക് നാശമുണ്ടായിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മൂന്നു കോടിയിലേറെ രൂപയുടെ നഷ്ടം കെഎസ്ആർടിസിക്ക് മാത്രമുണ്ടായെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്.
മുന്‍ പൊലീസ് മേധാവി ടിപി സെന്‍കുമാര്‍, ബിജെപി അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള, ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെപി ശശികല, മുന്‍പിഎസ്.സി അധ്യക്ഷന്‍ കെഎസ് രാധാകൃഷ്ണന്‍ തുടങ്ങിയവരാണ് ശബരിമല കര്‍മസമിതിയുടെ ഭാരവാഹികള്‍ എന്നാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഹര്‍ത്താലിനെതിരെ ഹൈക്കോടതിയില്‍ ഇന്ന് പരിഗണിച്ച മറ്റൊരു പൊതുതാത്പര്യ ഹര്‍ജിയിലും ഇവരുടെ പേരാണ് ഉണ്ടായിരുന്നത്.
ഹൈക്കോടതി ഉത്തരവ് അനുസരിച്ച് ഇവര്‍ക്കെതിരെ നടപടിയെടുത്താല്‍ വ്യാപക അക്രമമുണ്ടായ ഹര്‍ത്താലില്‍ രജിസ്റ്റര്‍ ചെയ്ത 990 കേസുകളിലും മുന്‍ഡിജിപി സെന്‍കുമാര്‍ അടക്കമുള്ളവര്‍ പ്രതിയാവുന്ന അവസ്ഥയുണ്ടാവും. കോടിക്കണക്കിന് രൂപ നഷ്ടപരിഹാരമായി നല്‍കേണ്ടിയും വരും. ശബരിമല കര്‍മസമിതിയെ ഏതൊക്കെ നേതാക്കളാവും നടപടി നേരിടേണ്ടി വരിക എന്ന് കോടതി ഉത്തരവിന്‍റെ വിശദാംശങ്ങള്‍ ലഭിച്ചാല്‍ മാത്രമേ അറിയൂ.
ശബരിമല കര്‍മസമിതിയുടെ മുഖ്യരക്ഷാധികാരി മാതാ അമൃതാനന്ദമയിയാണ്. കര്‍ണാടക ഹൈക്കോടതി റിട്ട.ജസ്റ്റിസ് എന്‍.കുമാറാണ് ദേശീയ അദ്ധ്യക്ഷന്‍. വിശ്വഹിന്ദുപരിഷത്ത് സംസ്ഥാന പ്രസിഡന്റ് എസ്.ജെ.ആര്‍.കുമാറാണ് സമിതി ജന.സെക്രട്ടറി. കാഞ്ചി ശങ്കരാചാര്യര്‍ വിജയേന്ദ്ര സരസ്വതി, പന്തളം കൊട്ടാരം രാജപ്രതിനിധി പി.ശശികുമാര്‍ വര്‍മ, ചിന്മയാ മിഷനിലെ സ്വാമി മിത്രാനന്ദജി, മദ്രാസ് ഹൈക്കോടതി റിട്ട. ജസ്റ്റിസ് എം.ജയചന്ദ്രന്‍, കൊളത്തൂര്‍ അദ്വൈതാശ്രമം മേധാവി സ്വാമി ചിദാനന്ദപുരി, കെപിഎംഎസ് സംസ്ഥാന പ്രസിഡന്റ് എന്‍.കെ.നീലകണ്ഠന്‍ മാസ്റ്റര്‍, കേരള വനിതാ കമ്മീഷന്‍ മുന്‍ അംഗം ഡോ.ജെ.പ്രമീളാ ദേവി, സംവിധായകന്‍ പ്രിയദര്‍ശന്‍, ന്യൂറോ സര്‍ജന്‍ ജെ.മാര്‍ത്താണ്ഡന്‍ പിള്ള തുടങ്ങിയവരും കമ്മിറ്റി അംഗങ്ങളാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam