കശ്മീരിനെ സ്വതന്ത്രമാക്കണമെന്ന് പോസ്റ്റര്‍; മലപ്പുറത്ത് രാജ്യദ്രോഹക്കുറ്റം ചുമത്തി വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തു

By Web TeamFirst Published Feb 22, 2019, 1:00 PM IST
Highlights

തീവ്ര ഇടതുപക്ഷ നിലപാടുള്ള റാഡിക്കല്‍ സ്റ്റുഡന്റ്സ് ഫോറം എന്ന സംഘടനയുടെ പ്രവര്‍ത്തകരാണിവര്‍. ബുധനാഴ്ചയാണ് ക്യാന്പസില്‍ പോസ്റ്റര്‍ പതിച്ചത്.

മലപ്പുറം: മലപ്പുറം ഗവ. കോളേജിലെ രണ്ട് വിദ്യാര്‍ത്ഥികളെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. കശ്മീരിനെ സ്വതന്ത്രമാക്കണമെന്ന പോസ്റ്റര്‍ കോളേജ് ക്യാന്പസില്‍ പതിച്ചതിനാണ് അറസ്റ്റ്. രണ്ടാം വര്‍ഷ ബി. കോം വിദ്യാര്‍ത്ഥി പന്തല്ലൂര്‍ സ്വദേശി റിന്‍ഷാദ്, ഒന്നാം വര്‍ഷ ഇസ്ലാമിക് ഹിസ്റ്ററി വിദ്യാര്‍ത്ഥി പാണക്കാട് സ്വദേശി മുഹമ്മദ് ഫാരിസ് എന്നിവരാണ് അറസ്റ്റിലായത്. 

തീവ്ര ഇടതുപക്ഷ നിലപാടുള്ള റാഡിക്കല്‍ സ്റ്റുഡന്റ്സ് ഫോറം എന്ന സംഘടനയുടെ പ്രവര്‍ത്തകരാണിവര്‍. ബുധനാഴ്ചയാണ് ക്യാന്പസില്‍ പോസ്റ്റര്‍ പതിച്ചത്. പ്രിന്‍സിപ്പലാണ് വിവരം മലപ്പുറം പൊലീസിനെ അറിയിച്ചത്. ഇന്നലെ വൈകിട്ട് റിൻഷാദിനെയും മുഹമ്മദ് ഫാരിസിനെയും കസ്റ്റഡിയിലെടുത്തു. രണ്ട് പേരെയും പൊലീസും സ്പെഷ്യല്‍ ബ്രാഞ്ചും ചോദ്യം ചെയ്തു. 

പുറമെ നിന്നുള്ള ആരുടെയെങ്കിലും പിന്തുണ വിദ്യാര്‍ത്ഥികള്‍ക്കുണ്ടോയെന്ന് അന്വേഷിച്ച് വരികയാണ്. ഇവരുടെ കോള്‍ ലിസ്റ്റും പരിശോധിക്കുന്നു. എസ്എഫ്ഐ അനുഭാവിയായിരുന്നു റിൻഷാദ് സംഘടനയ്ക്ക് തീവ്രത പോരെന്ന നിലപാട് സ്വീകരിച്ചാണ് നാല് മാസം മുന്പ് ആര്‍എസ്എഫ് രൂപീകരിച്ചത്. സംഘടനയ്ക്ക് പ്രവര്‍ത്തനാനുമതി തേടിയിരുന്നെങ്കിലും കോളേജ് അധികൃതര്‍ നല്‍കിയിരുന്നില്ല.

click me!