വോട്ടിനായി ബിജെപി ഹേമാമാലിനിയെ കൊണ്ട് നൃത്തം ചെയ്യിപ്പിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ്

By Web TeamFirst Published Jan 27, 2019, 7:06 PM IST
Highlights

പ്രിയങ്ക ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശന പ്രഖ്യാപനത്തിന് ശേഷം ചില ബിജെപി നേതാക്കളും ലെെംഗിക ചുവയുള്ള പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. അതിനെ വിമര്‍ശിക്കുന്നതിനായി കോണ്‍ഗ്രസ് നേതാവ് അത്തരം പരാമര്‍ശങ്ങള്‍ ആവര്‍ത്തിക്കുകയാണുണ്ടായത്

ഭോപ്പാല്‍: സജീവ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച പ്രിയങ്ക ഗാന്ധിക്കെതിരെ ബിജെപി ആക്രമണം നടത്തുമ്പോള്‍ പ്രതിരോധിക്കാനിറങ്ങി പുലിവാല് പിടിച്ച് കോണ്‍ഗ്രസ് നേതാവ്. മധ്യപ്രദേശിലെ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സജ്ജന്‍ സിംഗ് നടത്തിയ വിവാദ പരാമര്‍ശത്തിനെതിരെ വലിയ പ്രതിഷേധങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളില്‍ അടക്കമുണ്ടാകുന്നത്.

പ്രിയങ്ക ഗാന്ധിയെ പോലെ സൗന്ദര്യമുള്ള നേതാവില്ലാത്തത് ബിജെപിയുടെ നിര്‍ഭാഗ്യമാണ്. അവര്‍ക്ക് ആകെയുള്ളത് ഹേമാമാലിനിയാണ് ആണ്. കുറച്ച് വോട്ട് പിടിക്കാനായി രാജ്യത്ത് മുഴുവന്‍ ഹേമാമാലിനിയെ കൊണ്ട് ബിജെപി നൃത്തം ചെയ്യിപ്പിക്കുമെന്നും സജ്ജന്‍ സിംഗ് പറഞ്ഞു.

പ്രിയങ്ക ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശന പ്രഖ്യാപനത്തിന് ശേഷം ചില ബിജെപി നേതാക്കളും ലെെംഗിക ചുവയുള്ള പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. അതിനെ വിമര്‍ശിക്കുന്നതിനായി കോണ്‍ഗ്രസ് നേതാവ് അത്തരം പരാമര്‍ശങ്ങള്‍ തന്നെ  ആവര്‍ത്തിക്കുകയാണുണ്ടായത്. ബിജെപിക്ക് ആകര്‍ഷകമായ മുഖമുള്ള ആരും പാര്‍ട്ടിയിലില്ലെന്ന് പറഞ്ഞ് ഒരുപടി കൂടെ കടന്ന സജ്ജന്‍ സിംഗിന്‍റെ പരാമര്‍ശം കോണ്‍ഗ്രസിന് തലവേദനയായിട്ടുണ്ട്.

ഇത്രയും സൗന്ദര്യമുള്ളയാളായി പ്രിയങ്കയെ സൃഷ്ടിച്ചതിന് ദെെവത്തെ അഭിനന്ദിക്കണം. ആളുകളോടുള്ള സ്നേഹവും ബഹുമാനവുമാണ് പ്രിയങ്കയുടെ സൗന്ദര്യം സൂചിപ്പിക്കുന്നത്. സ്വയം താഴ്ത്തപ്പെടുന്ന വാക്കുകള്‍ ബിജെപി നേതാക്കള്‍ ഉപയോഗിക്കരുതെന്നും സജ്ജന്‍ പറഞ്ഞു. നേരത്തെ, 'ചോക്ലേക്ക് ഫേസ്' എന്നാണ് പ്രിയങ്കയെ ബിജെപി നേതാവ് കെെലാഷ് വിജയവര്‍ഗിയ വിശേഷിപ്പിച്ചത്.

കരുത്തന്മാരായ നേതാക്കളെല്ലാം മരിച്ചതിനാല്‍ ലോക്സഭ തെരഞ്ഞെടുപ്പിനായി ഒരു ചോക്ലേറ്റ് ഫേസിനെ കോണ്‍ഗ്രസിന് ആശ്രയിക്കേണ്ടി വന്നു. കോണ്‍ഗ്രസിന് ആത്മവിശ്വാസമുള്ള നേതാക്കള്‍ ആരുമില്ല. അതുകൊണ്ട് ഈ ചോക്ലേറ്റ് ഫേസിനോടൊക്കെ തെരഞ്ഞെടുപ്പില്‍ പോരടിക്കേണ്ടി വരികയാണെന്നും  കെെലാഷ് വിജയവര്‍ഗിയ പറഞ്ഞു. ആകര്‍ഷകമായ മുഖങ്ങള്‍ കൊണ്ട് തെരഞ്ഞെടുപ്പില്‍ വോട്ട് പിടിക്കാനാകില്ലെന്നായിരുന്നു ബീഹാര്‍ മന്ത്രി വിനോദ് നാരായണിന്‍റെ പ്രസ്താവന. 

click me!