സിബിഐ അന്വേഷണം വേണം; സനൽ കുമാറിന്‍റെ ഭാര്യ ഹൈക്കോടതിയിലേക്ക്

By Web TeamFirst Published Nov 10, 2018, 8:10 PM IST
Highlights

സനല്‍ കുമാറിന്‍റ ഭാര്യക്ക് ജോലി നല്‍കണമെന്ന് ആവശ്യത്തിലാണ് പൊലീസ്. ഇത് സംബന്ധിച്ച് ഡിജിപി ലോക്നാഥ് ബെഹ്റ മുഖ്യമന്ത്രിക്ക് ശുപാര്‍ശ നല്‍കി. ഡിവൈഎസ്പി പ്രതിയായ കേസിലാണ് ഡിജിപിയുടെ നടപടി. സനല്‍ കുമാറിന്‍റെ ഭാര്യക്ക് ജോലി നല്‍കണമെന്ന കുടുംബത്തിന്‍റെ അപേക്ഷയിലാണ് ഡിജിപി മുഖ്യമന്ത്രിക്ക്  ശുപാര്‍ശ നല്‍കിയത്

തിരുവനന്തപുരം: ഡിവൈഎസ്പി ബി.ഹരികുമാര്‍ റോഡിലേക്ക് തള്ളിയിട്ട് കൊന്ന സനല്‍ കുമാറിന്‍റ ഭാര്യ ഹൈക്കോടതിയിലേക്ക്. കേസന്വേഷണം സിബിഐ ഏറ്റടുക്കുക്കണം അല്ലെങ്കില്‍ കോടതിയുടെ മേൽനോട്ടത്തിലുള്ള അന്വേഷണമോ വേണമെന്നതാണ് സനലിന്‍റെ ഭാര്യയുടെ ആവശ്യം. തിങ്കളാഴ്ച അപേക്ഷ സമർപ്പിക്കും.

അതേസമയം സനല്‍ കുമാറിന്‍റ ഭാര്യക്ക് ജോലി നല്‍കണമെന്ന് ആവശ്യത്തിലാണ് പൊലീസ്. ഇത് സംബന്ധിച്ച് ഡിജിപി ലോക്നാഥ് ബെഹ്റ മുഖ്യമന്ത്രിക്ക് ശുപാര്‍ശ നല്‍കി. ഡിവൈഎസ്പി പ്രതിയായ കേസിലാണ് ഡിജിപിയുടെ നടപടി. സനല്‍ കുമാറിന്‍റെ ഭാര്യക്ക് ജോലി നല്‍കണമെന്ന കുടുംബത്തിന്‍റെ അപേക്ഷയിലാണ് ഡിജിപി മുഖ്യമന്ത്രിക്ക്  ശുപാര്‍ശ നല്‍കിയത്.

സനലിനെ ആക്രമിച്ചയിടത്ത് മക്കളുമായി സമരമിരിക്കുമെന്നും മരണം വരെ സമരം തുടരുമെന്നും സനലിന്‍റെ ഭാര്യ വിജി ഇന്നലെ പറഞ്ഞിരുന്നു. അറസ്റ്റ് ഇനിയും വൈകിയാൽ സെക്രട്ടറിയറ്റിന് മുന്നിൽ സത്യാഗ്രഹ സമരം നടത്തുമെന്ന് സനലിന്‍റെ സഹോദരിയും ഇന്നലെ പ്രതികരിച്ചിരുന്നു. പ്രതിയെ പിടികൂടുന്നതിനൊപ്പം കുടംബത്തിന് നഷ്ടപരിഹാരവും സനലിന്‍റെ ഭാര്യക്ക് ജോലിയും ആക്ഷൻ കൗൺസിൽ ആവശ്യപ്പെട്ടിരുന്നു. അടുത്ത ബുധനാഴ്ചത്തെ മന്ത്രിസഭാ യോഗത്തിൽ അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ വ്യാഴാഴ്ച മുതൽ സെക്രട്ടേറിയറ്റിന് മുന്നിൽ സനലിന്‍റെ ഭാര്യയും മക്കളും സത്യാഗ്രഹം തുടരാനാണ് പദ്ധതി. 

സംഭവം നടന്ന് ആറു ദിവസമായിട്ടും പ്രതിയായ  ബി.ഹരികുമാറിനെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. ഹരികുമാര്‍ പൊലീസില്‍ കീഴടങ്ങുമെന്ന സൂചനകള്‍ നേരത്തേ ലഭിച്ചിരുന്നെങ്കിലും ഇതിന് സാധ്യതയില്ലെന്നാണ് ഇപ്പോള്‍ പൊലീസ് വ്യക്തമാക്കുന്നത്. ഹരികുമാറും സുഹൃത്തായ ബിനുവും ഒരുമിച്ചാണ് ഒളിവിൽ സഞ്ചരിക്കുന്നതെന്നാണ് ഒടുവിലായി ക്രൈംബ്രാഞ്ച് പുറത്തുവിട്ടിരിക്കുന്ന വിവരം. ഹരികുമാറിന്‍റെ സഹോദരനോട് ക്രൈംബ്രാഞ്ച് ഓഫീസിലെത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്. 

ഹരികുമാറിന് സേനയ്ക്കുള്ളില്‍ നിന്ന് സഹായം കിട്ടുന്നുണ്ടെന്നും പൊലീസിലുള്ള വിശ്വാസം ഓരേ ദിവസവും കുറയുകയാണെന്നും സനല്‍കുമാറിന്‍റെ സഹോദരി പറഞ്ഞു. നിലവിലെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റണമെന്ന ആവശ്യവും ബന്ധുക്കളില്‍നിന്ന് ഉയരുന്നുണ്ട്. 

click me!