
ദില്ലി: ശബരിമല സ്ത്രീ പ്രവേശന കേസിൽ സുപ്രീംകോടതി ഭരണഘടന ബെഞ്ചിൽ ചൂടേറിയ വാദപ്രതിവാദങ്ങൾ തന്നെയാണ് നടന്നത്. വിധിയില്‍ സര്‍ക്കാറിന്‍റെയും ദേവസ്വം ബോര്‍ഡിന്‍റെയും വാദങ്ങളും പ്രതിവാദങ്ങളും ഇങ്ങനെ. സ്ത്രീപ്രവേശനത്തിന് എതിരെയുള്ള മുൻ നിലപാട് സംസ്ഥാന സര്‍ക്കാര്‍ തിരുത്തിയപ്പോൾ, തിരുത്തിയ നിലപാട് കോടതിയെ അറിയിക്കാൻ ദേവസ്വം ബോര്‍ഡിനായില്ല. ശാരീരികാവസ്ഥയുടെ പേരിൽ സ്ത്രീകളോട് വിവേചനം പാടില്ല എന്നതായിരുന്നു ഹര്‍ജി നൽകിയ യംങ് ലോയേഴ്സ് അസോസിയേഷന്‍റെ വാദം.
സ്ത്രീകളോടുള്ള വിവേചനം ഭരണഘടന വിരുദ്ധമാണെന്നും യംങ് ലോയേഴ്സ് അസോസിയേഷൻ വാദിച്ചു. ഹര്‍ജിക്കാരുടെ നിലപാടിനെ അനുകൂലിച്ച സംസ്ഥാന സര്‍ക്കാര്‍ സന്ന്യാസി മഠങ്ങൾ പോലെ ശബരിമല ക്ഷേത്രം പ്രത്യേക വിഭാഗത്തിൽപ്പെട്ട ക്ഷേത്രമല്ലെന്ന് വാദിച്ചു. ആര്‍ത്തവകാലത്ത് സ്ത്രീകളെ ക്ഷേത്രാരാധനയിൽ നിന്ന് വിലക്കുന്ന ചട്ടം മൂന്ന് ബി റദ്ദാക്കേണ്ട കാര്യമില്ല.
ആ ചട്ടം മാറ്റിവായിച്ചാൽ മതി എന്നും സംസ്ഥാന സര്‍ക്കാര്‍ വാദിച്ചു. സര്‍ക്കാര്‍ നിലപാടിനെ പുറത്ത് പിന്തുണച്ച ദേവസ്വം ബോര്‍ഡ് പക്ഷെ കോതിയിൽ മലക്കം മറിഞ്ഞു. സ്ത്രീ പ്രവേശനം ക്ഷേത്രാചാരങ്ങളുടെയും വിശ്വാസത്തിന്‍റെയും ലംഘനമാണ്, ശബരിമലയിലെ സവിശേഷ സാഹചര്യത്തിൽ കോടതിക്ക് ഇടപെടാനാകില്ല, 41 ദിവസത്തെ വ്രതശുദ്ധി പാലിക്കാൻ സ്ത്രീകൾക്ക് ആകില്ല തുടങ്ങിയ വാദങ്ങൾ നിരത്തി.
ഓരോ ക്ഷേത്രത്തിലെയും ആചാരങ്ങളും വിശ്വാസവും വ്യത്യസ്തമാണെന്നും ഇത് ഹിന്ദുവിശ്വാസത്തിലെ അവിഭാജ്യഘടകമാണെന്നും ശബരിമല തന്ത്രി വാദിച്ചു. കാലങ്ങളായി തുടരുന്ന ആചാരങ്ങളിൽ കോടതി ഇടപെടരുതെന്നായിരുന്നു പന്തളം രാജകുടുംബത്തിന്‍റെ വാദം.
സ്ത്രീകൾക്കുള്ള നിയന്ത്രണം നീക്കുന്നത് വിശ്വാസത്തിന് എതിരാണെന്നും പന്തളം രാജകുടുംബം ആവശ്യപ്പെട്ടു. 60 വര്‍ഷമായി തുടരുന്ന ആചാരങ്ങൾ വേണ്ടെന്ന് വെക്കാൻ സാധിക്കില്ല എന്ന് എൻഎസ്എസ് വാദിച്ചു. ഭരണഘടനയുടെ 25-2 അനുഛേദം ശബരിമലയുടെ കാര്യത്തിൽ പ്രസക്തമല്ല തുടങ്ങിയ വാദങ്ങൾ എൻഎസ്എസ് മുന്നോട്ടുവെച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam